വെള്ളറട: കാറ്റടിച്ചാൽ പൊടി പടലം; മഴയെത്തിയാൽ ഉറപ്പായി അപകടവും. പണികൾ നിശ്ചലമായ കത്തിപ്പാറ-പന്നിമല-കൂതാളി റിങ് റോഡിന്റെ അരികിൽ താമസിക്കുന്നവരുടെ ഒരു വർഷത്തിലേറെയായിട്ടുള്ള ദീനരോദനമാണിത്. രണ്ട് വർഷം മുമ്പ് തുടങ്ങിയ ഈ റിങ് റോഡിന്റെ പണികൾ വൈകുകയാണ്.

മലയോരത്തെ പ്രധാന ഇടറോഡുകളിൽ ഒന്നായ ഇതിന്റെ പണികൾ 2018 ജനുവരിയിലാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 6.14 കോടി രൂപ മുടക്കിയാണ് കത്തിപ്പാറ മുതൽ കൂതാളിയിലേക്കു നീളുന്ന നാല്‌ കിലോമീറ്റർ റോഡിന്റെ നവീകരണം നടത്തുന്നത്. ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കുമെന്നായിരുന്നു നിർമാണോദ്ഘാടന വേളയിൽ അധികൃതരുടെ ഉറപ്പ്. തുടക്കത്തിൽ പണികൾ വേഗത്തിൽ നടന്നു. പ്രധാന കരാറുകാരൻ പണികൾ ഉപ കരാറുകാരെ ഏൽപ്പിച്ചതാണ് വൈകുന്നതിനു കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പ്രതികൂല കാലാവസ്ഥയും നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ചു.

ഇക്കാരണത്താൽ കത്തിപ്പാറ ക്ഷേത്രത്തിനു സമീപത്തുള്ള മണ്ണിടിച്ചിൽ പരിഹരിക്കുവാനോ ഓടകളുടെയും പാർശ്വഭിത്തികളുടെയും നിർമാണം പലയിടത്തും പൂർത്തിയാക്കുവാനോ ആയില്ല.

ഇടയ്ക്കിടെ പണി നിലച്ചത് നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. റോഡിൽ പാകിയ പാറക്കഷണങ്ങൾ മഴയത്ത് ഇളകിക്കിടക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിലെ പൊടിപടലം നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നു. രാത്രിയിലും മറ്റ് അത്യാവശ്യ സാഹചര്യത്തിൽപ്പോലും വാഹനം കിട്ടാത്ത സ്ഥിതിയാണ്. തോടുകൾ അടഞ്ഞതിനാൽ മഴയത്ത് വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നു. ലോക്ഡൗണിന് മുമ്പ് ടാറിങ്ങിന്റെ ഭാഗമായി എമൽഷൻ നിറച്ച ബാരലുകൾ ഇറക്കി വച്ചിട്ടുണ്ട്. അതിൽ ചിലത് മറിഞ്ഞുവീണ് മിശ്രിതം പാഴായി ഒഴുകിയനിലയിലുമാണ്.

റോഡുപണി എത്രയും പെട്ടെന്നു തുടങ്ങണം

റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ചല്ലിയിളകിക്കിടക്കുന്ന റോഡിൽ ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിന്റെ സമീപത്തെ ക്ഷേത്രത്തിന്റെ മതിൽ പൊളിച്ച് മാറ്റിയത് പുനർനിർമിക്കാത്തതും അപകടക്കെണിയാകുന്നു. എത്രയുംവേഗം പണികൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണം.

കത്തിപ്പാറ ശ്രീകുമാർ,

പ്രദേശവാസി

ലോക്ഡൗണും കാലാവസ്ഥയും പ്രതികൂലമായി

ലോക്ഡൗൺ ഇളവുകളെത്തുടർന്ന് കത്തിപ്പാറ-കൂതാളി-പന്നിമല റിങ് റോഡിന്റെ പണികൾ ഉടനെ തുടങ്ങാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കേന്ദ്രത്തിൽനിന്നാണ് ടാറിങ്ങിന് ആവശ്യമായ മിശ്രിതം കൊണ്ടുവരേണ്ടത്. അതിർത്തി റോഡികൾ മണ്ണിട്ട് അടച്ചിട്ടിരിക്കുന്നതിനാലും അവിടെനിന്ന് കൊണ്ടുവരാനുള്ള അനുമതി കിട്ടുന്നത് വൈകുന്നു. അവ കിട്ടുന്ന മുറയ്ക്ക് സാധനങ്ങൾ എത്തിച്ച് പണികൾ തുടങ്ങും.

സി.കെ.ഹരീന്ദ്രൻ, എം.എൽ.എ.

കുരിശുമല

വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ പന്നിമല, കൂതാളി, കാക്കതൂക്കി വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് കുരിശുമല തീർഥാടന കേന്ദ്രത്തെ ബന്ധിപ്പിക്കുന്നു. തീർഥാടന വേളയിൽ തിരക്കുള്ള സമയത്ത് സംഗമവേദിക്കു സമീപം ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ വൺവേയായി ഉപയോഗിക്കാനും ലക്ഷ്യമിട്ടിരുന്നു. കുലശേഖരം, തിരുവട്ടാർ, കളിയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുവർക്ക് ഈ റോഡിലൂടെ എളുപ്പമാർഗത്തിൽ തീർഥാടനകേന്ദ്രത്തിലെത്താൻ കഴിയും. പ്രദേശവാസികൾക്കു പ്രധാന റോഡുകളിൽ പെട്ടെന്ന് എത്തുന്നതിന് ഈ റോഡ് ഉപകരിക്കും.