തിരുവനന്തപുരം : ജാഗ്രതയ്ക്കും വിലക്കുകൾക്കും ഇടയിലും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ഒരാൾ രോഗംബാധിച്ച് മരിച്ചു.

ശനിയാഴ്ച 259 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. നെടുമങ്ങാട് സ്വദേശിയായ 62കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച ജില്ലയിലെ രോഗികളുടെ എണ്ണം 320 ആയിരുന്നു. ശനിയാഴ്ച രോഗം കണ്ടെത്തിയ 259 പേരിൽ 235 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നഗരത്തിലെ പ്രധാന ഇടമായ പട്ടത്താണ് ശനിയാഴ്ച ഏറ്റവുമധികം രോഗികളെ കണ്ടെത്തിയത്. 17 പേർക്കാണ് പട്ടത്ത് രോഗം സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങ്, തുമ്പ മേഖലയിലും ശനിയാഴ്ച രോഗികളുടെ എണ്ണം ഉയർന്നു. 14 േപർക്കുവീതമാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

പാറശ്ശാലയിൽ 12 പേർക്കും നെയ്യാർഡാമിൽ 11 പേർക്കും വലിയതുറയിൽ 10 പേർക്കും രോഗം കണ്ടെത്തി. പത്തുപേർക്കാണ് ഉറവിടം വ്യക്തമാകാതെ രോഗം സ്ഥിരീകരിച്ചത്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേർക്കും രോഗം സ്ഥിരീകരിച്ചു.

പത്തുവയസ്സിനു താഴെയുള്ള 12 കുട്ടികൾക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച രോഗം കണ്ടെത്തിയത്. മൂന്നുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെയാണിത്.