മലയിൻകീഴ് : കുന്നിടിച്ചിൽമൂലം മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായ സംഭവത്തിൽ സംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനം. മലയിൻകീഴ് ഇരട്ടക്കലുങ്കിനു സമീപമാണ് ഞായറാഴ്ച രാത്രി മണ്ണിടിഞ്ഞുവീണ് കുന്നിൻമുകളിലെ വീടുകൾ അപകടാവസ്ഥയിലായത്.

ചൊവ്വാഴ്ച ഇതുസംബന്ധിച്ച വാർത്ത വന്നതിനു പിന്നാലെ റവന്യു അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടിയെടുക്കാൻ തീരുമാനിച്ചു. മലയിൻകീഴ് പഞ്ചായത്ത് വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ അപകടാവസ്ഥയിലായ വീടുകളുടെ ഉടമകളും വീടു നിർമിച്ചുനൽകിയവരും കുന്നിനു താഴെയുള്ള ഭൂമിയുടെ ഉടമസ്ഥരും പങ്കെടുത്തു.

തുടർന്ന് ഇവരുടെ സഹകരണത്തിൽ ഉറപ്പുള്ള സംരക്ഷണഭിത്തി നിർമിച്ച് വീടുകളുടെ അപകടാവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചു.

മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, വൈസ് പ്രസിഡന്റ് സുരേഷ്ബാബു, പഞ്ചായത്ത് അംഗം ഒ.ജി.ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ബിന്ദുരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാട്ടാക്കട തഹസീൽദാർ സജി എസ്.കുമാർ അപകടസ്ഥലത്തെത്തി.