മാറനല്ലൂർ : വീണ്ടും വാടകക്കെട്ടിടമന്വേഷിച്ച് മാറനല്ലൂർ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ നെട്ടോട്ടമോടുന്നു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അസൗകര്യമാണ് വീണ്ടും മറ്റൊരു കെട്ടിടമന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. മാറനല്ലൂർ ആരോഗ്യകേന്ദ്രത്തിനു സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മൂലക്കോണത്തിന് സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് മാറിയിട്ട് കഷ്ടിച്ച് അഞ്ച് മാസമേ ആയിട്ടുള്ളൂ. ആരോഗ്യകേന്ദ്രത്തിനു സമീപം പ്രവർത്തിച്ചിരുന്ന സ്ഥലത്തെ പരിസരവാസികളും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ സംഘട്ടനങ്ങളുമാണ് അവിടെനിന്നു മാറാനും മൂലക്കോണത്തിനു സമീപമുള്ള കെട്ടിടം തിരഞ്ഞെടുക്കാനും കാരണമായത്.

മൂലക്കോണത്തുള്ള കെട്ടിടം തിരഞ്ഞെടുത്ത സമയത്ത് ഓഫീസിലെ ഒരു വിഭാഗം ജീവനക്കാർ സ്ഥലസൗകര്യം കുറവെന്ന പേരിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാറനല്ലൂരിൽ മറ്റൊരിടത്തും കെട്ടിടം ഇല്ലാത്തതിനെ തുടർന്നാണ് മൂലക്കോണത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. കെ.എസ്.ഇ.ബി. ഓഫീസിനു സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുവേണ്ടി പഞ്ചായത്ത് കമ്മിറ്റിയിൽ സ്ഥലം വിട്ടുനൽകിയെങ്കിലും ബന്ധപ്പെട്ട മറ്റു നടപടികൾ താലൂക്ക് ഓഫീസിൽ തന്നെ കിടക്കുന്നതാണ് കെ.എസ്.ഇ.ബി.ക്ക് സ്വന്തമായി കെട്ടിടമെന്ന ആവശ്യം നീണ്ടുപോകുന്നതും.

എന്നാൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മെല്ലപ്പോക്കാണ് കാര്യങ്ങൾ നടക്കാത്തതെന്നും ആക്ഷേപമുണ്ട്. പലപ്പോഴായുള്ള ഓഫീസിന്റെ മാറ്റത്തിൽ വലയുന്നത് ഉപഭോക്താക്കളാണ്. അടുത്ത് ഇനി എവിടെയാകുമെന്നാണ് ഉപഭോക്താക്കൾ തിരക്കുന്നത്.