നഗരൂർ : വെള്ളല്ലൂർ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയിൽ മോഷണം നടന്നു. ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ മൂന്ന് വാതിലുകൾ തകർത്തിട്ടുണ്ട്. ശ്രീകോവിലിന്റെയും ഗർഭഗൃഹത്തിന്റെയും വാതിലുകൾ പൊളിച്ചു.

ഉപദേവാലയങ്ങളുടെ വാതിലുകളും കുത്തിത്തുറന്നു. ഓഫീസ്‌ മുറിയുടെ പൂട്ട് പൊളിച്ചു. അലമാരയും മേശയും കുത്തിപ്പൊളിച്ചു. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയുടെ നാണയങ്ങൾ നഷ്ടമായി.

അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകളുൾപ്പെടെ എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചെടുത്ത് നാലമ്പലത്തിനുള്ളിലെ കിണറ്റിൽ നിക്ഷേപിച്ചിരുന്നു. പോലീസിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഇതു കണ്ടെടുത്തു. ക്ഷേത്രത്തിന്റെ വാതിലുകൾക്കെല്ലാം സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്.

നാല്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ നഗരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ക്ഷേത്രജീവനക്കാരെത്തുമ്പോഴാണ് വാതിലുകൾ തുറന്നുകിടക്കുന്നതു കാണുന്നത്. ഉടൻതന്നെ നഗരൂർ പോലീസിനെ വിവരം അറിയിച്ചു. നഗരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പച്ചക്കറി മോഷണം പോയി

വക്കം : നിലയ്ക്കാമുക്ക് ചന്തയിലെ കടകളിൽനിന്നു പച്ചക്കറി മോഷണം പോയി. നിലയ്ക്കാമുക്ക് പൂച്ചെടിവിളയിൽ ശ്യാമളയുടെ 18000 രൂപയുടെ പച്ചക്കറിയും കാഞ്ഞിരംവിള സ്വദേശി ഉഷയുടെ കടയിൽനിന്ന്‌ അയ്യായിരം രൂപയുടെ പച്ചക്കറിയുമാണ് മോഷണം പോയത്.

മുൻപും കടകളിൽനിന്ന് ഇത്തരത്തിൽ പച്ചക്കറി മോഷണം പോയിരുന്നതായി ഇവർ പറഞ്ഞു. കച്ചവടക്കാർ പച്ചക്കറി പതിവായി ഇവിടെയാണ് സൂക്ഷിക്കുന്നതെന്ന വിവരം അറിഞ്ഞാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് സൂചന. കച്ചവടക്കാർ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. ശക്തമായ മഴയിൽ നിലയ്ക്കാമുക്ക് ചന്തയുടെ ഒരുഭാഗം പൊളിഞ്ഞുവീണിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ ചന്തയ്ക്കുള്ളിൽ കടന്ന് പച്ചക്കറി മോഷ്ടിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.