കാട്ടാക്കട : കണ്ടക്ടർമാരില്ലാത്തതിനാൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നുള്ള സർവീസുകൾ കുറയുന്നു. ചൊവ്വാഴ്ച ആകെ 37 സർവീസുകളാണ് ഇവിടെനിന്നു നടത്താനായത്. സർവീസുകളുടെ എണ്ണം കുറയുന്നതു യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്.

ഇന്നുള്ള സർവീസ് നാളെ കാണില്ല എന്ന സ്ഥിതിയാണ്. മുന്നറിയിപ്പില്ലാതെയാണ് സർവീസുകൾ റദ്ദ് ചെയ്യുന്നത്.

രാത്രിയായാൽ ബസില്ലാത്ത അവസ്ഥയാണ്. 64 ഷെഡ്യൂളുകൾ നടന്നിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സർവീസുകൾ ആരംഭിച്ചപ്പോൾ 43 ഷെഡ്യൂളുകൾ വരെയാണ് ഓടിയിരുന്നത്. ഏഴുലക്ഷത്തോളം രൂപയുടെ കളക്ഷനും നേടിയിരുന്നു. കണ്ടക്ടർമാരുടെ കുറവു കാരണം ഈ സർവീസുകൾ പോലും നടത്താനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

സിറ്റി സർക്കുലർ സർവീസുകൾ ആരംഭിച്ചതോടെ കുറച്ച്‌ കണ്ടക്ടർമാരെ നഗരത്തിലേക്കു മാറ്റി. നിലവിൽ 45 കണ്ടക്ടർമാരാണുള്ളത്. ഇതിൽ പകുതിയോളം പേർ വനിതകളാണ്. പത്തിലേറെ പേർ ദിവസവും വിവിധ കാരണങ്ങളാൽ അവധിയിലായിരിക്കും. ബാക്കിയുള്ളവരെ വെച്ചാണ് സർവീസുകൾ നടത്തേണ്ടത്.

കൊല്ലം പോലുള്ള ജില്ലകളിൽ കണ്ടക്ടർമാർ അധികമാണെന്നാണ്‌ ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.

ഇവരെ പുനർക്രമീകരിച്ചാൽ കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാനാകും. കോഴിക്കോട് ജില്ലയിൽ നിന്നുൾപ്പെടെയുള്ള ഡ്രൈവർമാർ കാട്ടാക്കടയിൽ ജോലിചെയ്യുന്നുണ്ട്.

കാട്ടാക്കടയിലെ യാത്രാപ്രശ്നം പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. അടക്കമുള്ളവർക്ക് യാത്രക്കാർ പരാതി നൽകി.

ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം ദീർഘദൂര ബസുകൾ ഓടിക്കുന്നതിനാണ് അധികൃതർ മത്സരിക്കുന്നത് എന്നും ആക്ഷേപമുണ്ട്.