വർക്കല : ഇലകമൺ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം വർധിക്കുന്നു. നിരവധിപേർക്കാണ് ഇവയുടെ കടിയേൽക്കുന്നത്. കളത്തറ, ഇലകമൺ, അയിരൂർ, വില്ലിക്കടവ്, കരവാരം തുടങ്ങി പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും തെരുവുനായശല്യമുണ്ട്.

അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) പദ്ധതിപ്രകാരം തെരുവുനായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സൗകര്യം വർക്കല താലൂക്കിൽ ഇലകമൺ മൃഗാശുപത്രിയിൽ മാത്രമാണുണ്ടായിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുവരെ നായകളെ ഇവിടെത്തെ സർജിക്കൽ ബ്ലോക്കിലെത്തിച്ചാണ് വന്ധ്യംകരിച്ചിരുന്നത്. ഇങ്ങനെ കൊണ്ടുവന്ന തെരുവുനായകൾ പലതും കൂട്ടിൽനിന്നും ചാടിപ്പോയിരുന്നു.

മറ്റു സ്ഥലങ്ങളിൽനിന്നും കൊണ്ടുവന്ന നായകളെ ഇലകമൺ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പഞ്ചായത്തിൽ തെരുവുനായകൾ പെരുകുന്നതിനു കാരണമായി. എ.ബി.സി. പദ്ധതി പഞ്ചായത്തിൽ ഇപ്പോൾ നിർത്തിവച്ചിരിക്കയാണ്.