വിതുര : ജലസേചന സംവിധാനത്തിനൊപ്പം വിനോദസഞ്ചാര സാധ്യതകളും ഒരുമിക്കുന്ന പേപ്പാറ ജലസംഭരണി സംരക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യം. ചെറിയ മഴയത്തു പോലും വെള്ളം നിറഞ്ഞ് അണയുടെ ഷട്ടർ തുറക്കേണ്ട അവസ്ഥയാണ്. സംഭരണശേഷിക്ക് തടസ്സമായി അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണൽ കോരിമാറ്റണമെന്നും അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂ. പൊടിയക്കാല ഊര് ഉൾപ്പെടുന്ന ആദിവാസി മേഖല സ്ഥിതി ചെയ്യുന്നത് സംഭരണിയുടെ സമീപമാണ്. പ്രദേശത്തിന്റെ പല ഭാഗങ്ങളും ഇപ്പോൾത്തന്നെ ജലനിരപ്പിൽ നിന്നും താഴെയാണ്. അണക്കെട്ടിനോടു ചേർന്ന വനമേഖലയിൽ അപൂർവമായ ഔഷധസസ്യങ്ങൾ ധാരാളമുണ്ട്.
ഉയരം കൂട്ടുന്നത് ഇവയുടെ നാശത്തിനു കാരണമാകുമെന്ന് വനം വകുപ്പ് പറയുന്നു. ആന, കാട്ടുപോത്ത്, പന്നി, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ സങ്കേതംകൂടിയാണ് പേപ്പാറയിലെ വനം. വന്യജീവി സംരക്ഷണവും പരിഹരിക്കേണ്ട പ്രധാന പ്രശ്‌നമാണ്. മലയോര വിനോദസഞ്ചാര മേഖല എന്ന നിലയിലും പേപ്പാറയ്‌ക്ക് പ്രാധാന്യമുണ്ട്. കോവിഡിന് മുമ്പ് അവധിദിനങ്ങളിൽ പേപ്പാറയിലെത്തിയിരുന്നത് നൂറുകണക്കിനു സന്ദർശകരാണ്. വിശേഷദിവസങ്ങളിൽ എണ്ണം കൂടും. സവിശേഷ കാലാവസ്ഥയും അണക്കെട്ടിന്റെ സൗന്ദര്യവും പേപ്പാറയെ ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു. എന്നാൽ, പരിമിതികളിൽപ്പെട്ട് നട്ടംതിരിയുകയാണ് ഈ വന്യജീവിസംരക്ഷണ കേന്ദ്രം.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് പേപ്പാറ. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ബോട്ടുകളും ചങ്ങാടങ്ങളും ട്രക്കിങ്ങുമെല്ലാം ഇവിടെയുള്ള ബോർഡുകളിൽ മാത്രമൊതുങ്ങുന്നു. ഒന്നുപോലും പ്രവർത്തനക്ഷമമല്ല. സഞ്ചാരികൾക്കായി ഏറുമാടങ്ങളുമൊരുക്കിയിട്ടുണ്ട്. അണക്കെട്ടിൽ വെള്ളം പൊങ്ങിയാൽ ഇവ വെള്ളത്തിനടിയിലാകും. പിന്നെ മാസങ്ങളോളം ആർക്കും ഏറുമാടങ്ങളിലേക്കു കയറാനാകില്ല.
ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ അണക്കെട്ടാണ് പേപ്പാറയിലേത്. 1983 ൽ കമ്മിഷൻ ചെയ്ത ഇവിടം അരുവിക്കരയുടെ അപ്പർഡാമാണ്. തലസ്ഥാനത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായാണ് അണക്കെട്ട് നിർമിച്ചത്.