ചിറയിൻകീഴ് : കിഴുവിലം, അഴൂർ, ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറയിൻകീഴ് മേഖലയിൽ വാർഡുതലങ്ങളിൽ തിരഞ്ഞെടുപ്പ് മത്സരം കൂടുതൽ വൈകാരികതലത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലും മുന്നണി സ്ഥാനാർഥികൾ വിമതരുമായുള്ള കടുത്ത മത്സരത്തിനാണ് ഒരുങ്ങുന്നത്.
ചിറയിൻകീഴിൽ താരതമ്യേന കുറവെങ്കിലും കിഴുവിലത്തും അഴൂരിലേയും വിമതപ്പട വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരുപോലെ തലവേദനയാകുന്നുണ്ട്. കിഴുവിലത്ത് കോൺഗ്രസ് വിമതർ പ്രത്യേക ഫോറം രൂപവത്കരിച്ചാണ് മത്സരത്തെ നേരിടുന്നത്.
ഇടതുമുന്നണിയിൽ ഘടകകക്ഷിയായ സി.പി.ഐ.യിൽ നിലപാടുകളിൽ അതൃപ്തി രേഖപ്പെടുത്തി പുറത്ത് പരസ്യനിലപാടെടുക്കുന്ന അംഗങ്ങൾ പാർട്ടിയ്ക്ക് പ്രശ്‌നം സൃഷ്ടിയ്ക്കുന്നു.
ബി.ജെ.പി.യിൽ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നത്.
ഇക്കാര്യം കൊണ്ടുതന്നെ ചിറയിൻകീഴ് മേഖലയിൽ എല്ലാ മുന്നണികൾക്കും അക്ഷരാർഥത്തിൽ ഈ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്.
ആൽത്തറരാഷ്ട്രീയം...അഴൂരിൽ ഒന്നും എളുപ്പമല്ല
വിമതശല്യം ഏറെയുള്ള അഴൂരിൽ ഭരണം പിടിക്കാൻ കോൺഗ്രസും വ്യക്തമായ ലീഡിന് എൽ.ഡി.എഫും വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി.യും രംഗത്തുണ്ട്. 2015-ൽ സ്വതന്ത്രയുടെ പിന്തുണയോടെ എൽ.ഡി.എഫ്. ഭരണചക്രം തിരിച്ചു. തിരഞ്ഞെടുപ്പിന് മുൻപുണ്ടായ ചില അസ്വാരസ്യമാണ് കോൺഗ്രസിന് അന്ന് വിനയായത്. അതിന് തെല്ലും കുറവില്ലെന്നതാണ് മത്സരരംഗത്തെ വിമതരുടെ രംഗപ്രവേശം സൂചിപ്പിക്കുന്നത്. കഴിഞ്ഞതവണ ലഭിച്ച രണ്ട് സീറ്റ് ഇത്തവണ ഭരണത്തിലേറാനുള്ള സീറ്റാക്കി മാറ്റുമെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം.
ഇടതുപക്ഷത്തോട് ചേർന്നുനിന്ന ചരിത്രമാണ് കിഴുവിലം, അഴൂർ, ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറയിൻകീഴ് മേഖലയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ 2019-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെ പാടെ തെറ്റിച്ച് യു.ഡി.എഫ്. വിജയം കൊയ്തു. ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറയിൻകീഴ് മണ്ഡലം പരിഗണിച്ചാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 128838 വോട്ടുകളിൽ 48019 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് നേടിയത്.
രണ്ടുതവണ വിജയിച്ച സി.പി.എം. സ്ഥാനാർഥി എ.സമ്പത്തിന് 42335 വോട്ടുകളാണ് ലഭിച്ചത്. വിജയപ്രതീക്ഷയുമായി മത്സരിച്ച ശോഭാസുരേന്ദ്രന് 34343 വോട്ടുകളാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ചിറയിൻകീഴ് മേഖലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് ഫലം നാടകീയമാകുമെന്ന കാര്യത്തിൽ സംശയമില്ല.
ചിറയിൻകീഴിൽ ആത്മവിശ്വാസത്തോടെ
ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ ഭരണത്തുടർച്ചയുമായി മുന്നോട്ടുപോകാനാണ് എൽ.ഡി.എഫ്. മത്സരിക്കുന്നത്. താലൂക്കിലെ ഇടതുകോട്ടകളിൽ ഒന്നാണ് ചിറയിൻകീഴ്. 2000-ൽ മാത്രമാണ് കോൺഗ്രസിന് ഒരു മുന്നേറ്റമുണ്ടായത്. വിജയങ്ങൾ ആവർത്തിക്കാനാണ് എൽ.ഡി.എഫ്. ശ്രമം.
ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തയിലില്ലെന്നാണ് കോൺഗ്രസ് പക്ഷം. വിജയപ്രതീക്ഷ നൽകുന്ന സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. ലീഗിനെ അനുനയിപ്പിച്ചതും ഇതിന്റെ ഭാഗംതന്നെ.
കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ ഒരു സീറ്റാണ് പഞ്ചായത്തിൽ ബി.ജെ.പി.ക്ക് മത്സരിക്കാനുള്ള അടിത്തറ നൽകുന്നത്.
പഞ്ചായത്തിലെ ഇടതുഭരണത്തിന് വലിയ വിള്ളൽ വീഴ്ത്താൻ ബി.ജെ.പി.ക്ക് കഴിയുമെന്ന വിശ്വാസത്തോടെയാണ് നേതൃത്വം സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയതെന്ന് ബി.ജെ.പി. പറയുന്നു.
അഴൂർആകെ വാർഡുകൾ.........18
സ്ഥാനാർഥികൾ...............72
യു.ഡി.എഫ്. കോൺഗ്രസ് 18
എൽ.ഡി.എഫ്.സി.പി.എം. 16സി.പി.എം. സ്വതന്ത്രർ. 2
എൻ.ഡി.എ. ബി.ജെ.പി.. 17
ബി.എസ്.പി..................................1
സ്വതന്ത്രർ......................................20