തിരുവനന്തപുരം : ലൈഫ് മിഷന്റെ ജില്ലയിലെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പദ്ധതിയുടെ അടുത്തഘട്ടം വിജയകരമായി നടപ്പാക്കുന്നതിനായി കർമപദ്ധതി തയ്യാറാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോട് കളക്ടർ നിർദേശിച്ചു.

ഭൂരഹിതരായ അർഹതയുള്ളവരെ കണ്ടെത്തി വീട് നിർമിച്ചു നൽകുന്നതാണ് മൂന്നാം ഘട്ടം. മുൻപ് അപേക്ഷ നൽകിയിട്ടും പട്ടികയിലുൾപ്പെടാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ സൗകര്യമൊരുക്കുമെന്ന് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു.

ഓഗസ്റ്റ് ഒന്നു മുതൽ 14 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ആവശ്യമെങ്കിൽ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കുകളുടെ സേവനം ഉപയോഗപ്പെടുത്താം.

എ.ഡി.എം. വി.ആർ.വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജെ.സജീന്ദ്ര ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.