ലങ്ങിമറിഞ്ഞ സാമുദായിക-രാഷ്ട്രീയ ഇടപെടലുകളെ മറികടന്ന് വട്ടിയൂർക്കാവിൽ മേയർ ബ്രോയെന്ന വി.കെ.പ്രശാന്ത് നേടിയ വിജയം ആഘോഷമാക്കി യുവാക്കൾ. പ്രശാന്തിനെയുമെടുത്ത് മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും റോഡ് ഷോ നടത്തിയാണ് അവർ വിജയം ആഘോഷിച്ചത്.

വാദ്യമേളങ്ങളുമായുള്ള ബൈക്ക് റാലികൾ രാവിലെ മുതൽതന്നെ വിവിധ സ്ഥലങ്ങളിൽ നടന്നു. ഇടയ്ക്ക് വോട്ടെണ്ണുന്ന പട്ടം സെന്റ്‌ മേരീസ് സ്കൂളിനു മുന്നിലും ഈ ബൈക്ക് റാലികൾ വന്നുപോയി. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ ഭൂരിപക്ഷം ആവേശത്തെ ഉച്ചസ്ഥായിയിലെത്തിച്ചു.

എ.കെ.ജി. സെന്ററിനു മുമ്പിലും മണിക്കൂറുകൾ നീണ്ട ആഹ്ലാദപ്രകടനമാണ് നടന്നത്. പടക്കം പൊട്ടിച്ചും വാദ്യമേളങ്ങൾ മുഴക്കിയും പാർട്ടി പ്രവർത്തകർ സന്തോഷം പങ്കിട്ടു. വിജയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം വി.കെ.പ്രശാന്ത് എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളെ കണ്ടു. ഇതോടെ ഇവിടത്തെ അണികൾ ആവേശത്തിലായി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും എൽ.ഡി.എഫ്. പ്രവർത്തകർ ബൈക്ക് റാലികൾ നടത്തി. പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയുമാണ് പ്രവർത്തകർ കവലകളിൽ വിജയം ആഘോഷിച്ചത്.

ആദ്യം നിശ്ശബ്ദം; പിന്നെ വെടിക്കെട്ട്

മൂന്നാം സ്ഥാനത്തുനിന്നു മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽത്തന്നെ എൽ.ഡി.എഫ്. പ്രവർത്തകർ ആഘോഷമാക്കി‍. പട്ടം സെന്റ് മേരീസ് സ്കൂളിനു മുൻവശം വോട്ടെണ്ണൽ തുടങ്ങുന്ന സമയത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്നു. മാധ്യമപ്രവർത്തകരും പോലീസുകാരും മാത്രം.

അരമണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുമൂന്ന്‌ പ്രവർത്തകരും എത്തി. അപ്പോഴേക്കും പോസ്റ്റൽ ബാലറ്റിന്റെ ഫലം പുറത്തുവന്നിരുന്നു. പ്രശാന്തിന് അനുകൂലമായിരുന്നു ആദ്യ ഫലം. ഒമ്പതോടെ പ്രശാന്ത് അറുന്നൂറിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു എന്ന ആദ്യ ഫലം പുറത്തുവന്നു. ഇതോടെ ആദ്യ െെകയടികൾ ഉയർന്നു. അപ്പോഴും പത്തുപതിനഞ്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. അരമണിക്കൂർ കൂടി കഴിഞ്ഞതോടെ ഭൂരിപക്ഷം 2000 കടന്നു. ഇതോടെ ചെങ്കൊടികളുമായി ഇരുചക്രവാഹനങ്ങളിലും മറ്റും പ്രവർത്തകർ എത്തിത്തുടങ്ങി. ഒപ്പം പ്രാദേശിക നേതാക്കളും കൗൺസിലർമാരുമെല്ലാം വന്നു. ഭൂരിപക്ഷം 2500 കടന്നതോടെ മുദ്രാവാക്യം വിളികളും തുടങ്ങി. വർഗീയവാദികൾക്കെതിരേയായിരുന്നു ആദ്യ റൗണ്ടിലെ മുദ്രാവാക്യം വിളികളെല്ലാം.

സമയം പത്തായതോട വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ചുവന്ന കൊടികളുമായി പ്രവർത്തകരുടെ ആവേശം അണപൊട്ടി. ആഹ്ലാദനൃത്തവും തുടങ്ങി. ഈ സമയത്ത് അകത്തുണ്ടായിരുന്ന വി.കെ.പ്രശാന്ത് അണികൾക്കൊപ്പം ആഹ്ളാദം പങ്കിടാൻ പുറത്തേെക്കത്തി. പ്രശാന്തിനെ എടുത്തുയർത്തി ആഘോഷം കൊഴുപ്പിച്ചു. ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഏറെ പണിെപ്പട്ടാണ് പ്രശാന്തിനെ തിരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. തുടർന്ന് പ്രവർത്തകരുടെയും നേതാക്കളുടെയും ഒരു വൻ നിരതന്നെ എത്തി.

പത്തരയ്ക്കു വിജയം ഉറപ്പിച്ചതോടെ സ്കൂളിനു മുന്നിൽ വെടിക്കെട്ടു തുടങ്ങി. മാലപ്പടക്കം, പൂത്തിരി, വിവിധ നിറങ്ങളിലുള്ള കമ്പിത്തിരികൾ, അമിട്ട് തുടങ്ങിയവ കത്തിച്ചായിരുന്നു ആഘോഷം. തുടർന്ന് ഒരോ തവണ ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പോഴും വെടിക്കെട്ട് നടന്നു. 11.30-ഓടെ വോട്ടെണ്ണൽ പൂർത്തിയായതോടെ ആദ്യസംഘം ബൈക്ക് റാലി തുടങ്ങി. നിരവധി വാഹനങ്ങൾ പങ്കെടുത്തു. റാലി നഗരപ്രദക്ഷിണത്തിനു പുറപ്പെട്ടു.

അവസാനം പുറത്തെത്തിയ നിയുക്ത എം.എൽ.എ.യെ തുറന്ന വാഹനത്തിൽ കയറ്റി ആഹ്ലാദം പങ്കിട്ടാണ് വിജയഘോഷയാത്ര തുടങ്ങിയത്.

വോട്ടെണ്ണലിനു സാക്ഷിയായി പ്രശാന്ത്

വോട്ടെണ്ണുന്ന ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിൽത്തന്നെയായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ.പ്രശാന്ത് ചെലവഴിച്ചത്. രാവിലെ 8.10-നുതന്നെ പ്രശാന്ത് പട്ടം സെന്റ്‌ മേരീസ് സ്കൂളിലെത്തി. രാവിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.മോഹൻകുമാർ, ബി.ജെ.പി. സ്ഥാനാർഥി എസ്.സുരേഷ് എന്നിവർ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി മടങ്ങിയിരുന്നു.

വോട്ടെണ്ണൽ തുടങ്ങുമ്പോൾത്തന്നെ പ്രശാന്ത് വോട്ടെണ്ണുന്ന ഹാളിലെത്തി. ഒന്നര മണിക്കൂറോളം ഇവിടെത്തന്നെയാണ് ചെലവഴിച്ചത്. തുടർന്നാണ് അദ്ദേഹം പുറത്തേക്കു വന്നത്. അപ്പോഴേക്കും ഭൂരിപക്ഷം രണ്ടായിരം കടന്നിരുന്നു.

ഇതോടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ചുറ്റുംകൂടി. തുടർന്ന് സ്കൂൾ ഗേറ്റിനു പുറത്തെത്തി അണികളുമായി അൽപ്പനേരം ആഹ്ലാദം പങ്കുെവച്ചു. വീണ്ടും അകത്തേക്കു മടങ്ങിയ പ്രശാന്ത് 11.15 വരെ വീണ്ടും വോട്ടെണ്ണൽ കേന്ദ്രത്തിനകത്തുതന്നെ ചെലവഴിച്ചു. അപ്പോഴേക്കും ഭൂരിപക്ഷം പതിനായിരം കടന്നിരുന്നു. വിജയം ഉറപ്പിച്ച് വോട്ടെണ്ണൽ ഹാളിൽനിന്നു പുറത്തിറങ്ങിയപ്പോഴേക്കും വീണ്ടും അഭിമുഖത്തിനായി മാധ്യമങ്ങളുടെ തിരക്ക്. ഒരു മണിക്കൂറോളം മാധ്യമപ്രതിനിധികൾക്കൊപ്പം ചെലവഴിച്ചു.

തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ച മാങ്കോട് രാധാകൃഷ്ണൻ, ജി.ആർ.അനിൽ എന്നിവർ അഭിനന്ദനവുമായി എത്തി. പിന്നാലെ ബി.സത്യൻ എം.എൽ.എ.യുമെത്തി അഭിനന്ദനമറിയിച്ചു.

ഇതിനിടയിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.മോഹൻകുമാറും എത്തി. മോഹൻകുമാറും വിജയിക്ക് ആശംസകൾ നേർന്നു. അപ്പോഴേക്കും വോട്ടെണ്ണൽ അവസാനിച്ചു. പിന്നെ ഔദ്യോഗികകാര്യങ്ങളെല്ലാം പൂർത്തീകരിച്ച് സ്വീകരണങ്ങളേറ്റുവാങ്ങാൻ പുറത്തേക്ക്. പുറത്ത് ഭാര്യ രാജിയും മകൾ ആലിയയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. റോസാപ്പൂക്കൾ നൽകിയാണ് ഇവർ നിയുക്ത എം.എൽ.എ.യെ സ്വീകരിച്ചത്. തുടർന്ന് മധുരവിതരണവും നടന്നു.