കലങ്ങിത്തെളിഞ്ഞ അന്തരീക്ഷത്തിൽ യൂണിവേഴ്സിറ്റി കോളേജിന് ഇത് രണ്ടാമൂഴം. കോളേജ് തിങ്കളാഴ്ച തുറക്കും. കലാപരാഷ്ട്രീയത്തെ പടിയിറക്കി കലാലയത്തെ മികച്ച വിദ്യാലയമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ശുഭപ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും. കോളേജ് കൗൺസിലും സർക്കാരും നിശ്ചയിച്ചതെല്ലാം നടപ്പാക്കാനായാൽ യൂണിവേഴ്സിറ്റി കോളേജിൽ മികച്ച അധ്യയനം പുലരുമെന്നതിൽ ആർക്കും സംശയമില്ല.
തിരുത്തലിന് എസ്.എഫ്.ഐ. നേതൃത്വവും തയ്യാറാകുന്നത് പ്രതീക്ഷയേകുന്നു. കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ചന്ദ്രനും ഭാരവാഹിയാണ്. നിലവിലുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിക്കെതിരേ വിമതസ്വരം ഉയർത്തിയവരും വിദ്യാർത്ഥികളും അടക്കമുള്ളവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഇത് വിദ്യാർത്ഥികൾക്കിടയിലെ അസ്വാരസ്യം ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ.
ഡോ.സി.സി.ബാബുവാണ് പുതിയ പ്രിൻസിപ്പൽ. മികച്ച അധ്യാപകനും പ്രിൻസിപ്പലുമെന്ന് പേരുകേട്ട അദ്ദേഹം ആദ്യമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എത്തുന്നത്. മുൻവിധിയില്ലാതെ എല്ലാവരെയും സഹകരിപ്പിച്ച് നീങ്ങാനും മികച്ച വിദ്യാലയമെന്ന പേര് തിരിച്ചെടുക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നീക്കത്തിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കലാലയ അന്തരീക്ഷത്തിനും മാറ്റമുണ്ട്. കോളേജിനെ ഒന്നാകെ അലങ്കോലപ്പെടുത്തിയിരുന്ന രാഷ്ട്രീയ ചിഹ്നങ്ങളെല്ലാം മാറ്റി. പൗരാണിക പ്രൗഢിയുള്ള കെട്ടിടങ്ങൾക്ക് ഇപ്പോൾ ഗതകാല സൗന്ദര്യം തിരിച്ചുകിട്ടിയിട്ടുണ്ട്. ബാനറുകളും പോസ്റ്ററുകളുമെല്ലാം മാറ്റി. സംഘടനാ പ്രവർത്തനങ്ങൾ അതിരുവിടാതിരിക്കുന്നതിനുള്ള നിയന്ത്രണം അധ്യയനം സുഗമമാക്കാൻ ഉപകരിക്കും. കാമ്പസിനുള്ളിലെ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നുള്ളതാണ് കോളേജ് കൗൺസിലിന്റെ തീരുമാനം. ഇത് നടപ്പാക്കിയാൽ അധ്യയനം തടസ്സപ്പെടില്ല.
റീ അഡ്മിഷൻ അഥവാ പുനഃപ്രവേശനം പൂർണമായും തടഞ്ഞതും ശുഭപ്രതീക്ഷയാണ്. ക്ലാസിൽ കയറാതെ രാഷ്ട്രീയം കളിച്ച് നടക്കുന്നത് തടയാനാകും. ഈ സംവിധാനം യൂണിവേഴ്സിറ്റി കോളേജിൽ ഇനി വേണ്ടെന്നാണ് കൗൺസിലിന്റെ തീരുമാനം. ഇത് നടപ്പാക്കാൻ പ്രിൻസിപ്പലിന് അധികാരം നൽകിയിട്ടുണ്ട്.
തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്നുണ്ട്. വിദ്യാർത്ഥികളെല്ലാം തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. പുറമെ നിന്നുള്ളവർ കോളേജിൽ കടക്കുന്നത് ഒഴിവാക്കാനാകും. അധ്യാപകരെയും ജീവനക്കാരെയും പുനർവിന്യസിക്കുന്നതിനുള്ള നടപടികളും പ്രതീക്ഷയ്ക്ക് വക നൽകുന്നു. കോളേജിലെ ചില ജീവനക്കാരും അധ്യാപകരും അനർഹമായ പരിഗണന വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് നൽകുന്നുവെന്നായിരുന്നു പരാതി. അധ്യാപകരുടെ പഞ്ചിങ് സംവിധാനവും നവീകരിക്കും.
ഹോസ്റ്റൽ അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പട്ടിക പോലീസിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലിന്റെ ശുദ്ധീകരണം ഇതിലൂടെ നടക്കും. പുറമെ നിന്നുള്ളവർ ഹോസ്റ്റലിൽ കടക്കുന്നതും താമസിക്കുന്നതും ക്രമക്കേടിന് ഇടയാക്കിയിരുന്നു. ഇത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് അണിയറയിലുള്ളത്. ഹോസ്റ്റൽ അന്തേവാസികളുടെ പട്ടിക ഹോസ്റ്റലിന് മുന്നിലെ ബോർഡിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. അധ്യയന പുരോഗതി വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും എല്ലാ ഡിപ്പാർട്ടുമെന്റിലും പ്രിൻസിപ്പലിന്റെയും വകുപ്പു തലവന്റേയും നേതൃത്വത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചത് ഗുണകരമാകും.
Content Highlight: Trivandrum University college news beginning after the sfi conflict agaisnt studenet