വെള്ളക്കെട്ടിൽനിന്നു കരകയറാത്ത കുട്ടനാടിനെ രക്ഷിക്കാൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ പമ്പുകൾ എത്തിച്ചു. കഴിഞ്ഞ വർഷം കടുത്ത വരൾച്ചയുണ്ടായപ്പോൾ നെയ്യാർഡാമിൽനിന്ന് അരുവിക്കരയിലേക്കു വെള്ളം പമ്പുചെയ്യാനായി വാങ്ങിയവയാണ് ഈ പമ്പുകൾ. മണിക്കൂറിൽ 12 ലക്ഷം ലിറ്റർ വെള്ളം പമ്പുചെയ്യാൻ കഴിയുന്ന, പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പമ്പുകൾ കുട്ടനാട്ടിലെ കനകാശ്ശേരി പാടശേഖരത്താണ് പ്രവർത്തിപ്പിക്കുന്നത്. 180 എച്ച്‌.പി. ശേഷിയുള്ള പമ്പുകൾക്ക് രണ്ടര ടൺ വീതമാണ് ഭാരം.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിങ് പമ്പിങ് സ്റ്റേഷൻ നിർമിച്ചാണ് പമ്പിങ് തുടങ്ങിയത്. കേരളത്തിൽ ആദ്യമായാണ് ഫ്ളോട്ടിങ് പമ്പിങ് സ്റ്റേഷൻ ഉപയോഗിച്ച് പമ്പ് പ്രവർത്തിക്കുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി. 11 കെ.വി. കണക്‌ഷനും നൽകി.
ചെളിനിറഞ്ഞു കിടക്കുന്ന പാടശേഖരത്ത് പമ്പ് ചെളിയിൽ പുതഞ്ഞുപോകാതിരിക്കാനും പ്ലാറ്റ്‌ഫോം നിർമിച്ചു. അഞ്ചുദിവസംകൊണ്ട് വെള്ളം ഒരു മീറ്ററോളം വറ്റിക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പാടങ്ങളിൽനിന്നു വെള്ളം താഴുമ്പോൾ വെള്ളക്കെട്ടിൽ കിടക്കുന്ന വീടുകളിൽനിന്നും സ്കൂളുകളിൽനിന്നും വെള്ളമിറങ്ങും.
കഴിഞ്ഞ ദിവസം മന്ത്രി മാത്യു ടി.തോമസ് ജല അതോറിറ്റി ടെക്‌നിക്കൽ അംഗം ടി.രവീന്ദ്രൻ ചീഫ് എൻജിനീയർ ബി.ഷാജഹാൻ എന്നിവർ കുട്ടനാട് സന്ദർശിച്ചിരുന്നു. തുടർന്നാണ് നെയ്യാർഡാമിലെ ഉപയോഗശേഷം കാളിപ്പാറയിൽ സൂക്ഷിച്ചിരുന്ന പമ്പുകൾ കുട്ടനാട്ടിൽ എത്തിക്കാൻ തീരുമാനിച്ചത്‌. പുന്നമട ഫിനിഷിങ് പോയിൻറിനു സമീപമെത്തിച്ച് ക്രെയിൻ ഉപയോഗിച്ച് ജങ്കാറിലേക്കു മാറ്റിയാണ് കനകാശ്ശേരി പാടശേഖരത്ത്‌ എത്തിച്ചത്.