നാട്ടറിവുകളും നേരറിവുകളും മനസ്സിലാക്കി വെയിൽക്കുടകളും മഴവിൽക്കുളിരും വിരിച്ച കാവാലം നാരായണപ്പണിക്കരുടെ നാടകം അതിജീവിച്ചവർക്ക്  സാന്ത്വനത്തിനും പ്രളയത്തിൽ അകപ്പെട്ട കാവാലം എൽ. പി. സ്കൂളിലെ കുട്ടികളുടെ ക്ഷേമത്തിനുമുള്ള സാന്ത്വനനിധിക്ക് സൂര്യയുടെ സഹകരണത്തോടെ സോപാനം കൈകോർക്കുന്നു.
കാവാലത്തിന്റെ ‘കല്ലുരുട്ടി’ എന്ന നാടകം 15-ന് വൈകുന്നേരം 6.30-ന് തൈക്കാട് ഗണേശത്തിൽ അരങ്ങേറും. നാടകാവതരണത്തിൽനിന്ന് ലഭിക്കുന്ന തുക സ്കൂളിലേക്ക്‌ ചെലവിടും.

  വടക്കേ മലബാറിലെ മാവിലരുടെ ഇടയിൽ പ്രചാരമുള്ള ഒരു പഴംകഥയുടെ നാടകീയാവിഷ്കാരമാണ് കല്ലുരുട്ടി. മാവില കന്യകയായ കല്ലുരുട്ടി പ്രകൃതിയുടെ ഓമന സന്തതിയാണ്. തന്റെ കൈയിലെ കല്ലുരുട്ടുമ്പോൾ പ്രകൃതി അവൾക്ക് അനുകൂലയായി മാറും.

അവളോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയാൽ പ്രകൃതി കോപകലുഷയായിത്തീരും. പഞ്ചുരുളി എന്ന് പേരുള്ള രണ്ട് സഹോദരങ്ങൾ അവൾക്കുണ്ട്. നാടുവാഴുന്നവരുടെ വിശ്വസ്തനും ഉദ്യോഗസ്ഥനുമായ ഉഗ്രാണി, പരിഷ്‌കൃത സമൂഹത്തിൽ നിന്നും ഇവർക്കിടയിലെത്തുന്നതോടെ ആദിവാസികൾക്കിടയിലുള്ള ശാന്തതയ്ക്ക് ഇളക്കം തട്ടുന്നു.

പഞ്ചുരുളികളുടെ സഹായത്തോടെ ഇയാൾ കാട്ടിൽ രഹസ്യമായി കഞ്ചാവുകൃഷി നടത്തുന്നു. പഞ്ചുരുളികളെ കഞ്ചാവ് വിൽക്കാനും ഇയാൾ ഉപയോഗിക്കുന്നു. കല്ലുരുട്ടിയുമായി അവിഹിതബന്ധം കൊതിച്ച ഉഗ്രാണി അതിൽ പരാജിതനായപ്പോൾ അവളോട് പ്രതികാരത്തിന് തുനിയുന്നു.

സഹോദരന്മാരെ കോട്ടയിൽ ബന്ധനസ്ഥരാക്കിക്കൊണ്ടാണ് അയാൾ പകവീട്ടിയത്. തന്റെ മന്ത്രശക്തികൊണ്ട് കല്ലുരുട്ടി അവരെ മോചിപ്പിക്കുന്നു. ഉഗ്രാണി നടത്തിയ ആഭിചാരത്തെയും അവൾ പ്രതിരോധിക്കുന്നു. ചാരിത്ര്യം സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അവൾ മരിക്കുകയും തെയ്യമായി മാറുകയും ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
  നാടകത്തിന്റെ രചന, സംഗീതം, സംവിധാനം എന്നിവ കാവാലമാണ് നിർവഹിച്ചത്.

മോഹിനി വിജയൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ബോസ് വിദ്യാധർ, വി.ഗിരീഷ്, സജി, കെ. ശിവകുമാർ, മനേക്ഷാ കെ.എസ്. എന്നിവർ അരങ്ങിലെത്തുന്നു. അയ്യപ്പൻ ജി., കോമളൻ നായർ ജി, ഷാരോൺ വി.എസ്., ജയചന്ദ്രൻനായർ, അനന്തു, ഹരി, അഖിൽ എന്നിവരാണ് പാട്ടുകാർ. കാവാലത്തിന്റെ സോപാനമായാണ്‌ നാടകം അവതരിപ്പിക്കുന്നത്.