അകാലത്തിൽ വിടപറഞ്ഞ വീഡിയോഗ്രാഫർ മണ്ണന്തല രാജന്റെ കുടുംബത്തിന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ കൈത്താങ്ങ്. രണ്ടുവർഷം മുൻപ്‌  വാഹനാപകടത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് ഹൃദയാഘാതംവന്ന് വീഡിയോഗ്രാഫറായ മണ്ണന്തല രാജൻ മരിച്ചത്‌.  
   സ്വന്തമായി വീടെന്ന രാജന്റെ കുടുംബത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ശാന്തിഗിരി ആശ്രമവും ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ എ.കെ.പി.എ. തിരുവനന്തപുരം യൂണിറ്റും രംഗത്തെത്തുകയായിരുന്നു. രാജന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അന്ന് നടക്കാതെപോയ സ്വപ്നം ഇപ്പോൾ യാഥാർഥ്യമാകുകയാണ്.   
     ഫോട്ടോഗ്രാഫർമാരുടെ സംഘടന വാർഷിക സമ്മേളനത്തിന്റെഭാഗമായി ഒരു അനുസ്മരണ പരിപാടി നടത്തിയിരുന്നു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി വീടില്ലാത്തതിന്റെ വേദനകൾ രാജന്റെ കുടുംബം പങ്കുവെച്ചു. രാജന്റെ ഭാര്യ മണിക്കും ഏകമകൾ അഖിലയ്ക്കും കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് വേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ആശ്രമം അധികൃതർ വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു.      
       മണ്ണന്തല വയമ്പാച്ചിറക്കുളത്തിനു സമീപം രാജന്റെ അഞ്ചുസെന്റ് വസ്തുവിൽ വീട് നിർമിക്കാൻ തീരുമാനമായി. നിർമാണപ്രവർത്തനങ്ങൾ ആർക്കിടെക്ട് സബീർ തിരുമല ഏറ്റെടുത്തു.
800 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം ഉൾപ്പെടെ ഏഴുലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചിരിക്കുന്നത്.  
 അഖിലഭവനം എന്ന വീടിന്റെ താക്കോൽ കഴിഞ്ഞദിവസം എ.കെ.പി.എ. യുടെ പരിപാടിക്കിടെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാജന്റെ കുടുംബത്തിന് കൈമാറിയിരുന്നു. തിങ്കളാഴ്ച മണ്ണന്തല വയമ്പാച്ചിറക്കുളത്തിനുസമീപം പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങുകൾ നടക്കും. ശാന്തിഗിരി ആശ്രമം അധികൃതരും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രതിനിധികളും ഈ ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേരും.
 താങ്ങും തണലുമില്ലാതെനിന്ന കുടുംബത്തിന് തണലേകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശാന്തിഗിരി ആശ്രമം അധികൃതർ പറഞ്ഞു. സമൂഹത്തിൽ നന്മയുടെ വെളിച്ചം തെളിക്കാൻ തങ്ങളെക്കൊണ്ടാവുന്നവിധത്തിൽ ഒരു ചെറിയ സഹായം മാത്രമാണ് ചെയ്തതെന്നും സ്വാമി വ്യക്തമാക്കി.