കോർപ്പറേഷൻ കെട്ടിടനിർമാണ വിഭാഗത്തിലും കുടപ്പനക്കുന്ന് സോണൽ ഓഫീസിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഗ്രീൻ ബെൽറ്റിൽ ഫ്ളാറ്റ്‌ ഉൾപ്പെടെയുള്ള കെട്ടിടനിർമാണങ്ങൾ നടക്കുന്നതായി വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ടൗൺപ്ലാനറിൽ നിന്ന്‌ അനുമതി വാങ്ങാതെ പെർമിറ്റുകൾ വിതരണം നടത്തുന്നു. സേവനാവകാശനിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും പെർമിറ്റുകൾ വിതരണം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായും വിജിലൻസ് അറിയിച്ചു.
   രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ല. 2007-ൽ നിർമിതികേന്ദ്രത്തിന് നൽകിയ 66.54 ലക്ഷം ആവശ്യപ്പെട്ടിട്ടും നാളിതുവരെ നഗരസഭയിൽ തിരിച്ചടച്ചിട്ടില്ലെന്നും വിജിലൻസ്‌ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്‌.  
നഗരസഭയിൽ കെട്ടിടനിർമാണ പെർമിറ്റുകൾ അനുവദിക്കുന്നതിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. മഹേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.