കരമന-കളിയിക്കാവിള പാതയിലെ നേമത്തെ അടിപ്പാതയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോടികൾ മുടക്കി നിർമിച്ച അടിപ്പാതയിൽ സുരക്ഷാസംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്. നേമം സർക്കാർ യു.പി.സ്കൂളും എയ്ഡഡ് സ്കൂളും ഇരുവശത്തുമായി പ്രവർത്തിക്കുന്നുണ്ട്‌. കാൽനടയാത്രക്കാരുടെ സൗകര്യാർഥം അടിപ്പാതവേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് പാതവികസനത്തിൽ ഉൾപ്പെടുത്തി ഇത്‌ നിർമിച്ചത്‌.
  സ്കൂൾ കുട്ടികളാണ് കൂടുതലും അടിപ്പാതയെ ആശ്രയിക്കുന്നത്. കുറച്ചുനാളുകളായി സാമൂഹികവിരുദ്ധ ശല്യം ഇവിടെ രൂക്ഷമാണ്. അടിപ്പാതയുടെ പുറത്തെ ചില്ലുകൾ തകർക്കുന്നതും ഇവിടെ സ്ഥാപിച്ചിട്ടുള്ള വൈദ്യുത സംവിധാനങ്ങൾ നശിപ്പിക്കുന്നതും പതിവാണ്. ഇടയ്ക്കിടെ അടിപ്പാതയിൽ വെള്ളംനിറയുന്നതും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
  മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിപ്പാതയ്ക്കുള്ളിലേക്കുതള്ളുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.  ഇത്തരം പ്രവർത്തനങ്ങൾ തടയാൻ അടിപ്പാതയ്ക്കുള്ളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിയുന്ന സന്ദർഭങ്ങളിലെല്ലാം അടിപ്പാതയിൽ പോലീസിന്റെ നിരീക്ഷണം ഏർപ്പെടുത്താറുണ്ടെന്ന് നേമം എസ്.ഐ. സജികുമാർ പറഞ്ഞു. കരമന-കളിയിക്കാവിള പാതയുടെ ഒന്നാംഘട്ടം നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം അന്ന് കളക്ടറായിരുന്ന ബിജുപ്രഭാകറിന്റെ പ്രത്യേക താത്‌പര്യത്തോടെയാണ് അടിപ്പാത നിർമാണം യാഥാർഥ്യമായത്. റോഡിൽനിന്ന്‌ അധികമായി വേണ്ടിവരുന്ന സ്ഥലത്തിനായി നേമം യു.പി.എസിലെ അഞ്ചു മുതൽ ഏഴാംക്ലാസ് വരെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയും മറ്റുമാണ് നിർമാണം പൂർത്തിയാക്കിയത്. രണ്ടു സ്കൂളുകൾ, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, നഗരസഭ സോണൽ ഓഫീസ്, നേമം കെ.എസ്.ഇ.ബി. ഓഫീസ്  തുടങ്ങിയവ അടിപ്പാതയ്ക്കുസമീപം ഇരുവശങ്ങളിലായിട്ടാണ്  പ്രവർത്തിക്കുന്നത്. ഇവിടേക്കെത്തുന്ന കാൽനടയാത്രക്കാർക്കും സ്കൂൾവിട്ട് റോഡിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പോകാനുള്ള വിദ്യാർഥികൾക്കും അടിപ്പാത അനുഗ്രഹമാണ്.
   എല്ലാദിവസവും രാവിലെയും വൈകുന്നേരവും സ്കൂളിലെ കുട്ടികളെ റോഡ് കടത്തിവിടുന്നത് ശ്രമകരമായ ജോലിയായിരുന്നു. അടിപ്പാത വന്നതോടെ ഇതിനു പരിഹാരമായി.
നേമം യു.പി. സ്കൂളിന്റെ മേൽനോട്ടത്തിലാണ് അടിപ്പാത രാവിലെ എഴുമണിക്ക് തുറക്കുകയും  വൈകുന്നേരം അഞ്ചരയ്ക്ക് അടയ്ക്കുകയും ചെയ്യുന്നത്. സ്കൂളിൽ ശുചീകരണത്തിനെത്തുന്ന കുടുംബശ്രീയിലെ അംഗങ്ങളെ ഉപയോഗിച്ചാണ് ഇടയ്ക്കിടെ അടിപ്പാത വൃത്തിയാക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ വി.ജയചന്ദ്രൻ പറഞ്ഞു. അടിപ്പാതയിലെ ലൈറ്റുകളെല്ലാം കത്തുന്നില്ല. സി.സി.ടി.വി. അടിയന്തരമായി സ്ഥാപിക്കണം എന്നീ ആവശ്യങ്ങളാണ് സ്കൂളധികൃതർ ഉന്നയിക്കുന്നത്.