പൈതൃകപാതയിൽ പാരമ്പര്യം തേടി ഒരു സംഘം ചരിത്രകുതുകികൾ യാത്ര ചെയ്യുന്നു. ആറു കൊല്ലത്തിനുള്ളിൽ യാത്രകൾ 55 ആയി. അതിൽ ക്ഷേത്രവും ചരിത്രസ്മാരകവും പള്ളികളും ഉൾപ്പെടും. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് നഗരത്തിലും പുറത്തും യാത്ര നടത്തുന്നത്.

ഹെറിറ്റേജ് വാക് ട്രിവാൻഡ്രം എന്ന പേരിലെ പൗരത്വക്കൂട്ടായ്മയാണ് നമ്മുടെ നാടിന്റെ പൈതൃകവും ചരിത്രവും നാട്ടുകാർക്കു മനസ്സിലാക്കാൻപാകത്തിൽ യാത്ര സംഘടിപ്പിക്കുന്നത്. പുണെ യൂണിവേഴ്‌സിറ്റിയിലെ ആർക്കിടെക്ട് പ്രൊഫസറായിരുന്ന ഡോ. ബീനാ തോമസ് തരകനാണ് ഹെറിറ്റേജ് വാക്കിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ. ഡോ. അച്യുത് ശങ്കർ, മുൻ ആർക്കിയോളജി ഡയറക്ടർ ഡോ. എസ്.ഹേമചന്ദ്രൻ, മുതിർന്ന മാധ്യമപ്രവർത്തകൻ മലയിൻകീഴ്‌ ഗോപാലകൃഷ്ണൻ തുടങ്ങിയവർ കൂടി അണിചേർന്നപ്പോൾ യാത്രയ്ക്ക് അർഥമുണ്ടായി. യാത്രയിൽ 50 പേരോളം ഉണ്ടാകും. ദൂരയാത്രകളിൽ ബസ് ബുക്ക് ചെയ്താണ് പോകുന്നത്. ചിലർ സ്വന്തം വാഹനങ്ങളിലും എത്താറുണ്ട്. മൂന്നുമണിക്കൂറോളം ചെലവിട്ട ശേഷമാകും മടങ്ങുന്നത്.

തലസ്ഥാനത്ത് ചാല, പേട്ട, കോട്ടയ്ക്കകത്തെ സ്മാരകങ്ങൾ, സെൻട്രൽ ജയിൽ, കരാൽക്കട തുടങ്ങിയവയുടെ പ്രതാപം തേടിപ്പോയ സംഘം സമീപത്തെ കന്യാകുമാരി ജില്ലയിൽ അവശേഷിക്കുന്ന മലയാളബിംബങ്ങളും കാണാൻ ശ്രമിച്ചിരുന്നു.

കൊടുങ്ങല്ലൂർ മുസിരിസായിരുന്നു ദീർഘമേറിയ യാത്ര. പാലിയം കൊട്ടാരം, കൊല്ലം തങ്കശ്ശേരി, കോട്ടയം, ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം പലയിടത്തും പാഴ്വാക്കാകുന്നതായും സംഘം വിലയിരുത്തിയിട്ടുണ്ട്.

ഇക്കുറി കിളിമാനൂരിനു സമീപം കീഴ്‌പേരൂരിലേക്കാണ് യാത്ര. തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ദേവേശ്വരം ഉമാമഹേശ്വരം മഹാദേവക്ഷേത്രം എന്നീ പുരാതന ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. വേണാടിന്റെ ചരിത്രത്തിൽ ഇടംപിടിച്ച ക്ഷേത്രങ്ങളാണിവ. 23-ന് രാവിലെ 7.30-ന് തിരുവനന്തപുരത്തുനിന്ന്‌ ബസിൽ യാത്ര പുറപ്പെടും. ഉച്ചയോടെ തിരിച്ചെത്തും. heritagewalktvm@gmail.com എന്ന മെയിലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.