നവംബർ 21-ന് മുറജപം ആരംഭിക്കും. 8 ദിവസം വീതം ഏഴുമുറകളിലായി 56 ദിവസത്തെ ജപമാണ് നടത്തുന്നത്. ഏഴാം മുറ അവസാനിക്കുന്ന 2020 ജനുവരി 15-നാണ് ലക്ഷദീപം. മകരസംക്രാന്തി ദിനമായ 15-ന് മകരശീവേലിയും ഉണ്ടായിരിക്കും.

മഹാനിധി സൂക്ഷിച്ച ശ്രീപദ്മനാഭസ്വാമിക്ഷേത്രം ’ആറാറുസംവത്സരമറുതിവരും കാലത്തുള്ള’ മുറജപത്തിന് ഒരുങ്ങി. മാർത്താണ്ഡവർമ മഹാരാജാവ് 1750 ജനുവരിയിൽ തൃപ്പടിദാനത്തിനു ശേഷം ആരംഭിച്ച വേദപ്രധാനമായ ആചാരം 270-ാം വർഷത്തിലേക്ക് കടക്കുകയാണ്. സ്വദേശി ദർശൻ പദ്ധതിയുടെ ദീപപ്രഭയിൽ തിളങ്ങുന്ന ക്ഷേത്രവും പരിസരവും മുറജപത്തിന്റെയും തുടർന്നുള്ള ലക്ഷദീപത്തിന്റെയും ഫലശ്രുതിക്കായി നാമാർച്ചന ചെയ്യുന്നു. ജപത്തിനെത്തുന്ന വൈദികരുടെ താമസം, ഭക്തർക്കു മുറജപവും ലക്ഷദീപവും കാണാനുള്ള സൗകര്യം തുടങ്ങിയ തയ്യാറെടുപ്പുകളെല്ലാം അന്ത്യഘട്ടത്തിലാണ്. മത്സരിച്ചുള്ള ധനസഹായമാണ് ഭക്തസഞ്ചയം നൽകുന്നത്. മുറജപത്തിന്റെ ഭാഗമായ സാംസ്‌കാരികോത്സവം എല്ലാവർക്കും കാണാൻ പാകത്തിൽ ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റുന്നു. ക്ഷേത്രകലകളുടെ മഞ്ജുരൂപങ്ങൾ എന്നും മതിലകത്ത് നൃത്തംവെയ്ക്കും. സംഗീതം, നൃത്തം എന്നിവയിൽ ഇന്ത്യയിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കും. ഉത്സവത്തിൽ പങ്കെടുക്കാനുള്ള അഭിനിവേശം സ്വയം അറിയിച്ചവരുമുണ്ട്. വാഹനപാർക്കിങ് മുതൽ എല്ലാ ഒരുക്കങ്ങൾക്കും വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും സഹകരണം ഉറപ്പാക്കി. മഹാഗോപുരത്തിനു പുറമെ ക്ഷേത്രപരിസരമെല്ലാം വർണവിളക്കുകളാൽ അലങ്കരിക്കും. മുറജപാഘോഷം പുരി, ഉജ്ജയിനി മേളകൾക്ക് സമാനമായി മാറ്റാൻ ശ്രമിക്കുന്നതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ അറിയിച്ചു.

ആദ്യം ഭദ്രദീപം, പിന്നെ ലക്ഷദീപം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് തവണ, ധനുവിലും കർക്കടകത്തിലും ഭദ്രദീപം ആചരിക്കും. ഉത്തരായണ ദക്ഷിണായന സംക്രമദിനങ്ങളിലാണ് ഭദ്രദീപം. 12 ാമത്തെ ഭദ്രദീപമാണ് ലക്ഷദീപം. ഉത്തരായണ സംക്രമദിനത്തിൽ 12-ാമത്തെ ഭദ്രദീപം എത്തുന്നവിധമാണ് ക്രമീകരണം. മാർത്താണ്ഡവർമ 1744 ലാണ് ആദ്യത്തെ ഭദ്രദീപം നടത്തിയത്. 1829 ൽ അധികാരത്തിലേറിയ സ്വാതി തിരുനാൾ മഹാരാജാവ് ലക്ഷദീപം ആഘോഷമാക്കിയിരുന്നു. 1948 വരെ ലക്ഷദീപം ആചാരപ്രകാരം നടത്തിയിരുന്നു. 2014 ജനുവരി 14- നാണ് അവസാനത്തെ ലക്ഷദീപം നടന്നത്.

മുൻപ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാധ്യാൻമാർ, തരണനല്ലൂർ തന്ത്രി എന്നിവരുടെ നേതൃത്വത്തിലാണ് മുറജപം നടന്നിരുന്നത്. ഇപ്പോൾ യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വാധ്യാന്മാരും തന്ത്രിയും പങ്കെടുക്കും. വേദപണ്ഡിതന്മാർ ക്ഷേത്രത്തിനുള്ളിൽ പല സംഘങ്ങളായിരുന്ന് ഋക്, യജുർ, സാമ വേദങ്ങൾ ഉരുക്കഴിക്കും. വേദപാരായണം, സൂക്തജപം, സഹസ്രനാമം, ജലജപം എന്നിവയാണ് നടത്തുന്നത്.

1960 കളിൽ ചിട്ടപ്പെടുത്തിയ വൈദികരുടെ എണ്ണവും രീതിയുമാണ് ഇപ്പോൾ അനുവർത്തിക്കുന്നതെന്ന് മുറജപത്തിൻറെ ബ്രാഹ്മണസഭയുടെ കൺവീനർ കെ.പി. മധുസൂദനൻ അറിയിച്ചു. വേദത്തിന് 24 പേരുള്ള മൂന്നുസംഘമായി 72 പേരുണ്ടാകും. തിരുപ്പതി വേദസർവകലാശാല, കുംഭകോണം, തിരുച്ചെന്തൂർ, ചെന്നൈ, ആന്ധ്ര, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കൊപ്പം തിരുവനന്തപുരത്തെ വൈദികരും സഹകരിക്കും. ക്ഷേത്രം ചെറുചുറ്റിലെ വാതിൽമാടമണ്ഡപം, കല്ലറ മുഖപ്പ്, വ്യാസന്റെ മണ്ഡപം, അഭിശ്രവണമണ്ഡപം എന്നിവിടങ്ങളിലാണ് ജപം നടക്കുന്നത്. സൂക്തത്തിന് തദ്ദേശീയരായ 60 പേരുണ്ടാകും. രാവിലെ 6 മുതൽ 8.30 വരെയും തുടർന്ന് 10.30 വരെയും അലങ്കാരമണ്ഡപത്തിൽ രണ്ടുസംഘങ്ങളായി സൂക്തം ജപിക്കും. സഹസ്രനാമത്തിന് 75 പേർ പങ്കെടുക്കും. കുലശേഖരമണ്ഡപത്തിൽ നാല് ആവർത്തി വച്ചാണ് സഹസ്രനാമം പൂർത്തിയാക്കുന്നത്. സഹസ്രനാമജപത്തിൽ ഭക്തർക്കും പങ്കെടുക്കാം.

എല്ലാ ദിവസവും വൈകീട്ട് പദ്മതീർഥത്തിലാണ് ജലജപം നടത്തുന്നത്. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികരെല്ലാം ജലജപത്തിനിറങ്ങും. അസ്തമയ സന്ധ്യാവന്ദനമാണ് ജലജപം. മുട്ടിന് താഴെ വെള്ളത്തിലിറങ്ങി നിന്ന് ഋഗ്വേദത്തിലെ ശത്രുസംഹാരസൂക്തം ജപിക്കുന്നതാണ് രീതി. തിരുവിതാംകൂറിനെ ആക്രമിച്ചിരുന്ന പാണ്ഡ്യരാജ്യത്തെയോ, തിരുവിതാംകൂറും തമിഴ്‌നാടും തമ്മിലുള്ള അകൽച്ചയെയോ ഉദ്ദേശിച്ചുള്ള പ്രാർഥനയാണിത്.

എട്ടുദിവസം കൂടുന്നതാണ് ഒരു മുറ. എട്ടാം ദിവസം മുറശീവേലിയുണ്ടാകും. ഓരോ മുറയ്ക്കും നിശ്ചിതവാഹനങ്ങളിലാണ് എഴുന്നള്ളത്ത്. നവംബർ 21-ന് തുടങ്ങുന്ന മുറജപത്തിലെ ആദ്യമുറ 28-ന് അവസാനിക്കും. 29-ന് തുടങ്ങുന്ന രണ്ടാംമുറ ഡിസംബർ 6-നും, 7-ന് തുടങ്ങുന്ന മൂന്നാംമുറ 14-നും, 15-ന് തുടങ്ങുന്ന നാലാംമുറ 22-നും 23-ന് തുടങ്ങുന്ന അഞ്ചാംമുറ 30-നും 31-ന് ആരംഭിക്കുന്ന ആറാംമുറ 2020 ജനുവരി 7-നും 8-ന് തുടങ്ങുന്ന ഏഴാംമുറ 15-നും സമാപിക്കും. ലക്ഷദീപം, മകരശീവേലി എന്നിവ 15-നാണ്.

ആനയെ നടയ്ക്കിരുത്തുന്നത് പ്രതീകാത്മകമായി

മുൻപ് ക്ഷേത്രമതിലകത്ത് കത്തിക്കാവുന്നിടത്തെല്ലാം വിളക്ക് വെച്ചാണ് ലക്ഷദീപം നടത്തിയിരുന്നത്. ഇപ്പോൾ ഗോപുരത്തിലും മതിലകത്തും വൈദ്യുതദീപങ്ങളാണ് കത്തിക്കുന്നത്. രാത്രി 8.30-ന് നടക്കുന്ന മകരശീവേലി തൊഴാൻ ഏഴുമണിക്കു തന്നെ ശീവേലിപ്പുരയ്ക്ക് ചുറ്റും ഭക്തർ ഇടംപിടിക്കും. ശീവേലിക്ക് ക്ഷേത്രംസ്ഥാനി മൂന്നുപ്രദക്ഷിണത്തിനും അകമ്പടി പോകും. അടുത്ത ദിവസം രാവിലെ ശരപ്പൊളിമാല, സ്വർണനാണയം, പട്ട് എന്നിവ എല്ലാ നടകളിലും സമർപ്പിക്കുന്ന പതിവുണ്ട്. ഇതിനൊപ്പം കൊടിമരച്ചുവട്ടിൽ ഒരു ആനയെ നടയ്ക്കിരുത്തും. ഇക്കുറി നിയമപ്രകാരം ആനയെ കിട്ടാനുള്ള ബുദ്ധിമുട്ട് കരുതി പ്രതീകാത്മകമായാണ് നടയ്ക്കിരുത്തുന്നത്.

ചെലവ് മൂന്നുകോടിയോളം, ഒരു ദിവസം വേണ്ടത് നാലുലക്ഷം

മുറജപത്തിന്റെ ആഘോഷമായ നടത്തിപ്പിന് ആകെ പ്രതീക്ഷിക്കുന്നത് മൂന്നുകോടി രൂപ. ഒരു ദിവസത്തെ ചെലവ് 4 ലക്ഷവും. ഒരുദിവസത്തെ ഋഗ്വേദജപത്തിന് 66,666 രൂപയാണ് നിരക്ക്. മൂന്നുജപത്തിനുമായി രണ്ടുലക്ഷം വേണ്ടിവരും. മുറശീവേലിക്ക് 60,000 രൂപ. ഇതെല്ലാം ഭക്തരുടെ സമർപ്പണമായി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്തർ ഇതിന് സഹകരിക്കുന്നുണ്ടെന്നു അധികൃതർ അറിയിച്ചു.