വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ രോഗികളെത്തുന്ന ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ രോഗികളെ വലയ്ക്കുന്നു. സ്ഥലപരിമിതി എന്നതിനപ്പുറം രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും ആശുപത്രിയിലില്ല. ഡോക്ടർമാർ തമ്മിലുള്ള മത്സരം കാരണം രോഗികൾ ആശുപത്രിക്കുള്ളിൽ മാരത്തൺ ഓട്ടം ഓടേണ്ട സ്ഥിതിയാണ് ഉണ്ടാകുന്നത്.

മെഡിക്കൽ ഒ.പി.യിലെ ഗതികേടുകൾ

ഏറ്റവും കൂടുതൽ രോഗികളെത്തുന്ന മെഡിക്കൽ ഒ.പി.യിലെ ടോക്കൺ സംവിധാനത്തിന്റെ പ്രവർത്തനവും അവതാളത്തിലാണ്. ടോക്കൺ നമ്പർ പ്രദർശിപ്പിക്കുന്ന മെഷീൻ മിക്ക ദിവസങ്ങളിലും ഇവിടെ പ്രവർത്തിക്കാറില്ല. ഡ്യൂട്ടിയിലുള്ള ജീവനക്കാരിയാണ് ടോക്കൺ നമ്പർ വിളിക്കുന്നത്. മുറിക്ക് സമീപത്തുനിന്ന്‌ മാറിനിന്നാൽ ടോക്കൺ വിളിക്കുന്നത് കേൾക്കാനും കഴിയാറില്ല. ഇതുകാരണം പരിശോധനാ മുറിക്ക് മുന്നിൽ രോഗികളുമായി തർക്കം നിത്യവുമുള്ള കാഴ്ചയാണ്.

മെഡിക്കൽ ഒ.പി.യിൽ ഡ്യൂട്ടി ചുമതലയുള്ള ഡോക്ടർമാരെ പലപ്പോഴും കസേരയിൽ കാണാറില്ല. അഥവാ എത്തിയാൽത്തന്നെ തനിക്ക് താത്‌പര്യമുള്ള രോഗികളെ മാത്രമേ പരിശോധിക്കൂ. ഒ.പി.യിൽ ചുമതലയുള്ള നഴ്‌സിനാണ് രോഗികളെ വിളിച്ച് കയറ്റാനുള്ള ചുമതല. ഇവരാണ് ഏത് ഡോക്ടറെ രോഗി കാണണമെന്ന് തീരുമാനിക്കുന്നതും.

ഒ.പി.ക്ക് ഒരുമണിക്കൂർ ഇടവേള വിധിക്കുന്നതും ഇവിടെ പതിവാണ്. നിരവധി രോഗികൾ ഊഴംകാത്ത് നിൽക്കുമ്പോളാണ് ഒരുമണിക്കൂറിന് ശേഷമേ രോഗികളെ പരിശോധിക്കൂ എന്ന അറിയിപ്പ് എത്തുക. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അറിയിപ്പ് എത്തുക. ഈ സമയം അത്രയും രോഗികൾക്ക് കാത്തിരിക്കുന്നതിനുള്ള സൗകര്യം പോലും ഒ.പി.ക്ക് പുറത്തില്ല.

എൽ.സി.ഡി. സ്‌ക്രീൻ ചിലന്തിക്ക് താമസിക്കാൻ

രോഗങ്ങളുടെ വിവരങ്ങളും രോഗികളുടെ എണ്ണവും പ്രദർശിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ഒരു എൽ.സി.ടി. സ്‌ക്രീൻ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, അത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മാത്രമല്ല, പതിനായിരങ്ങൾ വിലയുള്ള സ്‌ക്രീനിൽ ചിലന്തി വലകെട്ടി താമസിക്കുകയാണ്.

ഒഴിയാതെ വെള്ളക്കെട്ട്

ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്തെ വെള്ളക്കെട്ടും രോഗികൾക്ക് തലവേദയുണ്ടാക്കുന്നു. ആശുപത്രിയുടെ ഗേറ്റിനുമുന്നിൽ ചെറിയ മഴയിൽ തന്നെ വെള്ളം കെട്ടുന്നത് പതിവാണ്. ഇതിലൂടെ നടന്ന് അകത്തുകയറാൻ രോഗികൾ ബുദ്ധിമുട്ടുന്നത് കാണുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

സ്‌കാനിങ്ങിന് കാത്തിരിപ്പ്

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടർ സ്കാനിങ് നിർദേശിച്ചാൽ മെഡിക്കൽ കോളേജിലേക്ക് പോകാനെന്ന നിർദേശമാണ് ലഭിക്കുക. ഉടനെ സ്കാൻ ചെയ്യേണ്ട രോഗങ്ങൾക്കുവരെ മൂന്നുമാസത്തിന് ശേഷമുള്ള തീയതിയാണ് സ്കാനിങ്ങിന് നൽകുക. സ്കാനിങ് റൂമിൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും ആക്ഷേപമുണ്ട്.

സ്ഥലപരിമിതിയിൽ ലാബും ഫാർമസിയും

ലാബും ഫാർമസിയും സ്ഥലപരിമിതി കാരണം വീർപ്പുമുട്ടുകയാണ്. ഫാർമസിയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടും നിർമാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. മഴയിലും വെയിലിലും ആശുപത്രിയുടെ വരാന്തയ്ക്കുപുറത്തുവരെയാണ് മരുന്നുവാങ്ങുന്നതിനായി രോഗികൾ നിൽക്കുന്നത്. ഇത് ആശുപത്രിക്ക് പുറത്തേക്ക് വാഹനങ്ങൾ പോകുന്നതിനും തടസ്സമുണ്ടാക്കുന്നു.

ലാബിലും എക്സ്‌-റേ യൂണിറ്റിന് മുന്നിലും രോഗികൾക്ക് കാത്തിരിക്കാൻ മതിയായ സൗകര്യങ്ങളില്ല.

മാസ്റ്റർ പ്ലാൻ വരുന്നു

ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ അത്യാഹിത വിഭാഗത്തിന്റെ വിപുലീകരണവും ഉടൻ ആരംഭിക്കും. ആശുപത്രിക്ക് ഉള്ളിലെ മെഡിക്കൽ കോളേജ് ജനറൽ ആശുപത്രിക്ക് വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഒ.പി. അടച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പദ്മലത പറഞ്ഞു. ടോക്കൺ സംവിധാനത്തിലെ തകരാർ ഉടൻതന്നെ പരിഹരിക്കും. അൾട്രാ സൗണ്ട് സ്കാനിങ് എമർജൻസി എന്ന് രേഖപ്പെടുത്തുന്നത് അപ്പോൾത്തന്നെ ചെയ്തുനൽകാറുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

ഡോ. പദ്മലത, ജനറൽ ആശുപത്രി സൂപ്രണ്ട്‌