രക്തദാനത്തിന്റെ മഹത്വവും സന്ദേശവും വിദ്യാർഥികളിലേക്കും നാട്ടുകാരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യത്തെ സർക്കാർ എൻജിനീയറിങ് കോളേജി(സി.ഇ.ടി)ലെ വിദ്യാർഥികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തി.

എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അഞ്ചുദിവസത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ആദ്യദിനത്തിൽ എൻ.എസ്‌.എസ്. പ്രവർത്തകർ മാൾ ഓഫ് ട്രാവൻകൂറിൽ രക്തദാനവുമായി ബന്ധപ്പെട്ടുള്ള ഫ്ലാഷ് മോബും തത്സമയ ചിത്രരചനാ മത്സരവും നടത്തി പരിപാടികൾക്ക് തുടക്കമിട്ടു.

സി.ഇ.ടി.യിലെ രണ്ടാംദിനത്തിൽ കോളേജിലെ സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ച് കോളേജിൽനിന്ന്‌ തമ്പാനൂർ കെ‌.എസ്‌.ആർ.ടി.സി. ബസ് ഡിപ്പോവരെ രക്തദാന സന്ദേശവുമായി സൈക്കിൾ റാലിയും തുടർന്ന് ഫ്ലാഷ് മോബും നടത്തി. രണ്ടാം ദിവസം പ്രധാനമായും സ്കൂൾ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളാണ് നടന്നത്. കോട്ടൺഹിൽ സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, കഥയെഴുത്ത് തുടങ്ങിയവയും നടന്നു. തുടർന്ന് ജനറൽ ആശുപത്രിയുമായി സഹകരിച്ച് സ്കൂളിൽ രക്തദാന ക്യാമ്പും നടത്തി. തുടർന്ന് ശംഖുംമുഖം കടൽത്തീരത്ത് രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള മണൽശില്പം ഒരുക്കുകയും തെരുവുനാടകം അവതരിപ്പിക്കുകയും ചെയ്തു.

നാലാം ദിവസം സി.ഇ.ടി.യിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റും ഓൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ (കെ.ഇ.ബി.എസ്.) ജനറൽ സെക്രട്ടറിയുമായ കെ.പി.രാജഗോപാലൻ രക്തദാനത്തെക്കുറിച്ച് ക്ലാസ് നടത്തി. വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. രാത്രിയിൽ കോളേജ് കവാടം മുതൽ കളിസ്ഥലംവരെ മെഴുകുതിരി നടത്തവും സംഘടിപ്പിച്ചു. തുടർന്ന് വിവിധ കോളേജുകളിൽ നിന്നുള്ള മ്യൂസിക് ബാൻഡുകൾ പങ്കെടുത്ത സംഗീത മത്സരവും നടന്നു.

മൂന്നാംവർഷ വിദ്യാർഥികളായ ശ്രീഷമ,നിധിൻ, അനുശ്രീ, തുഷാര, അസ്‌ലഹമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.