മുട്ടോളം വെള്ളംപൊങ്ങിയ സ്കൂൾ വരാന്തയിൽ ഡസ്‌കും ബെഞ്ചും നിരനിരയായിട്ട്, അതിനു മുകളിലൂടെയാണ്‌ കുട്ടികൾ രണ്ടാംനിലയിലെ ക്ലാസ് മുറിയിലേക്കു കയറിയത്. സ്കൂളിന്റെ താഴത്തെ നിലയിലെ ക്ലാസ്‌മുറികളിൽ വെള്ളം കയറിയതോടെയാണ് ചാക്ക ഗവൺമെന്റ് യു.പി. സ്കൂളിലെ കുട്ടികൾക്ക് സഹസികമായി ക്ലാസ് മുറിയിൽ കയറേണ്ട ദുരവസ്ഥവന്നത്.

ബുധനാഴ്ച രാത്രി മുതൽ നഗരത്തിൽ പെയ്ത ശക്തമായ മഴയിലാണ് ചാക്ക ഗവൺമെന്റ് യു.പി.സ്കൂളും പരിസരപ്രദേശവും വെള്ളക്കെട്ടിലായത്. വെള്ളക്കെട്ട് രൂക്ഷമായതോടെ സ്കൂളിന് വെള്ളിയാഴ്ച അവധി നൽകി.

ആകെയുള്ള 24 വിദ്യാർഥികളിൽ പകുതിപേർ മാത്രമാണ് വ്യാഴാഴ്ച സ്കൂളിലെത്തിയത്. വെള്ളം കയറിയതിനെത്തുടർന്ന് സ്കൂളിലെ ഒന്നാംനില കെട്ടിടം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഡസ്കുകളിൽ ചവിട്ടിയാണ് വിദ്യാർഥികളും അധ്യാപകരും മുകളിലത്തെ നിലയിലേക്ക് കയറുന്നത്. ഡസ്കിന് മുകളിലൂടെ സ്കൂൾ അധികൃതർ വിദ്യാർഥികളെ സുരക്ഷിതമായല്ല ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാർഥികളെ മഴയത്ത് പുറത്തുനിർത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാൽ അധ്യാപകരോടൊപ്പം തന്നെയാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചതെന്ന് പ്രഥമാധ്യാപിക എസ്.ഓമന പറഞ്ഞു.

ചാക്ക ഗവൺമെന്റ് സ്കൂളിന് ആകെ രണ്ടു കെട്ടിടങ്ങളാണുള്ളത്. പഴയ കെട്ടിടത്തിൽ ഇപ്പോൾ ക്ലാസുകൾ നടക്കുന്നില്ല. രണ്ടാമത്തെ ഇരുനിലക്കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. വെള്ളം കയറിയ ക്ലാസ് മുറികളിലെ വിദ്യാർഥികൾ മുകളിലത്തെ വരാന്തയാണ് പഠനസ്ഥലമായി ഉപയോഗിക്കുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ വരാന്തയിലിരിക്കുന്ന കുട്ടികൾ മഴനനയേണ്ട അവസ്ഥയാണ്. ചെറിയ മഴയിൽത്തന്നെ താഴത്തെ ക്ലാസ് മുറികളിൽ വെള്ളം കയറാറുണ്ടെന്ന് പ്രദേശവാസി രവീന്ദ്രൻ പറഞ്ഞു.

സ്കൂളിനു സമീപം പുതുതായി നിർമിച്ച കെട്ടിടങ്ങളെല്ലാം മണ്ണിട്ട് ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്നുള്ള മലിനജലം ഇങ്ങോട്ട് ഒഴുകിയെത്തും. കുട്ടികളും അധ്യാപകരും ഈ വെള്ളത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്.

വെള്ളക്കെട്ടിന് കാരണം ബൈപ്പാസ് നിർമാണവും മാലിന്യവും

----------------------

ശക്തമായ മഴയിൽ ചാക്ക സ്കൂളും പരിസരപ്രദേശങ്ങളിലും നേരത്തേ പലതവണ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമാകില്ലെന്ന് നാട്ടുകാർ പറയുന്നു. ഐ.എച്ച്.ആർ.ഡി.യുടെ പുതിയ കെട്ടിടം നിർമിക്കുന്നതും ബൈപ്പാസ് നിർമാണം ആരംഭിച്ചതോടെ ജങ്ഷനും സമീപപ്രദേശങ്ങളും താഴ്ചയിലായതും ഓടകൾ യഥാസമയം വൃത്തിയാക്കത്തതുമാണ് വെള്ളക്കെട്ടിന് കാരണം.

ചെറിയ മഴയിൽത്തന്നെ സ്കൂൾ പരിസരത്തും സമീപ പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും അലംഭാവമാണ് ഇതിനുകാരണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. ആരോപിച്ചു.

വെള്ളം പമ്പുചെയ്ത് മാറ്റുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും സ്കൂളിൽ താത്‌കാലിക ചവിട്ടുപടികളും ഇ-ടോയ്‌ലെറ്റും സ്ഥാപിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടതായും എം.എൽ.എ.അറിയിച്ചു.

വീടുകളും വെള്ളത്തിൽ

‘പുലർച്ചെ നാലുമണിക്ക് നോക്കുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള വെള്ളമേ റോഡിൽ ഉണ്ടായിരുന്നുള്ളു. ഏഴുമണിയോടെ വീടിന്റെ പടിയോളം വെള്ളമെത്തി’ -ചാക്ക അജന്തപുള്ളി ലെയ്‌നിൽ താമസിക്കുന്ന സന്ധ്യാ ഗോപിനാഥിന്റെ വാക്കുകളാണ്. ബുധനാഴ്ച രാത്രി മുതൽ പെയ്ത ചാക്ക അജന്തപുള്ളി ലെയ്‌ൻ റോഡിൽ എട്ടുവീടുകൾ വെള്ളംകയറി. റോഡ് തുടങ്ങുന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായതോടെ ചാക്കയിലേക്ക് എത്തേണ്ട കോളനിനിവാസികളെ ബുദ്ധിമുട്ടിലാക്കി. പ്രായമായവർ വെള്ളത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെയാണ് ഇവിടെ വെള്ളംകയറുന്നതെന്ന് പ്രദേശവാസി വിജയം പറയുന്നു.

ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രദേശവാസികൾക്കും പറയാനുള്ളത്. കഴിഞ്ഞ ജൂണിൽ റോഡിലെ വെള്ളക്കെട്ടിൽ പൊട്ടിക്കിടന്ന വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ച സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിൽ

-----------------------

ബുധനാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. തമ്പാനൂർ എസ്.എസ്.കോവിൽ റോഡ്, കിഴക്കേക്കോട്ട, സ്റ്റാച്യു, ചാക്ക, ഈഞ്ചയ്ക്കൽ അടക്കമുള്ള നഗരത്തിലെ പ്രധാന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഓടകളിലെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളക്കെട്ടിന് കാരണം. ഓടകൾ യഥാസമയം ശുചീകരിക്കാറില്ലെന്ന നഗരവാസികളുടെ പരാതിയും സ്ഥിരമാണ്.

മഴ ശക്തമായതോടെ ഇരുചക്രവാഹനങ്ങൾക്കു പകരം ആളുകൾ കാറുകളുമായി നിരത്തിലിറങ്ങിയത് ഗതാഗതക്കുരുക്കുണ്ടാക്കി. കഴക്കൂട്ടം മുതൽ ഉള്ളൂർ വരെയും വഴുതക്കാട് മുതൽ കോട്ടീഹിൽ സ്കൂളുവരെയും ഉപ്പിടാമൂട് തുടങ്ങിയ നഗരത്തിലെ പ്രധാന റോഡുകളിലും ജങ്ഷനുകളിലും രാവിലെ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.