കല്യാണമോ മറ്റോ പ്രമാണിച്ച് സത്കാരവിഭവങ്ങൾ തയ്യാറാക്കിക്കൊടുക്കാൻ ചിലപ്പോഴൊക്കെ ഇന്ത്യൻ കോഫി ഹൗസിന് ഓർഡർ കിട്ടും. ആവശ്യപ്പെട്ടാൽ അതിന്റെ ജീവനക്കാർതന്നെ വിളമ്പുകയും ചെയ്യും. അടുത്ത കാലത്ത് അത്തരമൊരു ഓർഡർ കൊടുത്തയാൾ പറഞ്ഞു, കോഫി ഹൗസ് ജീവനക്കാർ തലപ്പാവും അരപ്പട്ടയുമടക്കം യൂണിഫോം ധരിച്ചുതന്നെ വിളമ്പണം! കഴക്കൂട്ടത്തെ കോഫി ഹൗസ് ശാഖയുടെ മാനേജർ കെ.ഗോപാലകൃഷ്ണൻ നായർ ആ സംഭവം അഭിമാനത്തോടെയാണ് വിവരിച്ചത്.

കോഫി ഹൗസിനെ ജനം വിശ്വസിക്കാനുള്ള കാരണങ്ങളും അദ്ദേഹത്തിനു പറയാനുണ്ട്. സ്വന്തം വീട്ടിൽ വെച്ചുവിളമ്പുന്ന മനസ്സോടെയാണ് ഇതിലും ചെയ്യുന്നത്. പലചരക്കും പച്ചക്കറിയുമൊക്കെ മേന്മ നോക്കിത്തന്നെ വാങ്ങുന്നു. ഇന്ത്യൻ കോഫി ഹൗസുകൾ പൊടിവർഗങ്ങൾ വാങ്ങാറില്ല; മുളകും മല്ലിയും മറ്റും വാങ്ങി മില്ലിൽ പൊടിപ്പിച്ചെടുക്കുന്നു. മായമില്ലെന്ന് ഉറപ്പാക്കുന്നു. കഴക്കൂട്ടത്തെ കോഫി ഹൗസിന്റെ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതു കാണിച്ച് അദ്ദേഹം ചോദിച്ചു, ഇത്രയും വെള്ളം ചെലവിട്ട് വേറെ എത്ര ഹോട്ടലുകാർ വൃത്തിയാക്കും? ഈ ശാഖയ്ക്ക് മാസം 25000 ലിറ്ററെങ്കിലും വെള്ളം ചെലവാകുന്നു. ഭക്ഷണം കഴിക്കാൻ വരുന്നയാളുടെ തൃപ്തിയാണ് കോഫി ഹൗസിന്റെ പരസ്യം. ഇങ്ങനെ ഉപഭോക്താവിനെ മാനിക്കുന്നതുകൊണ്ട് കോഫി ഹൗസുകൾ പലതിനും ലാഭമില്ല. അദ്ദേഹം ഒരു കാര്യംകൂടി പറഞ്ഞു, ഒരുപാട് ശാഖകളുള്ള സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമല്ലായിരുന്നെങ്കിൽ, കഴക്കൂട്ടത്തെ ഇന്ത്യൻ കോഫി ഹൗസ് എന്നേ പൂട്ടിപ്പോകുമായിരുന്നു! അതേ, കഴക്കൂട്ടത്ത് ഇപ്പോൾ ഉച്ചവരെ അടഞ്ഞുകിടക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ശാഖയുടെ ഗേറ്റ് സ്ഥിരമായി അടയാൻപോകുന്നു. ഈ ശാഖ അവസാനിപ്പിക്കാനാണ് തീരുമാനം. നഗരങ്ങളിൽമാത്രമല്ല, നാട്ടിൻപുറങ്ങളിലും ഇന്ത്യൻ കോഫി ഹൗസുകൾ തുടങ്ങുന്ന ഇക്കാലത്ത്, തിരുവനന്തപുരത്തിന്റെ ഏറ്റവും വേഗം വികസിക്കുന്ന ഈ സൈബർ സിറ്റിയിൽ കോഫി ഹൗസ് നഷ്ടത്തിലാണ്! അതാണ് പൂട്ടാൻ കാരണം.

നഷ്ടത്തിൽനിന്ന്‌ നഷ്ടത്തിലേക്ക്

അഞ്ചുകൊല്ലംമുമ്പ് ഇൻഫോസിസിനടുത്താണ് ഈ ശാഖ തുടങ്ങിയത്. അവിടെ രണ്ടു കൊല്ലത്തോളം പ്രവർത്തിച്ചു. അവിടെ ബൈപ്പാസിന്റെ പ്രധാന റോഡ് ഉയർത്തിയപ്പോൾ കോഫി ഹൗസ് താഴ്ചയിലായി. അധോഗതി അപ്പോൾ തുടങ്ങി. ആഹാരം കഴിക്കാൻ യാത്രക്കാർ പൊതുവേ ’കുഴിയിലേക്ക്’ ഇറങ്ങിവരാതായി. നഷ്ടക്കച്ചവടമായപ്പോഴാണ് കഴക്കൂട്ടത്തു ദേശീയപാതയിലെ ബസ് സ്റ്റോപ്പിനടുത്തേക്കു മാറ്റിയത്. പെട്ടെന്ന് കിട്ടിയ കെട്ടിടം വാടകയ്‌ക്കെടുത്തു. മാസവാടക 71166 രൂപ. കറന്റിനും വെള്ളത്തിനുംകൂടി മാസം 17000 രൂപയാകും. മുപ്പതു ജീവനക്കാർ തുടക്കത്തിൽ ഈ കോഫി ഹൗസിലുണ്ടായിരുന്നു. ഇപ്പോൾ 13 ജീവനക്കാരേയുള്ളൂ. ഇവരുടെ ശമ്പളത്തിന് മാസം മൂന്നുലക്ഷം രൂപയാകും. മാസം ഒന്നരലക്ഷംമുതൽ രണ്ടരലക്ഷംവരെ രൂപ നഷ്ടത്തിലാണ് ഈ ശാഖ ഓടുന്നതെന്ന് മാനേജർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ ഈ ശാഖ രാവിലെ തുറക്കുന്നില്ല; ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനം. ഒരു ഷിഫ്റ്റ് ഒഴിവാക്കിയാൽ രക്ഷപ്പെടുമോ എന്നു നോക്കിയതാണ്. കറന്റ് ചെലവ് കുറയ്ക്കാൻ ഫാമിലി റൂമിൽനിന്ന് എ.സി.എടുത്തുമാറ്റി. രാവിലെ ഭക്ഷണം കഴിക്കാനായി ഇവിടെ വണ്ടി നിർത്താനൊരുങ്ങുന്ന യാത്രക്കാർ കാണുന്നത് അടഞ്ഞ ഗേറ്റാണ്. ഇതു നിർത്തിക്കാണും എന്നു കരുതി പിന്നെ അവർ ഈ ഭാഗത്തു നോക്കാതായി. വെളുക്കാൻ തേച്ചതു പാണ്ടായെന്നു പറയുന്നതുപോലെ ആയെന്നാണ് മാനേജർക്കും പറയാനുള്ളത്.

പാർക്കിങ് ഇല്ലാതെങ്ങനെ...

കഴക്കൂട്ടത്ത് തിരക്കേറിയ കവലയോടു ചേർന്നാണ് കോഫി ഹൗസ്. ഇവിടെ റോഡരികിൽ കുറച്ച് സ്ഥലമുണ്ടെങ്കിലും മറ്റു കടക്കാരുടെ കാറുകൾ രാവിലെതൊട്ടേ പാർക്ക് ചെയ്തിട്ടുണ്ടാകും. കോഫി ഹൗസ് കെട്ടിടത്തിന്റെ മുറ്റത്ത് ഇത്തിരി ഇടമേയുള്ളൂ. അവിടെ കാറിന് വളച്ചുതിരിച്ചു കൊണ്ടുപോകാനിടമില്ല. റിവേഴ്‌സ് എടുത്തേ പറ്റൂ. അവിടെ ഒരു കാർ ഉള്ളപ്പോൾ പിന്നിൽ മറ്റൊരു കാർ പാർക്കു ചെയ്താൽ, ആദ്യത്തെ ആളിന്റെ തിരിച്ചുപോക്ക് വൈകും. കാർയാത്രക്കാർ ഇതു കാരണം കയറാൻ മടിക്കുന്നു. മാത്രമല്ല, റോഡരികിൽ ഒതുക്കാൻ നോക്കുമ്പോഴേക്കും വേഗം സ്ഥലംവിടാൻ പോലീസുകാർ കൈ വീശും. റോഡിലെ കുരുക്ക് ഒഴിവാക്കണമല്ലോ? യാത്രക്കാരുടെ കാറുകൾ ഒതുക്കിയിടാൻ ഇടമില്ലാത്തതാണ് ആൾ കുറയാനും നഷ്ടം വരാനും പ്രധാന കാരണമെന്ന് മാനേജർ പറയുന്നു. തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ് പാർക്കിങ് സ്ഥലത്തിനായി ചോദിച്ചെങ്കിലും കിട്ടിയില്ല. ഗേറ്റിൽ ’കെട്ടിടം വാടകയ്ക്ക്’ എന്ന അറിയിപ്പ് ഉടമ പതിച്ചുകഴിഞ്ഞു. ജൂലായ് ഒടുവിൽ കോഫി ഹൗസ് ഒഴിയാനിരുന്നത് സെപ്റ്റംബർ ഒടുക്കംവരെ ആക്കിയിരിക്കുകയാണ്. കഴക്കൂട്ടത്ത് വേറെ രണ്ടു മൂന്നു സ്ഥലങ്ങൾ നോക്കിയെങ്കിലും സൗകര്യം കുറവാണ്.

ടെക്‌നോപാർക്കിൽ സ്ഥലം തേടാനാകും

ഐ.ടി.ജീവനക്കാർ പലരും ഇന്ത്യൻ കോഫി ഹൗസിലെത്തുന്നുണ്ട്. അത് കഴക്കൂട്ടത്തു നിലനിർത്തിയാൽമാത്രം പോരാ, ടെക്‌നോപാർക്ക് കാമ്പസിൽ ഒന്നു രണ്ടു ശാഖകൾ തുടങ്ങുകയും വേണമെന്ന് ഐ.ടി. ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ജനറൽ സെക്രട്ടറി രാജീവ് കൃഷ്ണൻ പറയുന്നു. കാമ്പസിൽ ശാഖ തുടങ്ങണമെന്ന് ഒരു കൊല്ലംമുമ്പ് ഇന്ത്യൻ കോഫി ഹൗസിന്റെ തൃശ്ശൂരിലെ പ്രധാന ഓഫീസിൽ പ്രതിധ്വനി നിവേദനം കൊടുത്തിരുന്നു. അധികാരികളുമായി ബന്ധപ്പെട്ട് കാമ്പസിനകത്ത് സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാർക്ക് കാമ്പസിൽ ധാരാളം നല്ല കാര്യങ്ങൾ നടത്തുന്ന പ്രതിധ്വനി പറയുന്നത് വെറും വാക്കാവില്ല. അത് തീർച്ചയായും തേടാവുന്ന സാധ്യതയാണ്.

ജനപ്രതിനിധികൾ ഇടപെടണമെന്ന് ജനകീയ വികസനസമിതി

ഇന്ത്യൻ കോഫി ഹൗസ് കഴക്കൂട്ടത്തു നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് കഴക്കൂട്ടം ജനകീയ വികസനസമിതി ജനറൽ സെക്രട്ടറി എസ്.മനോഹരൻ പറഞ്ഞു. വൃത്തിയായും ചിട്ടയായും ആഹാരം വെച്ചുവിളമ്പുന്ന ഈ സ്ഥാപനം ഇന്നാട്ടിലെ സാധാരണക്കാർക്കും ഇതുവഴി പോകുന്ന യാത്രക്കാർക്കും ഉപകാരപ്പെടുന്നുണ്ട്. ഇത് കഴക്കൂട്ടത്ത് നിലനിർത്താനുള്ള സൗകര്യം കിട്ടുന്നതിന് തിരുവനന്തപുരം നഗരസഭയും സ്ഥലം എം.എൽ.എ.കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹായിക്കണമെന്ന് മനോഹരൻ അഭ്യർഥിച്ചു.

സ്ഥിരം ഉപഭോക്താക്കളുടെ താത്പര്യം

ഇന്ത്യൻ കോഫി ഹൗസ് ഉള്ള സ്ഥലത്താണെങ്കിൽ അവിടെയേ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കയറൂ എന്നു ശീലമുള്ള മലയാളികളിലൊരാളാണ് പാപ്പനംകോട്ട് താമസിക്കുന്ന, നിർമാണക്കമ്പനിയുടമയായ എസ്.പ്രശാന്ത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ കോഫി ഹൗസിൽനിന്ന് മടങ്ങിയപ്പോൾ, അതു പൂട്ടാനിരിക്കുന്നു എന്നറിഞ്ഞതിലുള്ള വിഷമം പുങ്കുവെച്ചു. വിശ്വസിച്ച് ആഹാരം കഴിക്കാൻ പറ്റുന്ന സ്ഥലമാണ് കോഫി ഹൗസ്. ഇവിടത്തെ വിഭവങ്ങളിൽ നമുക്കിഷ്ടമുള്ളത്-ചപ്പാത്തിയോ മസാൽ ദോശയോ ബിരിയാണിയോ ആകട്ടെ, അവർ തരാൻ തയ്യാറാണ് -പ്രശാന്ത് പറഞ്ഞു.