ജീവന്റെ കാവലാളായ ഇവർക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ല. കടൽത്തീരത്ത് മഴയും വെയിലും അവഗണിച്ച് ഡ്യൂട്ടിചെയ്യുന്ന ലൈഫ് ഗാർഡുമാരുടെ ജീവന് എന്ത് സുരക്ഷയാണ് സർക്കാർ നൽകുന്നതെന്നാണ് അവരുടെ ചോദ്യം.

രക്ഷാപ്രവർത്തനത്തിന് ആകെയുള്ളത് ഒരു ലൈഫ് ബോയും ട്യൂബും മാത്രം. ഫസ്റ്റ് എയിഡ് കിറ്റ്, വാക്കിടോക്കി, അപകടത്തിൽപ്പെടുന്നവരെ കരയ്ക്കെത്തിക്കാനുള്ള ഡിങ്കി ബോട്ട്. സെർച്ച് ലൈറ്റ് എന്നിവയൊന്നും ഇല്ല. നീന്തലറിയാവുന്നതിനാലാണ് ഇവരെ രക്ഷപ്പെടുത്താനാകുന്നത്. ആരെങ്കിലും വെള്ളത്തിൽ വീണാൽ അവരെ കരയ്ക്കെത്തിക്കുന്നതിന് ആ സമയത്ത് ഡ്യൂട്ടിയിലുള്ളവർ ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുക.

ബുധനാഴ്ച വൈകീട്ട് നടത്തിയ രക്ഷാപ്രവർത്തനവും ഇത്തരത്തിലായിരുന്നു. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് മറിഞ്ഞുവീണായിരുന്നു ലൈഫ് ഗാർഡായ ജോൺസൺ കടലിൽ വീണത്. മറ്റുള്ളവർ രക്ഷപ്പെടുത്തുന്നതിന് മുമ്പെയെത്തിയ മറ്റൊരു തിര ജോൺസനെ ഒഴുക്കിക്കൊണ്ടുപോയതായും ലൈഫ് ഗാർഡുമാർ പറഞ്ഞു.

33 വർഷമായി ടൂറിസം വകുപ്പിന്റെ കീഴിലാണ് ലൈഫ്ഗാർഡുമാർ ജോലിചെയ്യുന്നത്. തുടക്കം ചുരുങ്ങിയ ശമ്പളമായിരുന്നു. രണ്ട് തവണ സമരം ചെയ്തപ്പോൾ ശമ്പളവർധനവുണ്ടായി. എന്നാൽ സർക്കാർ തരാമെന്നേറ്റ ഇൻഷുറൻസ് ഇതുവരെ പ്രാബല്യത്തിലായില്ല. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലായാൽ ശമ്പളം വെട്ടിക്കുറക്കും.

അപകടം പറ്റിയവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനങ്ങൾ വിളിച്ചാൽ പലപ്പോഴും വരാറില്ല. സ്വന്തം പൈസ മുടക്കിയാണ് പലപ്പോഴും ആശുപത്രിയിലെത്തിക്കുന്നതെന്നും ലൈഫ് ഗാർഡുമാർ പറഞ്ഞു. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മിനി ആംബുലൻസ് സജ്ജമാക്കാൻ സർക്കാർ തയ്യാറായാൽ ഒരുപാട് പേരെ രക്ഷപ്പെടുത്താനാകുമെന്നും അവർ പറഞ്ഞു.

പൊഴിയൂർ മുതൽ കാസർകോട് വരെ കേരളതീരത്ത് 180 ലൈഫ് ഗാർഡുകളാണുള്ളത്. ഇതിൽ ജില്ലയിൽ പൊഴിയൂർ കടൽത്തീരം മുതൽ വർക്കല ബീച്ച് വരെ 77 പേരുമുണ്ട്. ഇതിൽ ശംഖുംമുഖത്ത് 16 പേരുണ്ട്. ഇവരിൽ അഞ്ചുപേരെയാണ് ഓരോ ദിവസവും ഡ്യൂട്ടിക്കായി ഏർപ്പെടുത്തുന്നത്. രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെയാണ് ഞങ്ങളുടെ ഡ്യുട്ടി. പുതുക്കിയ ശമ്പളനിരക്ക് അനുസരിച്ച് ഓരോ ഡ്യൂട്ടിക്കും 815 രൂപയാണ് ലഭിക്കുന്നത്. അത് 15 ദിവസത്തേക്ക് നിജപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളും കൂടി അനുവദിച്ചാൽ കടലും തീരവുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വെള്ളത്തിൽ വീണ് അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്താനാകുമെന്ന് ലൈഫ് ഗാർഡുമാർ പറഞ്ഞു.