അവഗണനയുടെ നോട്ടങ്ങൾക്ക് തന്റെ നേട്ടങ്ങളിലൂടെ മറുപടി പറയുകയാണ് ഹെയ്ദി സാദിയ. സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ജേണലിസം വിദ്യാർത്ഥിയായ ഹെയ്ദി കോഴ്‌സ് പൂർത്തിയാക്കിയത് ഫസ്റ്റ് ക്ലാസോടെ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നിന്ന് ഇലക്ട്രോണിക് ജേണലിസം പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയാണ് സ്വന്തമാക്കിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ഹെയ്ദി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ട്രാൻസ് വുമണായത്.

നാല് വർഷം മുമ്പ് താനൊരു ട്രാൻസ് ജെൻഡറാണെന്ന തുറന്നു പറച്ചിൽ നാട്ടിലും വീട്ടിലും കോലാഹലമുണ്ടാക്കി. ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ ബെംഗളൂരുവിലേക്ക് പോയി. ട്രാൻസ്‌ജെൻഡർ പ്രവർത്തകയായ മിയയാണ് ഹെയ്ദിക്ക് എല്ലാ സഹായവും നൽകിയത്. തനിക്ക് പഠിക്കണമെന്നും നല്ലൊരു ജോലി സ്വന്തമാക്കണമെന്നുമുള്ള ആഗ്രഹത്തിൽ ഹെയ്ദി തുടർന്നും പഠിച്ചു. ഇഗ്നോയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. പിന്നീടാണ് ജേണലിസം പഠിക്കാൻ തിരുവനന്തപുരത്തെത്തിയത്. അടുത്ത ആഴ്ച മുതൽ സ്വകാര്യ ചാനലിൽ ഇന്റേൺഷിപ്പ് ആരംഭിക്കും.

മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളർത്തമ്മ. ട്രാൻസ്‌മാനായ അഥർവുമായി ഹെയ്ദിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയായ അഥർവിന്റെ വീട്ടുകാർ വഴിയാണ് കല്യാണാലോചന. തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ സൂര്യയുടെയും ഇഷാന്റെയും വളർത്തുമകനാണ് അഥർവ്.