പ്രസവം നടത്തണമെങ്കിൽ ഇപ്പോൾ എന്താ ചെലവ്. സാധാരണക്കാരന് താങ്ങാവുന്നതിലും ഏറെയെന്ന് കരുതി വിഷമിക്കുന്ന ദമ്പതിമാർക്ക് പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലേക്ക് വരാം. വന്ധ്യതാ ചികിത്സ മുതൽ പ്രസവശുശ്രൂഷ വരെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭിക്കും. അലോപ്പതി ചികിത്സയ്ക്കും സൗകര്യമുണ്ട്. ആയുർവേദവും കൂടിച്ചേരുമ്പോൾ ഇവിടെനിന്നും കേൾക്കുന്നത് അമ്മമാരുടെ സന്തോഷ വർത്തമാനങ്ങൾ മാത്രം.

സിസേറിയൻ സൗകര്യം

സിസേറിയൻ സൗകര്യമുള്ള ആയുർവേദ ആശുപത്രിയോ എന്നുകേട്ട് അത്ഭുതപ്പെടേണ്ട. ആയുർവേദത്തിന്റെയും അലോപ്പതിയുടെയും സേവനം സംയുക്തമായി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആയുർവേദ ആശുപത്രിയാണ് പൂജപ്പുരയിലെ ആശുപത്രി. ഇവിടെ വർഷങ്ങളായി സിസേറിയൻ സൗകര്യം ലഭ്യമാണ്. പ്രത്യേക രീതിയിലുള്ള പരിചരണംവഴി കൂടുതലും സുഖപ്രസവം നടക്കുന്ന ഇവിടെ സിസേറിയനാണേലും ഭയപ്പെടേണ്ടതില്ലെന്ന് ചുരുക്കം. വന്ധ്യതാചികിത്സ, ആർത്തവസംബന്ധമായ ചികിത്സ, ഗർഭിണി പരിചരണം, പ്രസവ-പ്രസവാനന്തര ശുശ്രൂഷ, സ്തനരോഗങ്ങൾക്കുള്ള ചികിത്സയും ഇവിടെയുണ്ട്. സ്ത്രീ പുരുഷന്മാരുടെ സ്വാഭാവികമായ ഗർഭോത്‌പാദനശേഷി വർധിപ്പിച്ച് സ്വഭാവിക പ്രത്യുത്‌പാദനശേഷി വർധിപ്പിക്കുകയാണ് പ്രധാന പ്രത്യേകത.

ലേബർ റൂമും ഓപ്പറേഷൻ തിയേറ്ററും

ഒരുകോടി രൂപ െചലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവയും പൂജപ്പുരയിലെ ആശുപത്രിയിലുണ്ട്. അനസ്തീഷ്യ വിദഗ്ധൻ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ, സി.എസ്.ആർ.ടെക്‌നീഷ്യൻ തുടങ്ങിയവരും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് ആശുപത്രിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ഡോക്ടർമാർ പറയുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ താക്കോൽദ്വാര ശസ്ത്രക്രിയ, താക്കോൽദ്വാര വന്ധ്യംകരണം എന്നിവയുടെ ചികിത്സയും ലഭ്യമാണ്. അതുപോലെ ഗർഭപാത്രം നീക്കംചെയ്യുന്നതിനുള്ള സൗകര്യം ഉപയോഗിക്കാനെത്തുന്നവരും ഒട്ടേറെയാണ്.

അറിഞ്ഞും കേട്ടുമെത്തുന്നവർ

അറിഞ്ഞും കേട്ടും ധാരാളംപേരാണ് പൂജപ്പുരയിലെ ആശുപത്രിയിലേക്കെത്തുന്നത്. എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ പുറത്തുനിന്നും വരുന്നവർക്ക് ഞായറാഴ്ചകളിൽ പ്രത്യേക ഒ.പി. സൗകര്യമുണ്ട്. കൂടാതെ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ എട്ടുമുതൽ ഒന്നു വരെയും ഡോക്ടറെ കാണുവാൻ സാധിക്കും. സ്ത്രീ രോഗങ്ങൾക്കായുള്ള മരുന്നുകൾ ആയുർവേദ ഫാർമസിവഴി സൗജന്യമാണ്. ക്രമംതെറ്റിയുള്ള ആർത്തവം, ആർത്തവ സമയത്തുള്ള വേദന, വെള്ളപോക്ക്, അമിതരക്തസ്രാവം തുടങ്ങിയ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കിവിടെനിന്നു ചികിത്സതേടാം. കൂടാതെ, വന്ധ്യതാ ക്ലിനിക് വഴി പ്രത്യേക മരുന്നുവിതരണവും ഉത്തരവസ്തി മുതലായവയിലൂടെ ചികിത്സയും ഉണ്ട്. ആർത്തവ വിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കും പ്രത്യേക ചികിത്സ ലഭ്യമാണ്.

ഗർഭധാരണം മുതൽ പ്രസവം വരെ

അൻപതോളം രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും പൂജപ്പുരയിലെ ആയുർവേദ ആശുപത്രിക്കുണ്ട്. ഇവർക്കായി പഞ്ചകർമ തിയേറ്റർ സൗകര്യവും ലഭ്യമാണ്. ഉത്തരവസ്തി, കൽക്കധാരണം, പിചുധാരണം, യോനിധാവനക്രിയ, ക്ഷാരക്രിയ മുതലായവ ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. കിടത്തിച്ചികിത്സ തേടാൻ കഴിയാത്തവർക്കായും ഇതേ ചികിത്സാരീതികൾ ചെയ്തുകൊടുക്കാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭധാരണത്തിനു മുൻപ് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ മുതൽ ഗർഭധാരണം മുതൽ പ്രസവംവരെയുള്ള ശുശ്രൂഷകളും ഇവിടെനിന്നു ലഭിക്കും. സ്ത്രീകളിലെ അർബുദം, ഗർഭിണികൾക്കുള്ള ഒ.പി., വന്ധ്യതയ്ക്കുള്ള ഒ.പി. എന്നിവയും ഉടൻ ആരംഭിക്കും.

ആശുപത്രിയായ നൃത്താലയം

സിസേറിയൻ ചെയ്യാൻ സൗകര്യമുള്ള കേരളത്തിലെ ആദ്യ ആയുർവേദ ആശുപത്രിയായ പൂജപ്പുരയുടെ ചരിത്രവും വളരെ പ്രസിദ്ധമാണ്. 1955-ൽ ആയുർവേദ ആശുപത്രിയായി മാറുംമുൻപെ ഇവിടം പ്രശസ്തമായ നൃത്താലയമായിരുന്നു. 1937-ലാണ് നൃത്താലയം പ്രവർത്തനം തുടങ്ങുന്നത്. സംഗീതപഠനത്തിന് സ്വാതിതിരുനാളിന്റെപേരിൽ തലസ്ഥാനത്ത് സംഗീത കോളജ് ആരംഭിച്ചു. അതുപോലെ, നൃത്തപഠനത്തിന് ചിത്തിരതിരുനാളിന്റെപേരിൽ ആരംഭിച്ചതാണ് ചിത്രോദയ നർത്തകാലയം. ‘ട്രാവൻകൂർ സ്കൂൾ ഓഫ് കേരള ഡാൻസിങ്’ എന്ന് ഇംഗ്ലീഷിലും അറിയപ്പെട്ടു. രാജഭരണകാലത്ത് കോട്ടയ്ക്കകത്ത് തെക്കേത്തെരുവിൽ മൃഗശാലയും ഉണ്ടായിരുന്നു. ഇരുമ്പ് കൂടുതലായി ഉപയോഗിച്ച് നിർമിച്ച അതിനെ ഇരുമ്പ് ബംഗ്ലാവ് എന്നും വിളിച്ചിരുന്നു. ഇത് പൊളിച്ചുമാറ്റിയാണ് പൂജപ്പുരയിൽ നൃത്താലയം നിർമിച്ചതെന്ന് ചരിത്രഗവേഷകർ പറയുന്നു. 64 വർഷത്തെ സേവനപാരമ്പര്യമുള്ള ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രസൂതിതന്ത്ര-സ്ത്രീരോഗവിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 1990-കളിലാണ്.

സിനിമാതാരങ്ങളും

കൊട്ടാരം നർത്തകനായ ഗുരുഗോപിനാഥും ഭാര്യ തങ്കമണിയുമായിരുന്നു നൃത്തപഠനത്തിന് നേതൃത്വം നൽകിയിരുന്നത്. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്. ജാതി, മത പരിഗണനകളില്ലാതെ ഏവർക്കും ശാസ്ത്രീയനൃത്തം അഭ്യസിക്കാൻ അവിടെ അവസരം ഉണ്ടായിരുന്നു. മലയാള സിനിമയിൽ പ്രസിദ്ധരായ ഒട്ടേറെപ്പേർ നൃത്തപഠനം നടത്തിയത് പൂജപ്പുരയിലെ നൃത്താലയത്തിലായിരുന്നു. ലളിത, പദ്മിനി, രാഗിണിമാർ അവരിൽ പ്രമുഖരായിരുന്നു.

ധൈര്യമായി വരൂ...

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 വരെ അൾട്രാസൗണ്ട് സ്‌കാനിങ്, എല്ലാദിവസവും രാവിലെ എട്ടുമുതൽ അഞ്ചുവരെ ലാബ് പരിശോധനയും മിതമായ നിരക്കിൽ ലഭ്യമാണ്. പ്രത്യേക ഹോർമോൺ പരിശോധനകൾക്കും സൗകര്യമുണ്ട്. ആർത്തവവിരാമ ലക്ഷണങ്ങൾ കാണിക്കുന്ന പ്രായംകുറഞ്ഞ സ്ത്രീകളുടെ ചികിത്സ, പലതവണയായി ഗർഭസ്രാവം നടന്ന് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കായുള്ള ചികിത്സയും ലഭ്യമാണ്. കൂടാതെ, ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായ പി.സി.ഒ.ഡി., അമിതരക്തസ്രാവം, വെള്ളപോക്ക്, ഗർഭാശയമുഖരോഗങ്ങൾ മുതലായവയിൽ ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്.

-ഡോ. ആശ ശ്രീധർ, പ്രൊഫ. ആൻഡ് എച്ച്.ഒ.ഡി.