കാടിന്റെ വന്യതയും അനുഭൂതിയും തെല്ലും നഷ്ടപ്പെടാതെ സന്ദർശകരിൽ എത്തിക്കുന്ന മ്യൂസിയം വളപ്പിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നവീകരണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ചിത്രങ്ങളിലൂടെയും വായനയിലൂടെയും അറിഞ്ഞ കാടിന്റെ പ്രതീതി സൃഷ്ടിക്കുന്ന മ്യൂസിയം, അടുത്തുതന്നെ സന്ദർശകർക്കായി തുറക്കുമെന്ന് മ്യൂസിയം മൃഗശാലാ ഡയറക്ടർ എസ്.അബു പറഞ്ഞു.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ കവാടത്തിൽ സന്ദർശകരെ സ്വീകരിക്കുന്നത് സ്റ്റഫ് ചെയ്ത രണ്ടു കാണ്ടാമൃഗങ്ങളാണ്. മൃഗശാലയിൽ തന്നെയുണ്ടായിരുന്ന കാണ്ടാമൃഗങ്ങളുടേതാണിത്. രണ്ടാംനിലയിലെ ത്രിമാന ഗാലറിയിൽ വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ രൂപങ്ങൾ അവയുടെ യഥാർഥ വലുപ്പത്തിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധ ആദിവാസി വിഭാഗങ്ങളുടെ ജീവിതരീതികളും പ്രത്യേതകളും പ്രദർശനത്തിനുണ്ട്.

സിംഹം, കടുവ, പുലി, പെരുമ്പാമ്പ്, കാട്ടുപന്നി, കാട്ടുമരങ്ങൾ എന്നിവയുടെ രൂപങ്ങൾ ഇവിടെയുണ്ട്. മൃഗങ്ങളുടെ വാസസ്ഥലങ്ങളും പ്രത്യേകതകളും ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷികളുടെ ഗാലറിയിൽ അപൂർവങ്ങളായ പക്ഷികളുടെ രൂപങ്ങളും ശരീരഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷി ഗവേഷകൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെട്ട മൃഗങ്ങളെ ജൈവ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച്‌ വേർതിരിക്കപ്പെട്ട ഡയോരമകൾ(ആവാസവ്യവസ്ഥ), കടലാമ, കരയാമ എന്നിവ മുട്ടയിടുന്ന ടോർട്ടോയിസ് ക്യാബിൻ, സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം മ്യൂസിയം സന്ദർശിച്ച് നവീകരണപ്രവർത്തനങ്ങൾ വിലയിരുത്തി.