സ്മൃതിസായാഹ്നം നടക്കുന്ന തൈക്കാട് ഭാരത്‌ ഭവന്റെ കവാടം കടക്കുമ്പോൾ പലരും എതിർവശത്തെ മേടയിൽവീട്ടിലേക്കു അറിയാതെ നോക്കി, വരാന്തയിൽ പ്രിയ സംഗീതകാരന്റെ സാന്നിധ്യം ഓർത്തുകൊണ്ട്. മൺമറഞ്ഞ് ഒൻപതാണ്ട് പിന്നിട്ടിട്ടും ഓർമകളും പാട്ടുകളുമായി എം.ജി.രാധാകൃഷ്ണൻ തലസ്ഥാനത്തെ സായാഹ്നത്തിൽ നിറഞ്ഞു. എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷനും ഭാരത് ഭവനും ചേർന്നാണ് ഓർമദിനം ആചരിച്ചത്; വേദിയായത് എം.ജി.രാധാകൃഷ്ണന്റെ മേടയിൽ വീടിന് എതിർവശത്തെ ഭാരത് ഭവൻ.

സംഗീതത്തെ കച്ചവടത്തിനുവെക്കാത്ത കലാകാരനായിരുന്നു എം.ജി.രാധാകൃഷ്ണനെന്ന് പരിപാടി ഉദ്ഘാടനംചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കർണാടകസംഗീതവും നാടൻ ശീലുകളും സിനിമാഗാനത്തിൽ ഇത്ര സുന്ദരമായി സമന്വയിപ്പിച്ച മറ്റൊരു സംഗീതജ്ഞൻ ഇല്ല. ലളിതഗാനങ്ങളെ കേരളത്തിൽ ജനപ്രിയമാക്കിയത് എം.ജി.രാധാകൃഷ്ണനാണെന്നും മന്ത്രി പറഞ്ഞു.

എം.ജി.യുടെ പ്രിയസ്നേഹിതനായിരുന്ന നെടുമുടി വേണു പാട്ടിന്റെയും സൗഹൃദത്തിന്റെയും പഴയകാലത്തിലേക്കു സദസ്സിനെ കൂട്ടിക്കൊണ്ടുപോയി. അപാര സംഗീതജ്ഞനായിരുന്ന എം.ജി.രാധാകൃഷ്ണൻ സിനിമാ സംഗീതസംവിധായകൻ എന്ന കള്ളിയിൽമാത്രം ചുരുങ്ങിപ്പോയതായി നെടുമുടി പറഞ്ഞു. ലഭിക്കേണ്ടിയിരുന്ന ഖ്യാതി സിനിമയുടെ കള്ളിയിൽപ്പെട്ട് തിരിച്ചറിയാതെപോയി. സിനിമയിലെത്തിയാൽ മറ്റ് വാസനകളെല്ലാം അറിയപ്പെടാതെപോകും-നെടുമുടി പറഞ്ഞു. എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷൻ സെക്രട്ടറികൂടിയായ ഡോ. കെ.ഓമനക്കുട്ടി, പദ്മജാ രാധാകൃഷ്ണൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കെ.ചന്ദ്രിക, കല്ലറ ഗോപൻ, പന്തളം ബാലൻ, ജീവൻ സത്യൻ എന്നിവർ പങ്കെടുത്തു. ആറുവരെ നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയ്ക്കും തുടക്കമായി. അദ്ദേഹം സംഗീതം പകർന്ന ഹിറ്റ് ചിത്രങ്ങളാണ് വൈകീട്ട് 6.30-ന് നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക.