കേരള മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ അട്ടപ്പാടി ഊരിലെ മധുവിന്റെ മരണവും എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതവും രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ജീവിതവും യുദ്ധക്കാഴ്ചകളുടെ വിഹ്വലതകളുമെല്ലാം യുവജനോത്സവ വേദിയിലെ പ്രച്ഛന്നവേഷ മത്സരത്തിൽ നിറഞ്ഞുനിന്നു.

അതിർത്തിയിലുണ്ടായ ഭീകരാക്രമണത്തിൽ പേരക്കുട്ടിയെ നഷ്ടപ്പെട്ട വയോധികന്റെ ജീവിതം അവതരിപ്പിച്ച വഴുതക്കാട് ഗവൺമെന്റ് വിമെൻസ്‌ കോളേജിലെ സൗപർണിക പ്രദീപും എൻഡോസൾഫാൻ ദുരിതത്തിൽപ്പെട്ട് കഴിയുന്ന ചെറുമകനെയും അവന് കൂട്ടിരിക്കുന്ന മുത്തശ്ശിയെയും ഒരേ വേദിയിൽ അവതരിപ്പിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ ആര്യ എച്ചും ഒന്നാംസ്ഥാനം നേടി.

ജനങ്ങളുടെ മാറിയ ചിന്തയും സ്ത്രീശാക്തീകരണവും അവതരിപ്പിച്ച കൊല്ലം എസ്.എൻ.കോളേജിലെ സുപർണ്ണ എസ്.അനിൽ രണ്ടാം സ്ഥാനത്തെത്തി.

ഗാന്ധിയൻ ചിന്തകളുമായി കൗസ്തൂർബാഗാന്ധിയുടെ ജീവിതം അവതരിപ്പിച്ച തോന്നയ്ക്കൽ എ.ജെ.കോളേജിലെ ലക്ഷ്മി ആർ.കുമാർ മൂന്നാംസ്ഥാനവും നേടി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ധാരാളം കടന്നുപോയതിനാൽ നിറഞ്ഞ സദസ്സിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.