മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ആറാട്ട് ഉത്സവ എഴുന്നള്ളത്തിന് ഗുരുവായൂരപ്പന്റെ ആനകൾ. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേക്കുള്ള ആറാട്ടുഘോഷയാത്രയിൽ ഗുരുവായൂർ സിദ്ധാർത്ഥൻ തിടമ്പേറ്റും. ഗുരുവായൂർ ദാമോദർദാസ്, ഗുരുവായൂർ ചെറിയ മാധവൻകുട്ടി എന്നിവർ കൂട്ടാനകളാകും.

ഗുരുവായൂരമ്പലത്തിന്റെ ഗജസമ്പത്തിൽ നിന്നുള്ള ഈ ആനകളെ വരവേൽക്കാൻ മലയിൻകീഴിലെ ആനപ്രേമികൾ തയ്യാറെടുക്കുകയാണ്. അഴകും അളവുമൊത്ത ആനച്ചന്തവും ചട്ടവും ഒത്തിണങ്ങിയ മുപ്പത്തിമൂന്നുകാരൻ സിദ്ധാർത്ഥനെ 1997-ൽ ഗുരുവായൂരപ്പന് സമർപ്പിച്ചതാണ്. തോയക്കാവ് സ്വദേശിയായ ഭക്തൻ തന്റെ പേരു തന്നെ ആനയ്ക്കു നൽകി. 1999-ഫെബ്രുവരിയിൽ നാലു വയസ്സുള്ളപ്പോഴാണ് ദാമോദർദാസിനെ ഗുരുവായുരിൽ നടയ്ക്കിരുത്തുന്നത്. അന്നത്തെ മേൽശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരിയാണ് കുട്ടിക്കൊമ്പനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഗജലക്ഷണവും ബുദ്ധിശക്തിയുമൊത്ത ദാമോദർദാസ് ‘വലിയ കേശവനെ’ ഓർമ്മിപ്പിക്കും.

1981-ൽ കോഴിക്കോട് മാധവമേനോൻ നടയ്ക്കിരുത്തിയ ചെറിയ മാധവൻകുട്ടി ആനപ്രേമികളുടെ ഇഷ്ടതാരമാണ്. ഒരേപേരിൽ രണ്ടാനകളുണ്ടായപ്പോഴാണ് ബിഹാർ സ്വദേശിയായ ഇളമുറക്കാരൻ ആനക്കോട്ടയിൽ ചെറിയ മാധവൻകുട്ടിയായത്.