മീനച്ചൂടിൽ പകലെരിയുമ്പോൾ കാര്യവട്ടം കാമ്പസ് കേരള സർവകലാശാല കലോത്സവത്തിന്റെ ഉത്സവത്തിമിർപ്പിലാണ്. കലയുടെ മേളം കൊട്ടിക്കയറുമ്പോൾ കലോത്സവവേദികളിലെല്ലാം യുവത്വം നിറയുന്നു.

കൈവിട്ടുപോയ സമ്മാനങ്ങൾ കൈപ്പിടിയിൽ ഒതുക്കിയും വരാനിരിക്കുന്ന മത്സരങ്ങളെ നെഞ്ചിലേറ്റിയും യുവജനോത്സവം മൂന്ന് ദിവസം പിന്നിട്ടു.

പോയിന്റ് നിലയിൽ സ്വന്തം കലാലയത്തെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മത്സരാർത്ഥികൾ പോരാട്ടവീര്യം പ്രകടിപ്പിച്ച് അരങ്ങ് നിറഞ്ഞതോടെ വേദിയും സദസ്സും ആവേശത്തിലായി. തങ്ങളുടെ കോളേജിൽ നിന്നുള്ള മത്സരാർത്ഥിയെ പ്രോത്സാഹിപ്പിക്കാൻ സഹപാഠികൾ കൂട്ടത്തോടെ സദസ്സിലെത്തി. വേദികളിൽ കൈയടിയുമായി കാണികളും നിറഞ്ഞതോടെ മത്സരങ്ങൾ അരങ്ങുതകർത്തു.

മൂന്നാം ദിവസമായ ബുധനാഴ്ചയും മത്സരം രണ്ടുമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. കേരള നടനം, കുച്ചുപ്പുടി, മാർഗ്ഗംകളി, ഒപ്പന, മൈം, കഥാപ്രസംഗം, സ്‌കിറ്റ്, ദഫ്മുട്ട്, രംഗോലി എന്നിവയാണ് ഗ്ലാമർ മത്സരയിനങ്ങൾ. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ പ്രമേയമായതിനാൽ പ്രച്ഛന്നവേഷമത്സരം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.

യുവജനോത്സവത്തിന്റെ പ്രധാനവേദിയായ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രച്ഛന്നവേഷ മത്സരത്തോടെയാണ് വേദികളിൽ ആരവമുയർന്നത്. കേരളനടനം മത്സരവും നടന്നു.

ബയോ ഇൻഫോമാറ്റിക്സ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന കുച്ചുപ്പുടി മത്സരമായിരുന്നു മറ്റൊരു പ്രധാന ഇനം. ഇതേ വേദിയിൽ മാർഗ്ഗംകളി, ഒപ്പന എന്നിവയും നടന്നു.

മത്സരവേദികൾക്ക് പുറത്ത് നാടൻപാട്ടുകൾ പാടിയും ചെണ്ടമേളങ്ങൾ അവതരിപ്പിച്ചും കാമ്പസിനെ സൗഹൃദക്കൂട്ടങ്ങൾ സജീവമാക്കി. മിക്ക വേദികൾക്ക് പുറത്തും ഇത്തരം സംഘങ്ങളുണ്ടായിരുന്നു. പോയിന്റ് നിലയിൽ മൂന്നാം ദിവസവും ആതിഥേയ ജില്ലയിലെ കോളേജുകളാണ് മുന്നേറുന്നത്. ഒമ്പത് വേദികളിലായി 286 കോളേജുകളിലെ 3500 ഓളം വിദ്യാർഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. യുവജനോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും.