തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും കടലിൽ ദുരന്തമുണ്ടായാൽ അത്തരം സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുമായി വിഴിഞ്ഞത്ത് കൺട്രോൾ റൂം ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നു.

വിഴിഞ്ഞത്തെ തീരദേശ പോലീസ് സ്റ്റേഷന് സമീപമാണ് പുതിയ ഫിഷറീസ് സ്റ്റേഷൻ പ്രവർത്തിക്കുക. വ്യാഴാഴ്ച രാവിലെ 11-ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും.

എല്ലാ സൗകര്യങ്ങളുമുള്ള ജില്ലയിലെ ആദ്യത്തെ ഫിഷറീസ് സ്റ്റേഷനാണിത്. മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനുള്ള കേന്ദ്രം, ഫിഷറീസ് കൺട്രോൾ റൂം, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവ ഉൾപ്പെടുന്നതാണ് ഫിഷറീസ് സ്റ്റേഷൻ. ഒരുകോടി രൂപ ഉപയോഗിച്ച് തുറമുഖ എൻജീനയറിങ് വിഭാഗമാണ് കെട്ടിടം നിർമിച്ചത്.

ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ദുരന്തമുണ്ടായതിന്റെയും അവരുടെ മത്സ്യബന്ധന യാനങ്ങൾ നഷ്ടപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഫിഷറീസ് സ്റ്റേഷൻ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഫിഷറീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ഇതിനായി അത്യാധുനിക ഉപകരണങ്ങളാണ് സജ്ജമാക്കുക. അപകടത്തിൽപ്പെടുന്ന വള്ളങ്ങളുടെയും ബോട്ടുകളുടെയും സ്ഥാനം നിർണയിക്കുന്നതിനുള്ള വെസ്സൽ ട്രാക്കിങ് സംവിധാനം മറൈൻ വി.എച്ച്.എഫ്. റേഡിയോ, ഉപഗ്രഹഫോൺ എന്നിവയും കൺട്രോൾ റൂമിൽ സജ്ജമാക്കും.

ഓരോ മണിക്കൂറിലും കടലിലുണ്ടാകുന്ന മാറ്റങ്ങൾ, കാറ്റിന്റെ ഗതി, സ്വഭാവം എന്നിവയെക്കുറിച്ച് മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിനും കൺട്രോൾ റൂമിൽ സൗകര്യമൊരുക്കും. ഇത്തരം സന്ദേശങ്ങൾ തൊഴിലാളികളെ അറിയിക്കുന്നതിനായി ബോട്ടുകളിലും വള്ളങ്ങളിലും ഉപകരണങ്ങൾ സ്ഥാപിക്കും. ഫിഷറീസ് വകുപ്പ് ഇതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യും.

മീൻപിടിത്തത്തിനിടയിൽ തൊഴിലാളികൾക്കും അവരുടെ മീൻപിടിത്ത ബോട്ടിനും വള്ളങ്ങൾക്കും അപകടമുണ്ടായാൽ അവരെ രക്ഷപ്പെടുത്തുകയും യാനങ്ങളെ ഏറ്റവും അടുത്ത തീരത്തെത്തിക്കുക, അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക എന്നിവയെക്കുറിച്ചുള്ള പരിശീലനവും ഫിഷറീസ് സ്റ്റേഷനിൽ നൽകുമെന്ന് അധികൃതർ പറഞ്ഞു.