കേരളത്തിലെ മാതൃസർവകലാശാല മാതൃഭാഷയ്ക്കും അതിന്റെ സാഹിത്യത്തിനും കലകൾക്കും അർഹമായ പ്രാധാന്യം കൊടുക്കുമെന്നാണ് സങ്കല്പം. എന്നാൽ, കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡ്രാമ ആയി വളരേണ്ടതായ പഠനകേന്ദ്രത്തിൽ രണ്ടുവർഷമായി പഠിത്തമേയില്ല. ഇവിടെ ഒരു വിദ്യാർഥിയുമില്ല. ഇവിടത്തെ എം.ഫിൽ പ്രവേശനപ്പരീക്ഷ 2016-ൽ നാല്പത്തഞ്ചോളം പേർ എഴുതിയിരുന്നു. ആരെയും എടുത്തില്ല. സർവകലാശാല അധ്യാപകരെ നിയമിക്കുന്നില്ല.

അധ്യാപകനായി ആകെയുള്ളത് ഒരു ഓണററി ഡയറക്ടറാണ്. കരാർ നിയമനത്തിൽ ഒരു സാങ്കേതിക ജീവനക്കാരനുണ്ട്. ഇങ്ങനെ രണ്ടുപേർ ഇവിടെ എന്നും വരുന്നു. പിന്നെ വരുന്നത് ദിവസക്കൂലിക്ക് വൃത്തിയാക്കാൻ വരുന്ന ക്ലീനർ. ഡ്രാമാ സ്‌കൂൾ കേരള സർവകലാശാലയിൽ തുടങ്ങാനാണ് പ്രൊഫ. ജി.ശങ്കരപ്പിള്ള ആദ്യം ശ്രമിച്ചത്. അതിനു താത്പര്യം കാണിച്ചത് കലിക്കറ്റ് ആയതുകൊണ്ട് അതു തൃശ്ശൂരിലായി. പിന്നീടുണ്ടായ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സ്ഥാപിച്ചു. പിന്നെയും കൊല്ലം സുമാർ ഇരുപതു കഴിഞ്ഞാണ് കേരളയ്ക്ക് നാടകകല പഠിപ്പിക്കാൻ ഉള്ളതാണെന്നു തോന്നിയത്.

കാര്യവട്ടം കാമ്പസിലെ സെന്റർ ഫോർ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്‌സ് 2007-ൽ തുടങ്ങി. തൃശ്ശൂർ ഡ്രാമാ സ്‌കൂൾ ഡയറക്ടറായിരുന്ന്‌ വിരമിച്ച പ്രൊഫ. വയലാ വാസുദേവൻ പിള്ള ഓണററി ഡയറക്ടറും ഡോ. രാജാ വാര്യർ ലക്ചററുമായിട്ടായിരുന്നു തുടക്കം. പതിനഞ്ചു കുട്ടികൾക്ക് പ്രവേശനമുള്ള എം.ഫിൽ കോഴ്‌സ് 2008-ൽ തുടങ്ങി. യുജി.സി. അനുവദിച്ച ഈ കോഴ്‌സിന്റെ വിഷയം തിയേറ്റർ ആർട്‌സ് ആൻഡ് ഫിലിം എസ്തറ്റിക്‌സ് ഫോർ എഡ്യുക്കേഷൻ. എന്നുവെച്ചാൽ, നാടകവും സിനിമയും എങ്ങനെ പൊതുവിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുത്താം എന്ന്.

ഏതു വിഷയത്തിലായാലും പി.ജി.ക്ക് കുറഞ്ഞത് 55 ശതമാനം മാർക്കുള്ളവർക്ക് ഈ എം.ഫില്ലിന്റെ പ്രവേശനപ്പരീക്ഷ എഴുതാം. പതിനഞ്ചു സീറ്റും നിറച്ച്, 2015-16 വരെ കോഴ്‌സ് നടന്നു. വിരമിച്ച അധ്യാപകരെക്കൂടി വരുത്തിയാണ് ക്ലാസുകൾ നടത്തിയത്. പ്രൊഫസർ വയലാ 2011-ൽ അന്തരിച്ചതിനുശേഷം ഓണററി ഡയറക്ടറുടെ ചുമതല രാജാവാര്യർക്കാണ്. പിന്നീടിതുവരെയും അദ്ദേഹമാണ് സ്ഥാപനത്തിലെ ഏക ഫാക്കൽറ്റി. അങ്ങനെയിരിക്കെയാണ് യു.ജി.സി.യുടെ ഒരു വ്യവസ്ഥ നടപ്പാക്കാൻ സർവകലാശാല തീരുമാനിച്ചത്. പ്രൊഫസർക്ക് പരമാവധി മൂന്നും അസോസിയേറ്റ് പ്രൊഫസർക്ക് രണ്ടും ആളുകളുടെയും അസിസ്റ്റന്റ് പ്രൊഫസർക്ക് ഒരാളുടെയും ഗൈഡ് ആകാം എന്നാണ് ആ വ്യവസ്ഥ. വിരമിച്ചവരുടെ പാനൽ പറ്റില്ല. സ്ഥിരം അധ്യാപകരെ സർവകലാശാല കൊടുത്തതുമില്ല. പതിനഞ്ച് ഗവേഷണവിദ്യാർഥികളെ നയിക്കാൻ ഒരാൾ പോരാ. രണ്ടോ മൂന്നോ വിദ്യാർഥികളെമാത്രം പ്രവേശിപ്പിച്ച് പ്രായോഗികപഠനം ശരിയാകില്ല.

രംഗകല കൂട്ടായ പ്രവർത്തനമാണല്ലോ. അതിനാൽ, 2015-16 മുതൽ സെന്ററിൽ എം.ഫിൽ സീറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. അക്കൊല്ലം പ്രവേശനപ്പരീക്ഷ എഴുതിയ 45-ഓളം പേർ ഫലം കാത്തിരുന്നു മടുത്തു.

കാമ്പസിന്റെ അറ്റത്ത്, മലയാളം ഡിപ്പാർട്ട്‌മെന്റിനുമപ്പുറം, അക്കേഷ്യക്കാടിനിടയ്ക്കാണ് സെന്റർ മന്ദിരം. 2016-ലാണ് അതിന്റെ പണി കഴിഞ്ഞത്. അതിലെ ഓഫീസ് മുറിയിൽ ഇരു വശങ്ങളിലായി ഒരു വീണയും രണ്ടു തംബുരുവും അലമാരകളിൽ മൂവായിരത്തിലധികം പുസ്തകങ്ങളും വെറുതെ ചാരിയിരുന്നു വിശ്രമിക്കുന്നു. ഇവിടെയിരുന്ന് സർവകലാശാലയ്ക്കുള്ള നിവേദനങ്ങളും പദ്ധതിനിർദ്ദേശങ്ങളും തയ്യാറാക്കുകയാണ് രാജാവാര്യർക്ക് ഇപ്പോൾ പ്രധാനജോലി. കലാമണ്ഡലം ഉൾപ്പെടെ ചില തെക്കേയിന്ത്യൻ സർവകലാശാലകൾ ഗവേഷണ ഗൈഡായോ സഹ ഗൈഡായോ അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗിക്കുമ്പോഴാണിത്. സമ്പൂർണ ഡിപ്പാർട്ട്‌മെന്റ് ആയാലേ എം.എ. കോഴ്‌സും പിഎച്ച്ഡി. ഗവേഷണവും തുടങ്ങാനാകൂ. ഡിപ്പാർട്ട്‌മെന്റിന് കുറഞ്ഞത് ഒരു പ്രൊഫസറും രണ്ട് അസോസിയേറ്റ് പ്രൊഫസറും നാല് അസിസ്റ്റന്റ് പ്രൊഫസറും വേണം. ഡിപ്പാർട്ട്‌മെന്റ് ആക്കണമെന്ന് വയലാസാർ ഉണ്ടായിരുന്നപ്പോഴേ ആവശ്യപ്പെട്ടിരുന്നു. രാജാ വാര്യർ ആ അപേക്ഷ ആവർത്തിച്ചിരുന്നു. സർവകലാശാല ഇങ്ങോട്ട് ആവശ്യപ്പെട്ടതിൻപ്രകാരം, ഒമ്പതുമാസംമുമ്പ് അദ്ദേഹം വീണ്ടും പ്രൊപ്പോസൽ അയയ്ക്കുകയുണ്ടായി. വൈകിയാണെങ്കിലും സർവകലാശാലയുടെ അധികാരികൾ അത് താമസിയാതെ നടപ്പാക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.