: തിരുവനന്തപുരം നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം പുതുവർഷത്തിൽ തുറക്കും. 102 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സിസ്റ്റം കോർപ്പറേഷൻ ഓഫീസ്‌ വളപ്പിലെ പാർക്കിങ് സ്ഥലത്താണ് പണിതിട്ടുള്ളത്. പൂർണമായും യന്ത്രവത്‌കൃത സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കേന്ദ്രമാണിത്. ജനുവരിയിൽ പാർക്കിങ് കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

കേന്ദ്രസർക്കാരിന്റെ അമൃത്(അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതിയിൽനിന്ന്‌ 5.64 കോടി െചലവിട്ടാണ് കോർപ്പറേഷൻ വളപ്പിൽ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കുന്നത്. ഏഴുനിലകളുള്ള പാർക്കിങ് കേന്ദ്രത്തിൽ 102 കാറുകൾ ഒരേസമയം പാർക്ക്‌ ചെയ്യാം.

കോർപ്പറേഷൻ ഓഫീസിനു പിന്നാലെ പുത്തരിക്കണ്ടം മൈതാനത്തും മെഡിക്കൽ കോളേജ് വളപ്പിലും മൾട്ടി െലവൽ പാർക്കിങ്‌ സംവിധാനത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. പുത്തരിക്കണ്ടത്ത് കാറുകൾക്കു പുറമേ ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കും സ്ഥലമുണ്ടാകും. 216 കാർ, 240 ബൈക്ക്, 45 ഓട്ടോറിക്ഷ എന്നിവയാണ് പുത്തരിക്കണ്ടത്ത് പാർക്ക് ചെയ്യാവുന്നത്. പുത്തരിക്കണ്ടത്തെ പാർക്കിങ് കേന്ദ്രം അടുത്ത മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 11.74 കോടിരൂപയാണ് നിർമാണച്ചെലവ്. അമൃത് പദ്ധതിയിൽനിന്നു തന്നെയാണ് ഇതിനും പണം അനുവദിച്ചിട്ടുള്ളത്.

മെഡിക്കൽ കോളേജ് വളപ്പിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു മുന്നിലെ പാർക്കിങ്‌ സ്ഥലത്ത് നിർമിക്കുന്ന സെമി ഓട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിങ്‌ സംവിധാനത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. 12 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ പുതിയ പാർക്കിങ്‌ സംവിധാനം നടപ്പാക്കുന്നത്. മാർച്ചോടെ ഈ കേന്ദ്രത്തിന്റെ പണി പൂർത്തിയാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

കോയമ്പത്തൂരിലെ സീഗർ സ്പിൻ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. അടുത്ത 10 വർഷത്തെ പാർക്കിങ് കേന്ദ്രങ്ങളുടെ പരിപാലന ചുമതലയും കമ്പനിക്കു തന്നെയാണ്.

പാർക്കിങ് ഇങ്ങനെ

:മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിനു മുന്നിലെത്തുന്ന കാറിന്റെ നമ്പർ, നീളം, വീതി, ഭാരം എന്നിവ ഹൈപവർ സെൻസർ സംവിധാനം ഉപയോഗിച്ച് ഹൈടെക് സെന്ററിൽ രേഖപ്പെടുത്തും

*കാർ ബൂത്തിൽനിന്ന്‌ ടോക്കൺ എടുക്കണം. ഏത് നിലയിലാണ് പാർക്കിങ് എന്ന് ടോക്കണിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

*പാർക്കിങ് കേന്ദ്രത്തിനു മുന്നിലെ സെൻസറിൽ ടോക്കൺ സ്വൈപ്പ്‌ ചെയ്യുക. ഏത് നിലയിലാണോ പാർക്ക്‌ ചെയ്യേണ്ടത്‌, അവിടത്തെ റാപ്പ് താഴേക്കു വരും

*വാഹനം റാപ്പിൽ കയറ്റിയ ശേഷം ഡ്രൈവർ ഇറങ്ങി പുറത്തേക്കു വരണം

*തുടർന്ന് റാപ്പ് മുകളിലേക്കു പോയി പാർക്ക് ചെയ്യേണ്ട സ്ഥലത്തേക്ക് എത്തും

*തിരികെ എടുക്കാനെത്തുമ്പോൾ കാർ ഔട്ട് ബൂത്തിൽ വീണ്ടും കാർഡ് സ്വൈപ്പ്‌ ചെയ്യണം

*വാഹനം എത്രാമത്തെ നിലയിലാണെന്നും എത്ര സമയത്തിനുള്ളിൽ താഴേക്ക് വരുമെന്നും സൈൻബോർഡിൽ കാണിക്കും

*വാഹനം സുരക്ഷിതമായി താഴെ എത്തിക്കഴിയുമ്പോൾ അലാറം മുഴങ്ങും

*ഇതിനു ശേഷം ഡ്രൈവർക്ക് കാറിൽ കയറി വാഹനം പുറത്തിറക്കാം

*കാർ പാർക്കിങ് തുക നിശ്ചയിച്ചിട്ടില്ല, സമയം അനുസരിച്ചാവും ഇത് നിശ്ചയിക്കുക

*വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാർക്കിങ് മാനേജിങ് സിസ്റ്റം ജനറേറ്റർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം

മൂന്ന് കേന്ദ്രങ്ങളിലാണ് ഹൈടെക് മൾട്ടി െലവൽ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം നടക്കുന്നത്. ഇതിനു പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൾട്ടി െലവൽ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കും

കെ.ശ്രീകുമാർ, മേയർ