മേയർ വി.കെ.പ്രശാന്താണ് പ്രളയകാലത്ത് തലസ്ഥാനത്തിന്റെ സ്നേഹപ്രതീകം. പ്രകൃതിക്ഷോഭമുണ്ടായി തൊട്ടടുത്ത ദിവസം മുതൽ തന്നെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്, മേയറും സംഘവും 24 മണിക്കൂറും തുറന്നുവച്ചു. ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയവർക്ക് ഭക്ഷണവും വസ്ത്രവും എല്ലാം ഇവിടെ ശേഖരിക്കാൻ തുടങ്ങി. തുടർന്നുള്ള അഞ്ചു ദിവസം രാപകലില്ലാതെ കോർപ്പറേഷൻ ഓഫീസ് പ്രവർത്തിക്കുന്നു. മേയറുടെയും ഒപ്പം നിൽക്കുന്നവരുെടയും ഊണും ഉറക്കവുമെല്ലാം ഇവിടെത്തന്നെ. 1500-ഓളം സന്നദ്ധപ്രവർത്തകരും അവരെയെല്ലാം നിയന്ത്രിച്ചുകൊണ്ട് കോർപ്പറേഷന്റെ പ്രോജക്ട് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും. ഇതിനെല്ലാം നേതൃത്വം നൽകി യുവ മേയർ വി.കെ.പ്രശാന്തും.

തെക്കനെയും വടക്കനെയും സ്നേഹത്തിന്റെ ചരടിൽക്കോർത്ത് തലസ്ഥാനത്തിന്റെ മേയർ ബ്രോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരം. പ്രതിദിനം ഇവിടെനിന്നു പോകുന്ന സാധനങ്ങൾ കണ്ട് തലസ്ഥാനത്തിന്റെ സ്നേഹത്തിന് അഭിനന്ദന പ്രവാഹമാണ്. മേയറുടെ ഓഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിൽ ആയിരക്കണക്കിന്‌ ലൈക്കുകളും ഷെയറുകളും കമന്റുകളുമാണ് ഓരോ മണിക്കൂറിലും ലഭിക്കുന്നത്.

കഴിഞ്ഞ തവണയും കോർപ്പറേഷൻ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിച്ചു. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും ഇതുപോലെതന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ മേയറുടെ നേതൃത്വത്തിലാണ് പ്രധാന ഏകോപനം നടക്കുന്നത്. തലസ്ഥാനത്തിന്റെ സ്നേഹനിറവ് വടക്കൻ ജില്ലകളിലേക്കയയ്ക്കാനും അതു കൃത്യമായ കൈകളിലെത്തുന്നുെണ്ടന്ന്‌ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഒരു െെകയിൽ മൊബൈലും മറുകൈയിൽ വാക്കി ടോക്കിയുമാണ് അഞ്ചു ദിവസമായി മേയർ ഈ വിഷയങ്ങൾ നിയന്ത്രിക്കുന്നത്. കോർപ്പറേഷനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ വാക്കി ടോക്കി സംവിധാനം ഉപയോഗിക്കുന്നത്.

കഴിഞ്ഞ തവണത്തെ അനുഭവം ഇത്തവണ ഏകോപനത്തിന് ഏറെ സഹായകമായതായി മേയർ പറയുന്നു. ചില കുപ്രചാരണങ്ങൾ ആദ്യ ഘട്ടത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനു തടസ്സമായി. എന്നാൽ, പിന്നീട് തലസ്ഥാനവാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തി. വ്യക്തികളും സംഘടനകളും എല്ലാം സഹായവുമായി എത്തുന്നുണ്ട്. അതത് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് സാധനങ്ങൾ അയച്ചുനൽകുന്നത്.

വിദ്യാർഥികളാണ് സന്നദ്ധപ്രവർത്തകരിൽ ഏറെയുമെന്ന്‌ മേയർ ചൂണ്ടിക്കാട്ടുന്നു. അവരുടെ ഊർജമാണ് ഈ ക്യാമ്പുകളുടെ വിജയത്തിനു പിന്നിലെന്നും മേയർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇപ്പോഴും സാധനസാമഗ്രികൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഔദ്യോഗികമായുള്ള ആവശ്യങ്ങൾക്കാണ് ഇപ്പോൾ സാധനങ്ങൾ അയയ്ക്കുന്നത്.

ട്രോളിലും കമന്റിലും മേയർ ബ്രോ

‘ഒന്നാമത്തെ ലോഡിന് ലൈക്കടിക്കാൻ ചെന്നപ്പോൾ നാൽപ്പത്തിയൊന്നാമത്തെ ലോഡ് അയച്ചതിന്റെ അപ്‌ലോഡാണ് കണ്ടതെ’ന്നാണ് മേയറുടെ ഫെയ്‌സ്ബുക്കിലെ ഒരു പോസ്റ്റ്. സംഭവം സത്യമാണ്. ബുധനാഴ്ച രാവിലെ 33-ാം ലോഡ് പോയി. വൈകീട്ടായപ്പോൾ ഇത് നൽപ്പത്തി രണ്ടായി. ‘ഇങ്ങനെ സഹായിച്ച് കരയിപ്പിക്കല്ലേ’യെന്നാണ് മറ്റൊരു പോസ്റ്റ്. ‘സ്നേഹിച്ചു കൊല്ലുന്നു’വന്നും ‘സഹായിച്ച് സൈക്കോയായെ’ന്നും വരെയുണ്ട് കമന്റുകൾ. മേയർ ബ്രോയ്ക്ക് അഭിനന്ദനങ്ങളുമായി കമന്റുകളുടെ പ്രവാഹമാണ്. ‘നിങ്ങളെന്തു മനുഷ്യനാണ് ഭായി’യെന്നാണ് ചോദ്യം. ഒരു അപ്‌ലോഡ് വന്ന് മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ലൈക്കുകളാണ് വരുന്നത്.

ഇതിനൊപ്പം ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ട്രക്ക് ഡ്രൈവർമാരെയും മേയറെയും ചേർത്തുള്ളതാണ് ഇതിലേറെയും. മേയറുടെ മുന്നിൽപ്പെടുന്ന ട്രക്ക് ഡ്രൈവർമാർ ഓടി രക്ഷപ്പെടേണ്ട സ്ഥിതിയാണെന്ന് ട്രോളുകൾ. ഇതൊന്നും ഒന്നുമല്ലെന്നും ഇനിയും പത്തമ്പത് ലോഡ് കൂടി അയയ്ക്കാമെന്ന തരത്തിലുള്ള ട്രോളുകളുമുണ്ട്. എന്തായാലും സാധനങ്ങൾ കൊണ്ടുപോകാൻ ലോറികൾ വിട്ടുനൽകാൻ താല്പര്യമുള്ളവർ അറിയിക്കണമെന്നും മേയർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlights: Thiruvananthapuram Mayor, Flood Relief, Trolls, Commenting, social media