തിരുവനന്തപുരം: ആർത്തവത്തെക്കുറിച്ച് ചർച്ച ചെയ്ത് നഗരത്തിലെ സ്കൂളുകളിൽ ‘ദ റെഡ് സൈക്കിൾ’. കരമന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ചാല ഗേൾസ് സ്കൂളിലുമാണ് ലിംഗസമത്വവും സുസ്ഥിര ആർത്തവവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്.

റെഡ് സൈക്കിൾ പ്രതിനിധി ചൈതന്യ നേതൃത്വം നൽകിയ ചർച്ചയിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ആർത്തവകാലത്തു വീട്ടിൽ അനുഭവിക്കുന്ന വേർതിരിവിനെക്കുറിച്ചുള്ള അനുഭവങ്ങൾ കുട്ടികൾ പങ്കുെവച്ചു. സാനിറ്ററി നാപ്കിനുകളുടെ ദൂഷ്യഫലങ്ങൾ, അവയുടെ നിർമാർജനം, ബദൽ മാർഗങ്ങൾ എന്നിവയെല്ലാം ചർച്ചയിൽ വിഷയങ്ങളായി.

കോഴിക്കോട് കേന്ദ്രമാക്കി ആർത്തവത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളെക്കുറിച്ച് പഠിക്കുന്ന വിദ്യാർഥിക്കൂട്ടായ്മയാണ് ദ റെഡ് സൈക്കിൾ. ‘കേരള സുസ്ഥിര ആർത്തവ കൂട്ടായ്മ’യുമായി ചേർന്ന് സംസ്ഥാനത്തുടനീളം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് ദ റെഡ് സൈക്കിൾ.