തിരുവനന്തപുരം: സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന, ആത്മഹത്യാചിന്തയുമായി ജീവിക്കുന്ന ആളുകളെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രവുമായി അടൂർ ഗോപാലകൃഷ്ണൻ. നീണ്ട വർഷങ്ങൾക്കുശേഷം അടൂർ സംവിധാനംചെയ്യുന്ന ‘സുഖാന്ത്യം’പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള(ഐ.ഡി.എസ്.എഫ്.എഫ്.കെ.)യിൽ പ്രദർശിപ്പിക്കും.

30 മിനിറ്റ് ദൈർഘ്യമുള്ള സുഖാന്ത്യത്തിൽ മുകേഷ്, പദ്മപ്രിയ, അലൻസിയർ, ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. തകരുന്ന കുടുംബബന്ധങ്ങളെക്കുറിച്ചും കുട്ടികളുടെ ഭാവി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും ചിത്രം ചർച്ചചെയ്യുന്നുന്നുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്താണ് അടൂർ ഗോപാലകൃഷ്ണൻ ഒടുവിൽ ഹ്രസ്വചിത്രം സംവിധാനംചെയ്തത്. സ്‌പെഷ്യൽ സ്‌ക്രീനിങ്‌ വിഭാഗത്തിലാണ് സുഖാന്ത്യം പ്രദർശിപ്പിക്കുക. സംഗീത ദത്ത ഒരുക്കിയ ‘ബേർഡ് ഓഫ് ഡസ്‌ക്’, മോൺട്രിയൽ ചലച്ചിത്രകാരൻ മാത്യു റോയിയുടെ ‘ദി ഡിസ്‌പൊസെസ്സ്ഡ്’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 24-ന് വൈകുന്നേരം ആറിന് ശ്രീ തിയേറ്ററിലാണ് പ്രദർശനം.

ബംഗാളി സംവിധായകൻ ഋതുപർണഘോഷിന്റെ ജീവിതത്തെ ആസ്പദമാക്കി മുൻകാല സഹപ്രവർത്തക സംഗീത ദത്ത സംവിധാനംചെയ്തതാണ് ‘ബേർഡ്‌ ഓഫ് ഡസ്‌ക്’.

കാർഷികമേഖലയിലെ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന സ്വിസ് കനേഡിയൻ ചിത്രമാണ് ‘ദി ഡിസ്‌പൊസെസ്സ്ഡ്’. വ്യവസായവത്കരണം കാർഷികമേഖലയിൽ ആഗോളതലത്തിലുണ്ടാക്കിയ ആഘാതങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം.

‘ബേർഡ് ഓഫ് ഡസ്‌ക്’ 22-ന് വൈകീട്ട് ആറിന് കൈരളി തിേയറ്ററിലും ‘ദി ഡിസ്‌പൊസെസ്സ്ഡ്’ 23-ന് രാവിലെ 9.30-ന് ശ്രീ തിേയറ്ററിലും പ്രദർശിപ്പിക്കും.

യുദ്ധമുറിവുകളുടെ സിറിയൻ നേർക്കാഴ്ചകൾ

ആഭ്യന്തര സംഘർഷങ്ങൾക്കിടയിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു ശ്രദ്ധക്ഷണിക്കുന്ന രണ്ട് സിറിയൻ ചിത്രങ്ങളും മേളയുടെ മുഖ്യാകർഷണമാകും. സിറിയൻ ആഭ്യന്തര കലാപത്തിന്റെ വിഭിന്നമുഖങ്ങൾ ആവിഷ്‌കരിക്കുന്ന ‘ലാസ്റ്റ് മെൻ ഇൻ അലെപ്പോ’, ‘ഓഫ് ഫാദേഴ്‌സ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

സിറിയയിലെ മനുഷ്യാവകാശപ്രവർത്തകരുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് ഫെറസ് ഫയാദ് സംവിധാനംചെയ്ത ‘ലാസ്റ്റ് മെൻ ഇൻ അലെപ്പോ’. രൂക്ഷമായ ആഭ്യന്തര സാഹചര്യങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ‘വൈറ്റ് ഹെൽമറ്റ്‌സ്’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

തീവ്രവാദപ്രവർത്തനങ്ങളിലേക്കു നയിക്കപ്പെടുന്ന സിറിയൻ ബാല്യങ്ങളുടെ നേർക്കാഴ്ചയാണ് തലാൽ ഡെർകിയുടെ ‘ഓഫ് ഫാദേർസ് ആൻഡ് സൺസ്’. അരക്ഷിതമേഖലയിൽ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളിലേക്കു ചിത്രം ശ്രദ്ധ ക്ഷണിക്കുന്നു. ‘ഓഫ് ഫാദേഴ്‌സ് ആൻഡ് സൺസ്’ 24-ന് ഉച്ചയ്ക്ക് മൂന്നിന് കൈരളി തിേയറ്ററിലും ‘ലാസ്റ്റ് മെൻ ഇൻ അലെപ്പോ’ 25-ന് വൈകീട്ട് ആറിന് ശ്രീ തിേയറ്ററിലും പ്രദർശിപ്പിക്കും.

ഒൻപത്‌ കാമ്പസ് ചിത്രങ്ങൾ

വ്യത്യസ്ത പ്രമേയങ്ങൾ ചർച്ചചെയ്യുന്ന ഒൻപത് ചിത്രങ്ങൾ മികച്ച കാമ്പസ് ചിത്രമാകാൻ മത്സരിക്കും. സത്യജിത്ത് ഗോപീകൃഷ്ണയുടെ ‘ഒരു കൊച്ചുമോഹം’, സൂരജ് എസ്.സുഭാഷിന്റെ ‘അഹം’, നൗഫൽ നസീർ, അമീർ സുഹൈൽ എന്നിവരുടെ ‘ദയ’, ഫാസിൽ റസാക്കയുടെ ‘കുയിൽ’, ആർ.സെൽവരാജിന്റെ ‘ലോക്കർ’, അർജുൻ പി.എസിന്റെ ‘ഊരാളി ബാൻഡ്’, ഗായത്രി ശശിപ്രകാശിന്റെ ‘പ്രതിച്ഛായ’, വിനായക് സുതന്റെ ‘പുറത്ത്’, നവീൻ സി. വിൽസണിന്റെ ‘ദി വീവിങ് ഡ്രീംസ്’ എന്നിവയാണ് ഈ വിഭാഗത്തിലെ മത്സരച്ചിത്രങ്ങൾ.

കാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിക്കും.