തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണം പിന്നിട്ട് വോട്ടെടുപ്പിനെ നേരിട്ട തലസ്ഥാന മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തലസ്ഥാന നഗരത്തിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയ മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും ഈ വിശ്വാസം തന്നെയാണ് പങ്കുവച്ചത്. രാവിലെ തന്നെ വോട്ട് ചെയ്ത ശേഷം വിവിധ ബൂത്തുകളിലെത്തി വോട്ടർമാരെ കാണുകയും ചെയ്തു.

നാൽപ്പത്തി മൂന്ന് ദിവസത്തെ പ്രചാരണത്തിൽ ജനങ്ങൾ തന്ന പിന്തുണ മൂന്നാം വട്ടവും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂർ പറഞ്ഞു. കോട്ടൺഹിൽ സ്‌കൂളിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പതരയോടെ വോട്ട് ചെയ്യാനെത്തിയ സ്ഥാനാർഥിയോടൊപ്പം അമ്മ ലില്ലി തരൂരും സഹോദരി ശോഭാ തരൂരുമുണ്ടായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി സി.ദിവാകരൻ കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിൽ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്തത്. ഭാര്യ ഹേമലത, മകൾ ഡാലിയ ദിവാകർ, മകൻ ഡ്യൂ ദിവാകർ, മരുമകൻ അരുൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭൂരിപക്ഷമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.എ. സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതേ സമയത്ത് പി.പരമേശ്വരനും ഇവിടെ വോട്ട് ചെയ്യാനെത്തിയിരുന്നു. തലസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും ആ മാറ്റം ബി.ജെ.പി.ക്ക് അനുകൂലമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. നീണ്ട നിരയിൽ കാത്തു നിന്നാണ് കുമ്മനം വോട്ട് ചെയ്തത്.

ആറ്റിങ്ങലിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.സമ്പത്ത് രാവിലെ കോട്ടൺഹിൽ സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ലിസി, മകൾ അശ്വതി എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്നാം വട്ടവും ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സമ്പത്ത്. തുടർന്ന് അദ്ദേഹം ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് പോയി.

ആറ്റിങ്ങൽ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് അടൂരിൽ വോട്ട് ചെയ്തു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ വോട്ട് തൃശ്ശൂർ ജില്ലയിലായതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല.