തിരുവനന്തപുരം: കൈയിൽ തോക്കും കണ്ണിൽ നിതാന്ത ജാഗ്രതയുമായി വനിതാ പോലീസുകാർ മുന്നേറുകയാണ്. സംസ്ഥാനത്തെ ആദ്യ വനിതാ ബറ്റാലിയനിൽ 568 വനിതകളാണ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയത്. പുരുഷ പോലീസുകാർക്കൊപ്പം ഇവർ രാത്രിയും പകലും സുരക്ഷാജോലി നോക്കുകയാണ്. 568 പോലീസുകാരിൽ 164 പേർ തിരുവനന്തപുരത്തെ ബറ്റാലിയൻ ആസ്ഥാനത്തെ ക്യാമ്പിലുണ്ട്. പോലീസിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നു വനിതാ ബറ്റാലിയൻ രൂപവത്‌കരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും സ്ത്രീകളെ തിരഞ്ഞെടുക്കുന്നത്.

സംസ്ഥാന പോലീസിൽ മുമ്പും വനിതകളെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഇവർക്ക് പ്രത്യേക ക്യാമ്പില്ലായിരുന്നു. ഇതാദ്യമായാണ് വനിതകൾക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നത്.

പരിശീലനം കഴിഞ്ഞാൽ ജനറൽ വിഭാഗത്തിലേക്കാണ് നേരത്തെ ഇവരെ നിയമിച്ചിരുന്നത്. ഇത്തവണ തിരഞ്ഞെടുത്തവരെ തിരുവനന്തപുരം കൂടാതെ അടൂർ(139), പാലക്കാട്(127), കണ്ണൂർ(96), അഴിക്കോട്(34) എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. പുരുഷ പോലീസുകാർക്ക് നൽകുന്ന പോലെ ദിനവും പരിശീലനം ഇവർക്കും നൽകുന്നുണ്ട്.

ക്യാമ്പിൽ താമസിക്കുന്ന ഇവരെ കൺട്രോൾ ഡ്യൂട്ടിക്കും പോലീസ് ആസ്ഥാനത്തെ ഡ്യൂട്ടിക്കും നിയോഗിക്കാറുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവുമുള്ളവരാണ് പോലീസുകാരിൽ ഏറെയും. തിരഞ്ഞെടുക്കപ്പെട്ട 34 പേർക്ക് കമാൻഡോ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്. കാട്ടിലും വെള്ളത്തിലും തീയിലും ഇവർക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്.

കറുപ്പ് വേഷമണിഞ്ഞ പെൺ പോരാളികളെ ആദ്യം നിയമിച്ചത് ശബരിമലയിലായിരുന്നു. ആറ്റുകാൽ പൊങ്കാല, സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ എന്നിവ നേരിടുന്നതിനും ഇവരെ ഉപയോഗിക്കുന്നുണ്ട്.

വനിതാ ബറ്റാലിയന്റെ ചുമതല വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥർക്കാണ്. നിശാന്തിനിക്കായിരുന്നു ആദ്യ ചുമതല. അവർ അവധിയിൽ പ്രവേശിച്ചതോടെ ചൈത്ര തെരേസാ ജോണിനാണ് ബറ്റാലിയന്റെ ചുമതല. ഏത് പ്രതിസന്ധിയും നേരിടാൻ വനിതാ പോലീസുകാരെ സജ്ജരാക്കിയെടുക്കുന്നതിനുള്ള പരിശീലനമാണ് വനിതാ പോലീസുകാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്.