തിരുവനന്തപുരം: വലിയതുറയിൽ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ശക്തമായ കടലേറ്റത്തിൽ ഏഴുവീടുകൾ കടലെടുത്തു. കിണറുകളും ഫലവൃക്ഷങ്ങളും പാടെ മറിഞ്ഞനിലയിലാണ്. ഇരുപതിലധികം വീടുകൾ അപകടഭീഷണിയിൽ. മുട്ടത്തറ, പേട്ട എന്നീ വിേല്ലജുകളിലുൾപ്പെട്ട വീടുകളാണ് തകർന്നതും അപകടഭീഷണി നേരിടുന്നതും. 15 കുടുംബങ്ങളിലുള്ള 70 പേരെ തിങ്കളാഴ്ച സന്ധ്യയോടെ വലിയതുറ ഗവ. യു.പി. സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചു. കൂടുതൽ കുടുംബങ്ങളെത്തുകയാണെങ്കിൽ ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.
വലിയതുറ കുഴിവിളാകത്ത് ഔസേപ്പിന്റെ ടെറസ് വീടിന്റെ മുക്കാൽഭാഗവും തകർന്നു. കെട്ടിടത്തിന്റെ പുറകിലുള്ള അടുക്കളയും രണ്ടുമുറികളും പാടെ തകർന്നു. 30 വർഷത്തെ അധ്വാനമാണ് കടലെടുത്തതെന്ന് ഔസേപ്പ് പറഞ്ഞു. ഇതേവരിയിലുള്ള ആന്റണിയുടെ വീട് നിർമിച്ചിട്ട് അധികവർഷങ്ങളായിട്ടില്ല. ഇതേനിരയിലുള്ള നാൻസിയുടെ വീടും തിരയിൽപ്പെട്ട് മറിഞ്ഞു. ഇതിനുസമീപത്തുള്ള അന്തോനിയയുടെ (70) ഓലമേഞ്ഞ വീടിന്റെ അടിഭാഗം തിരയടിച്ച് മണ്ണുചോർന്നതിനെ തുടർന്ന് തീരത്തേക്കു മറിഞ്ഞനിലയിലാണ്. ഇവരുടെ മകളും രോഗിയുമായ നിർമലയെ അടുത്ത വീട്ടിൽനിന്ന് ബന്ധുവിന്റെ വീട്ടിലേക്കു മാറ്റി.
സെന്റ് മേരീസ് ലൈബ്രറിക്കു താഴെ കുഴിവിളാകത്ത് ആശാ ആന്റണിയുടെ വീട് അപകടഭീഷണിയിലാണ്. ഈ വീടിനെ പുറകിലുള്ള ആഗ്നസ് ഫ്രാൻസിസിന്റെ വീടും അപകട ഭീഷണിയിലാണ്. ഇതേ നിരയിലുള്ള മാർക്കോസ് ത്രേസ്യയുടെ വീടും തകർച്ചയിലാടണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ കടലേറ്റത്തിൽ കൊച്ചുതോപ്പുമുതൽ ചെറിയതുറവരെയുള്ള 15 ഓളം വീടുകളിൽ വെള്ളം കയറി. ഇവയിൽ മിക്കതും പുനർനിർമിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ അപകടഭീഷണി നേരിടുന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി തഹസിൽദാർ അറിയിച്ചു. നിലവിലെ ക്യാമ്പുകളായ വലിയതുറ ഗവൺമെന്റ് യു.പി.എസ്. നഗരസഭയുടെ ബഡ്‌സ് സ്‌കൂൾ, തുറമുഖത്ത ഗോഡൗൺ എന്നിവിടങ്ങളിലാണ് പാർപ്പിക്കുന്നത്.
കടൽഭിത്തി നിർമിക്കും തീരുമാനം ഇന്ന്
വലിയതുറ മുതൽ കൊച്ചുതോപ്പുവരെയുള്ള തീരത്ത് കടൽഭിത്തിയൊരുക്കാനുള്ള തീരുമാനം ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന യോഗം തീരുമാനിക്കും. മേജർ ഇറിഗേഷൻ, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് ഉദ്യോഗസ്ഥർ, എം.എൽ.എ. അടക്കമുള്ളവരുടെ യോഗത്തിലാണ് കടൽഭിത്തിയുടെ നിർമാണത്തെക്കുറിച്ച് തീരുമാനിക്കുക. തിങ്കളാഴ്ച കടലേറ്റമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചതായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു. വി.എസ്.ശിവകുമാർ എം.എൽ.എ., തഹസിൽദാർ ഹരീന്ദ്രൻ നായർ, മുട്ടത്തറ വില്ലേജ് ഓഫീസർ വി.ഷൈലജൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.