മലയിൻകീഴ്: മേപ്പൂക്കടയിൽ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് സമുച്ചയം പണിയുന്നതിന് സംസ്ഥാന ബജറ്റിൽ രണ്ടരക്കോടി രൂപ അനുവദിച്ചതായി ഐ.ബി.സതീഷ് എം.എൽ.എ. അറിയിച്ചു.

15 വർഷം മുൻപ് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ.മണികണ്ഠൻനായർ മേപ്പൂക്കടയിലെ അര ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി അനധികൃത താമസക്കാരുടെ കൈയിൽനിന്ന്‌ ഒഴിപ്പിച്ചെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ് നിർമിക്കുന്നതിനായിരുന്നു ഭൂമി െകെമാറിയത്. പിന്നീടവിടെ മിനി സിവിൽസ്റ്റേഷൻ പണിയണമെന്ന ആവശ്യവുമുണ്ടായി.

മേപ്പൂക്കടയിൽ പുറമ്പോക്ക് ഭൂമിയിൽനിന്ന്‌ ഒഴിപ്പിച്ച പതിനഞ്ചോളം കുടുംബങ്ങളെ അന്ന് പഞ്ചായത്ത് മണപ്പുറം പറയാട്ടുകോണത്ത് പകരം ഭൂമിനൽകി പുനരധിവസിപ്പിച്ചു. വർഷങ്ങളായി അന്യാധീനപ്പെട്ടനിലയിൽ കിടന്ന ഭൂമിയിലാണ് സർക്കാർ പൊതുമരാമത്ത് ഓഫീസ് നിർമിക്കുന്നത്. മലയിൻകീഴിലെ പൊതുമരാമത്ത് ഓഫീസ് വാടക കെട്ടിടത്തിലാണിപ്പോഴും പ്രവർത്തിക്കുന്നത്. പുതിയ ഓഫീസ് സമുച്ചയം മേപ്പൂക്കടയുടെ വികസനത്തനും വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രണ്ടു കോടിരൂപയും സൂക്ഷ്മ നീർത്തട വികസനത്തിന് ഒരു കോടിയും ബജറ്റിൽ അനുവദിച്ചു. കാട്ടാക്കട കുളത്തോട്ട്മലയിൽ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് നിർമാണത്തിന് അഞ്ചുകോടി, കാട്ടാക്കട-വട്ടിയൂർക്കാവ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേലോക്കട നടപ്പാലത്തിന് രണ്ടുകോടി, മാറനല്ലൂരിൽ തൂങ്ങാംപാറ പെരുംകുളത്തിൽ ഇക്കോ-ടൂറിസം പദ്ധതിക്ക്‌ ഒരുകോടി, കല്ലുവരമ്പ് പാലം, അണപ്പാട് പാലം, കല്ലുപാലം എന്നിവയുടെ വികസനത്തിനും വിളവൂർക്കൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, വിളവൂർക്കൽ ആയുർവേദ ആശുപത്രി കെട്ടിടം, വിളപ്പിൽ പഞ്ചായത്ത് ബഡ് സ്‌കൂൾ കേന്ദ്രീകരിച്ച് ഓട്ടിസം പാർക്ക്, മലയിൻകീഴ് ഐ.ടി.ഐ. റോഡുൾപ്പെടെ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം എന്നിവയ്ക്കായി ബജറ്റിൽ തുക വകയിരുത്തിയതായി എം.എൽ.എ. അറിയിച്ചു.