തിരുവനന്തപുരം: ഫാസിസ്റ്റ് ശക്തികൾക്കുനേരേ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് റഷ്യൻ സാംസ്‌കാരിക കേന്ദ്രം ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുന്നു.

‘പബേദ ഫെസ്റ്റിവൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ദക്ഷിണേന്ത്യയിലെ റഷ്യയുടെ കോൺസുൽ ജനറൽ ഒലേഗ് അവ്‌ദേവ് നിർവഹിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വിജയിച്ചില്ലായിരുന്നുവെങ്കിൽ ഭൂപടം തന്നെ മാറ്റിയെഴുതേണ്ടി വരുമായിരുന്നു എന്ന് ഒലേഗ് അവ്‌ദേവ് പറഞ്ഞു.

ലോകം യുദ്ധവിജയത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2020 മേയ് വരെ സെമിനാർ, റഷ്യൻ യുദ്ധസിനിമകളുടെ പ്രദർശനം, എക്സിബിഷൻ, വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് സി.നായർ പറഞ്ഞു.

എ.സമ്പത്ത് എം.പി. അധ്യക്ഷത വഹിച്ചു. മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, മേജർ ജനറൽ വി.അനൂപ് കുമാർ എന്നിവർ സംസാരിച്ചു.