തിരുവനന്തപുരം: വാഹനപരിശോധന കാണുമ്പോൾ വേഗത കുറിച്ച് മാന്യൻമാരായി വാഹനമോടിച്ചു പോകുന്നവർ സൂക്ഷിക്കുക. വാഹനപരിശോധന നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനു മുമ്പേ വാഹനത്തിന്റെ വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമൊക്കെ റെക്കോഡ്‌ ചെയ്യാൻ കഴിയുന്ന അത്യാധുനിക ക്യാമറയുമായി സ്പീഡ് ട്രേസർ വാഹനം പരിശോധനയ്ക്ക് ഇറങ്ങി. പരിശോധന തിരിച്ചറിയുന്നിതിന് മുമ്പേ പിഴ നോട്ടീസ് തയ്യാറായിരിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പുത്തൻ ഇന്റർസെപ്റ്റർ നിരത്തിലെത്തി.

നിരത്തുകളിലെ അലക്ഷ്യമായ ഡ്രൈവിങ്, അപകടകരമായ മറികടക്കലുകൾ, ലൈൻ മാറ്റം, ഇടതുവശത്തുകൂടിയുള്ള മറികടക്കലുകൾ ഇവയെല്ലാം ക്യാമറയിൽ പതിയും.

വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള 360 ഡിഗ്രി ചുറ്റിത്തിരിയാൻ കഴിവുള്ള ക്യാമറയുടെ നിരീക്ഷണ പരിധി ഒരു കിലോമീറ്ററാണ്. പരിശോധനാവാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ചിത്രീകരണം നടക്കും. രാത്രിയിലും ചിത്രങ്ങൾ പകർത്താം. ഉദ്യോഗസ്ഥർക്ക് മൊബൈൽഫോൺവഴി ക്യാമറ നിയന്ത്രിക്കാൻ കഴിയും. നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും.

സ്പീഡ് റഡാറിനും ഒരു കിലോമീറ്റർ ദൂരെ നിന്നുവരുന്ന വാഹനങ്ങളുടെ വേഗമറിയാൻ കഴിയും. വാഹനം പോയിന്റ് ചെയ്താൽ വേഗത കൃത്യമായി അറിയാം. നിശ്ചിത ദൂരം പിന്നിടുമ്പോൾ നമ്പർപ്ലേറ്റും തിരിച്ചറിയാനാകും. വാഹനത്തിന്റെ ഗ്ലാസുകളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച് കാഴ്ചമറയ്ക്കുന്നവരെ പിടികൂടാൻ ടിന്റ് മീറ്ററുകളും സജ്ജമാണ്. ഗ്ലാസിന്റെ സുതാര്യത ഇത് അളക്കും.

കാതടപ്പിക്കുന്ന ഇലക്ട്രിക് ഹോണുകൾ പിടികൂടാൻ ഡെസിബൽ മീറ്ററുമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ആൾക്കോമീറ്ററുമുണ്ട്. രണ്ട് രീതികളിൽ ഇവ പ്രവർത്തിപ്പിക്കാനാകും. മദ്യപിച്ചയാൾ യന്ത്രത്തിനു അടുത്തുവരുമ്പോൾതന്നെ അലാറം മുഴക്കുന്ന സംവിധാനമുണ്ട്. പരിശോധനയ്ക്കു വിധേയമാകുന്ന വ്യക്തിയുടെ ചിത്രം സഹിതം ചെക്കുറിപ്പോർട്ട് തയ്യാറാക്കാം.

തീവ്രതയേറിയ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുന്നവരെ പിടികൂടാൻ ലക്സ് മീറ്ററുകളും സ്പീഡ് ട്രേസറുകളിലുണ്ട്. വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ പകൽ സമയത്തും പരിശോധിക്കാനാകും.

സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് മൂന്നിനാണ് വാഹനം അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി, നെടുമങ്ങാട്, നെയ്യാറ്റിൻകര, കോവളം പ്രദേശങ്ങളിലാണ് രാത്രിയും പകലും പരിശോധന നടത്തുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്.രാജ്കുമാറിന്റെ നേതൃത്വത്തിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിബീഷ് ബാബു, റെനി പിയേഴ്‌സൺ, എസ്.എസ്.സജി എന്നിവരാണ് സ്ക്വാഡിലുള്ളത്.