കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഒന്നാംഘട്ടമായ കഴക്കൂട്ടം-മുക്കോല റോഡ് നിർമാണം പൂർത്തിയായി. ഉടൻ ഗതാഗതത്തിനു തുറന്നുകൊടുക്കും. 26.72 കിലോമീറ്ററാണ് ദൈർഘ്യം. മേൽപ്പാലത്തിന്റെ അവസാനവട്ട ജോലികളാണ് തീർന്നത്. പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചു. വാഹനങ്ങൾ ഉടൻ കടത്തിവിടുമെന്ന വിവരമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. രണ്ടാംഘട്ടത്തിൽ തീർക്കേണ്ടത് മുക്കോല മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ പാതയാണ്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ 72 ശതമാനം പൂർത്തിയായി. ജൂണിൽ നിർമാണം പൂർത്തീകരിക്കും.

സേലം-കന്യാകുമാരി എക്‌സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുകയാണ് പുതിയ പാതകളുടെ ലക്ഷ്യം. ഇതിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായാലും തമിഴ്‌നാട്ടിലെ റോഡുകൾ കൂടി സജ്ജമായാൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. നിലവിലുള്ള ദേശീയപാതയ്ക്കു സമാന്തരമായി ചുങ്കാൻകടയിലേക്കാണ് കാരോട് നിന്നുള്ള റോഡ് എത്തേണ്ടത്. ഈ ഭാഗത്ത് പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതുണ്ട്. ദേശീയപാതയുടെ ഭാഗമായി തോവാളവരെ പോകുന്ന റോഡ് പിന്നീട് കന്യാകുമാരിക്കും തിരുനെൽവേലിക്കുമായി രണ്ടായി പിരിയും. ഈ ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

കോവളം, പൂവാർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ബൈപ്പാസിന്റെ ഒന്നാംഘട്ടം പ്രയോജനപ്പെടുമെന്നതാണ് നേട്ടം. ചാക്ക മേൽപ്പാലം മറ്റൊരു അനുഗ്രഹമാണ്. ഇവിടത്തെ ഗതാഗതക്കുരുക്കഴിയും. പാളയത്തുനിന്നുള്ള വാഹനങ്ങൾക്ക് ചാക്ക ജങ്ഷൻ തടസ്സമില്ലാതെ കടന്നുപോകാനാകും.

അട്ടിമറി ഈഞ്ചയ്ക്കലിൽ

ബൈപ്പാസ് നിർമാണത്തിൽ അട്ടിമറി നടന്നത് ഈഞ്ചയ്ക്കൽ ജങ്ഷനിലാണ്. ചാക്കയിലെ മേൽപ്പാലംകൊണ്ട് ഗതാഗതക്കുരുക്ക് അഴിയില്ല. ഇവിടെ നിന്നെത്തുന്ന വാഹനങ്ങൾ കടന്നുപോകേണ്ട പ്രധാനപ്പെട്ട ജങ്ഷനാണ് ഈഞ്ചയ്ക്കൽ. ഇവിടേക്കു നിർദേശിച്ച അടിപ്പാതാ പദ്ധതി പ്രാദേശികമായ എതിർപ്പുകാരണം ഉപേക്ഷിക്കപ്പെട്ടു. വികസന പദ്ധതികൾക്കുവേണ്ടി മുറവിളി ഉയരുന്ന പതിവുള്ളപ്പോൾ ഈഞ്ചയ്ക്കലിൽ മറിച്ചാണ് സംഭവിച്ചത്. ദേശീയപാതയിലേക്ക് അഞ്ച് പ്രധാന റോഡുകൾ വന്നുചേരുന്ന ഈഞ്ചയ്ക്കൽ ജങ്ഷനിൽ നിലവിൽ സിഗ്നൽ സംവിധാനം മാത്രമാണുള്ളത്. ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അടിപ്പാതയ്ക്ക് ചെലവ്‌ കുറവ്

ഈഞ്ചയ്ക്കലിൽ മേൽപ്പാലം നിർമിക്കണമെന്ന പ്രാദേശികവാദം കാരണമാണ് ദേശീയപാതാ അധികൃതർ അടിപ്പാതാ പദ്ധതി നിരസിച്ചത്. കുറഞ്ഞത് 250 കോടി രൂപയെങ്കിലും വേണ്ട മേൽപ്പാലം പദ്ധതി നിലവിലെ ദേശീയപാതാ വികസനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, മേൽപ്പാലം മതിയെന്ന നിലപാടിൽ എതിർപ്പുയർന്നു. തുടർന്ന് പദ്ധതി ഉപേക്ഷിച്ചുകൊണ്ട് സിഗ്നൽ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇനിയൊരു പദ്ധതി തയ്യാറാക്കി അനുമതി ലഭിക്കുമ്പോഴേക്കും നിർമാണച്ചെലവ് ഗണ്യമായി ഉയരും. 100 കോടി രൂപയ്ക്കു താഴെ തീരേണ്ട പദ്ധതിക്ക് മൂന്നിരട്ടിയെങ്കിലും ചെലവിടേണ്ടിവരും. റോഡ് സേഫ്ടി ഓഡിറ്റ് പ്രകാരം നടത്തിയ പഠനങ്ങളുടെ ഭാഗമായിട്ടാണ് ഈഞ്ചയ്ക്കലിലും കല്ലുംമൂട്ടിലും വെഹിക്കിൾ അണ്ടർപാസുകൾ നിർദേശിച്ചത്. കല്ലുംമൂട്ടിൽ ഇത് നിർമിക്കുകയും ചെയ്തു. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതിയാണിത്.

മേൽപ്പാലം നിർമിക്കണമെങ്കിൽ തൂണുകൾക്ക് 40 മീറ്റർ താഴ്ചയിലെങ്കിലും പൈൽ ചെയ്യേണ്ടിവരും. ഉറപ്പുള്ള പാറയിൽ നിന്നുമാത്രമേ തൂണിനുള്ള അടിസ്ഥാനം കെട്ടിത്തുടങ്ങാനാകുകയുള്ളൂ. എന്നാൽ, അടിപ്പാതകൾക്ക് 5.5 മീറ്റർ ഉയരമുള്ള ബോക്‌സ് കൾവൾട്ടുകളാണ് നിർമിക്കുന്നത്. താഴേയ്ക്കു കുഴിക്കേണ്ടിവരില്ല. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടാൻ പാകത്തിൽ ബോക്‌സ് നിർമിക്കും. ഇരുവശത്തുനിന്ന്‌ ഇതിനു മുകളിലേക്ക് അപ്രോച്ച് റോഡ് നിർമിക്കും. ഇന്റർലോക്ക് ഇട്ട് അതിനുള്ളിൽ മണ്ണിട്ടാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. എന്നാൽ, മേൽപ്പാലത്തിന് ഇതിനെല്ലാം തൂണുകൾ വേണ്ടിവരും.

ബോക്‌സ് കൾവൾട്ടിലേക്കുള്ള അപ്രോച്ച് റോഡുകൾ ഇരുവശത്തെയും കാഴ്ച മറയ്ക്കുമെന്നതാണ് അടിപ്പാതയുടെ ന്യൂനത. ഗതാഗതത്തിനു തടസ്സമൊന്നും ഉണ്ടാകില്ല. ഇതിനു പകരം മേൽപ്പാലമാണെങ്കിൽ പാലത്തിനു താഴെ പാർക്കിങ് സൗകര്യം ലഭിക്കും. 250 കോടി രൂപ മുടക്കി മേൽപ്പാലം നിർമിച്ചാൽ ഏതാനും വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം മാത്രമാണ് അധികമായി കിട്ടുക.

തിരക്കേറിയ നഗരപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇത് പാർക്കിങ് കേന്ദ്രമായി മാറ്റാറുണ്ട്. മറ്റു സ്ഥലങ്ങളിൽ ഇത്തരം പാർക്കിങ് കേന്ദ്രങ്ങളുടെ പ്രയോജനം സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കാകും ലഭിക്കുക.

ലക്ഷ്യം പാർക്കിങ്

അടിപ്പാത നിലവിൽ വന്നാൽ സർവീസ് റോഡുകളിലെ പാർക്കിങ് പൂർണമായും നിരോധിക്കേണ്ടിവരും. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ഉപ റോഡുകളിലേക്ക് പ്രവേശിക്കണമെങ്കിൽ സർവീസ് റോഡുകൾ വേണ്ടിവരും. ഈഞ്ചയ്ക്കലിലെ മിക്ക സ്ഥാപനങ്ങൾക്കും ആവശ്യമായ പാർക്കിങ് സൗകര്യമില്ല. സർവീസ് റോഡുകളാണ് പാർക്കിങ്ങിനുവേണ്ടി ഉപയോഗിക്കുന്നത്. പാർക്കിങ് സൗകര്യം നഷ്ടമാകുമെന്ന ഭീതിയും അടിപ്പാതയോടുള്ള എതിർപ്പിനു കാരണമായി.

പുതിയ പാതയിൽ അപകടമൊഴിയുമോ?

നിർമാണം പൂർത്തിയായ മേഖലകളിൽ അപകടം ഒഴിവാക്കാൻ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനകവാടങ്ങൾ, ഡിവൈഡറുകൾ, യു ടേൺ കേന്ദ്രങ്ങൾ, സിഗ്നൽ പോയിന്റുകൾ എന്നിവയാണ് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിശ്ചയിട്ടുള്ളത്. 80 കിലോമീറ്ററാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത. എന്നാൽ, നിലവിൽ ഉപയോഗത്തിലുള്ള ചാക്ക-കരിക്കകം-കഴക്കൂട്ടം ഭാഗത്ത് അമിതവേഗത കാരണം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ബാരിക്കേഡുകൾവച്ചും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതി നേടേണ്ടിവരും.

Content Highlights: Kovalam- Karodu Bypass road