നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ രണ്ടാമത് അതിരുദ്രമഹായജ്ഞത്തിന് 21-ന് തുടക്കമാകും. ശിവരാത്രി ഉത്സവത്തിന് 22-ന് കൊടിയേറും. മാർച്ച് നാലിന് ആറാട്ടും ശിവരാത്രി ഉത്സവവും നടക്കും.

അതിരുദ്രയജ്ഞം നേരത്തെ വടക്കുംനാഥ ക്ഷേത്രം, മമ്മിയൂർ, പാറശ്ശാല മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിൽ മാത്രമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷം മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ആദ്യ അതിരുദ്രയജ്ഞം നടന്നിരുന്നു. ഇത് രണ്ടാമത്തെ അതിരുദ്രയജ്ഞമാണ് ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്നത്.

20-ന് 5-ന് ദിവ്യജ്യോതി പ്രയാണം നടക്കും. കാഞ്ചീപുരം, തിരുവണക്കാവ്, കാളഹസ്തി, തിരുവണ്ണാമല, ചിദംബരം എന്നിവിടങ്ങളിൽ നിന്നുള്ള ദീപപ്രയാണം മഹാബലിപുരത്ത് എത്തിക്കും. അവിടെ നിന്നും മഹേശ്വരാനന്ദസ്വാമിയുടെ നേതൃത്വത്തിൽ 108 ശിവലിംഗങ്ങളുമായി 20-ന് വൈകീട്ട് 5-ന് ഉദിയൻകുളങ്ങരയിൽ എത്തിക്കും. ഇവിടെ നിന്നും പിന്നീട് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കും.

രാത്രി ഏഴിന് അതിരുദ്രയജ്ഞ സമ്മേളനം അശ്വതിതിരുനാൾ ഗൗരിലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ അതിരുദ്രയജ്ഞം നടക്കും.

22-ന് രാവിലെ 11.30-ന് കലശാഭിഷേകത്തെ തുടർന്ന് ശിവരാത്രി ഉത്സവത്തിന് കൊടിയേറും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിൽ ഗണപതിഹോമം, ദീപാരാധന, കോടിയർച്ചന, ശിവമഹിമ പ്രഭാഷണം, കലശാഭിഷേകം, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടക്കും.

23-ന് രാത്രി 8-ന് നൃത്തവും കലാപരിപാടിയും. 24-ന് വൈകീട്ട് ആറിന് ലക്ഷദീപം, രാത്രി 8-ന് ബാലെ. 25-ന് രാത്രി 7.30-ന് പഞ്ചാരിമേളം. 26-ന് രാത്രി 8-ന് കഥകളി. 27-ന് രാത്രി 7.30-ന് ഭക്തിഗാനസുധ. 28-ന് രാത്രി 8-ന് നൃത്തം.

മാർച്ച് രണ്ടിന് വൈകീട്ട് 5-ന് തിരുവാതിര, രാത്രി 9.30-ന് പള്ളിവേട്ട. മൂന്നിന് വൈകീട്ട് 4.30-ന് ആറാട്ട്. നാലിന് രാവിലെ 6.30-ന് ആറാട്ടുകലശം, 10-ന് സഹസ്രനാമാർച്ചന, വൈകീട്ട് 6-ന് നാമജപഘോഷം, രാത്രി 8-ന് നൃത്തം.

മഹാശിവലിംഗ നിർമാണം അവസാനഘട്ടത്തിൽ

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ 111 അടി രണ്ടിഞ്ച് ഉയരമുള്ള ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ശിവലിംഗത്തിനുള്ളിലെ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. എട്ടുനിലകളുള്ളതാണ് മഹാശിവലിംഗം. ഇതിനുള്ളിലെ വിവിധ നിലകളിലായി 108 ചെറുശിവലിംഗങ്ങൾ സ്ഥാപിക്കും. എട്ടാംനില കൈലാസമെന്ന സങ്കല്പത്തിലാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.

content Highlight: chenkal maheswaram temple athi rudra yagam