സൈബർ മേഖലയിൽ ആഗോളതലത്തിൽ 3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവുണ്ടെന്നും പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യത്തെ അതിജീവിക്കാനാകുമെന്നും അമേരിക്കയിലെ സിസ്‌കോ സിസ്റ്റംസ് വൈസ് പ്രസിഡന്റും ഗ്ലോബൽ ഇന്നൊവേഷൻ ഓഫീസറുമായ ഡോ.ഗൈ ഡൈഡ്രിച്ച്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് നടത്തുന്ന രാജ്യാന്തര സമ്മേളനമായ ‘കൊകൊനെറ്റി’ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ എഴുപതുശതമാനം സൈബർ ട്രാഫിക്കും കൈകാര്യം ചെയ്യുന്നത് സിസ്‌കോയാണ്. 20 ബില്യൺ സൈബർ ആക്രമണങ്ങളെയാണ് പ്രതിദിനം ഇല്ലാതാക്കുന്നത്.

ആഗോളവും വ്യാപകവുമായ സൈബർ ആക്രമണങ്ങൾക്കെതിരേ ആഗോളതലത്തിൽ ഏകീകൃത സുരക്ഷാസമീപനം സൃഷ്ടിക്കണം നെറ്റ്‍വർക്കുകളിൽ സുരക്ഷ ഉറപ്പാക്കണം. 32 രാജ്യങ്ങളിലെ ആക്‌സിലറേഷൻ ഡിജിറ്റൽ പ്രോഗ്രാമിലൂടെ സുരക്ഷയ്ക്കും ലഭ്യതയ്ക്കുമുള്ള ആഗോള ശൃംഖല രൂപപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ വികസിച്ചുവരുന്ന വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ നൈപുണ്യ സമാഹരണത്തിലാണ് ഇന്ത്യയുടെ പങ്കെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സജി ഗോപിനാഥ്, പ്രൊഫ. രാജ് ജെയിൻ, പ്രൊഫ. രവി സന്ധു, പ്രൊഫ. സാബു എം. തമ്പി, ഡോ. എലിസബത്ത് ഷെർളി എന്നിവർ സംസാരിച്ചു.