കോവളം ആവാടുതുറ ക്ഷേത്രത്തിനു സമീപമുള്ള വയ്ക്കോൽ കുളം പായൽ കയറി നശിക്കുന്നു. കുളത്തിന്റെ സ്വാഭാവികത മാറിയതോടെ പലപ്പോഴും മീനുകൾ ചത്തുപൊങ്ങുന്നതും പതിവായി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുളമാണ് ശുചീകരിക്കാത്തതിനെ തുടർന്ന് നശിക്കുന്നത്. വേനൽക്കാലത്തുൾപ്പെടെ നാട്ടുകാർ കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കുളമാണ് ഉപയോഗശൂന്യമാകുന്നത്. പായൽ വളർന്നതോടെ വെള്ളത്തിന്റെ നിറംമാറി. ചെളിയും അഴുക്കും കൂടിയതോടെ ദുർഗന്ധവും വ്യാപിച്ചു തുടങ്ങി. വീടുകളിലെ പൈപ്പുകളിൽ വെള്ളംകിട്ടാത്ത സമയത്ത് പ്രദേശവാസികൾ ഇപ്പോഴും ഈ കുളത്തെ ആശ്രയിക്കാറുണ്ട്. കടൽത്തീരത്തിനടുത്തുള്ള ഈ ജലസ്രോതസ്സിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളത്തിന്റെ ഒരുവശം വെങ്ങാനൂർ പഞ്ചായത്തിന്റെയും മറുഭാഗം നഗരസഭയുടെ പരിധിയിലുമാണ്. ഇക്കാരണത്താൻ കുളത്തിന്റെ ശുചീകരണവും നവീകരണവും നീളുകയാണ്. കുളം വൃത്തിയാക്കി നീന്തൽ പരിശീലിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.