ഭൂമിയെ ഇക്കാണുംവിധമെങ്കിലും സംരക്ഷിച്ച് നിലനിർത്തണമെങ്കിൽ നമ്മൾ സ്വയം മുന്നിട്ടിറങ്ങണം. അത്രത്തോളം നാം ഭൂമിയെ വേദനിപ്പിച്ചുകഴിഞ്ഞു. സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞപ്പോൾ പ്രകൃതി പ്രതികരിച്ചു തുടങ്ങിയതിന്റെ സൂചനയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം. ഓരോ നാടിനും തനതായ പ്രാദേശിക വനങ്ങളുണ്ടാകും. അതുകണ്ടെത്തി വളർത്തുകയാണ് ഏക പോംവഴിയെന്നും പറയുന്നു മിയാവാക്കി വനങ്ങൾ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനിയായ എം.ആർ.ഹരി.

പ്രശസ്ത ജപ്പാൻ സസ്യശാസ്ത്രജ്ഞനും മിയാവാക്കി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ അകിര മിയാവാക്കിയെ അവിടെയെത്തി സന്ദർശിക്കുകയും ചെയ്തു തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ കൂടിയായ എം.ആർ.ഹരി.

സ്വപ്നസാഫല്യം...

അകിര മിയാവാക്കിയെ നേരിൽക്കാണണമെന്നത് സ്വപ്നമായിരുന്നു. വീൽച്ചെയറിൽ കഴിയുന്ന 92-കാരനായ മിയാവാക്കിയെ കാണാൻ സാധിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും ജപ്പാനിലേക്കു പോകാൻതന്നെ തീരുമാനിച്ചു. ഭാഗ്യംകൊണ്ട് അദ്ദേഹത്തെ കാണാനും കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ സംസാരിക്കാനും സാധിച്ചു. യോകോഹാമയിൽ അദ്ദേഹം നട്ടുപിടിപ്പിച്ച കാട് കാണാനും സാധിച്ചു -ഹരി പറയുന്നു.

ചെറുവനങ്ങൾക്കു സ്വന്തം പരിസ്ഥിതി

കാട്ടിൽപ്പോയി പഴവർഗച്ചെടികൾ നട്ടുപിടിപ്പിക്കരുത്. നാടിന്റെ പ്രത്യേകത തിരിച്ചറിഞ്ഞുള്ള മരങ്ങൾ മാത്രമേ നട്ടുപിടിപ്പിക്കാവൂ. അതേ ഗുണം ചെയ്യൂവെന്നും അകിര മിയാവാക്കി ഓർമിപ്പിച്ചു. ചെറുവനങ്ങൾ അവരുടേതായ രീതിയിൽ പരിസ്ഥിതിയെ മാറ്റിയെടുക്കും. അവിടെ ചിത്രശലഭങ്ങൾ, പക്ഷികൾ, മറ്റ് ജീവജാലങ്ങൾ എന്നിവ കൂട്ടത്തോട്ടെ വരികയും ചെയ്യും.

കേരളത്തിനായൊരു ഉപദേശം

കേരള സർക്കാരും ജനങ്ങളും ധാരാളം ചെറുവനങ്ങൾ നട്ടുപിടിപ്പിക്കണം. ഇതിനായി ശാസ്ത്രീയ പരിശീലനവും നൽകണം. വേണമെങ്കിൽ സാങ്കേതികസഹായം നൽകാൻ തയ്യാറാണെന്നും അകിര അറിയിച്ചതായി ഹരി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ കൂടുതൽ തദ്ദേശിയവനങ്ങൾ സൃഷ്ടിച്ചെടുക്കുക മാത്രമേ വഴിയുള്ളൂവെന്നും പറയുന്നു കഴിഞ്ഞ അൻപതുവർഷത്തിനിടെ നാലുകോടിയിലേറെ വനങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള അകിര മിയാവാകി.

വ്യാപകമാക്കണം

നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷന്റെ സഹായത്തോടെ കേരളത്തിൽ ചെറുവനങ്ങൾ വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹരി പറയുന്നു. സർക്കാർ ഭൂമിയിലും സ്വകാര്യമേഖലയിലും ഇത്തരം വനങ്ങൾ നട്ടുപിടിപ്പിക്കണം. അതിനായി പരിശീലനവും സംഘടിപ്പിക്കും. ഇതൊരു ബഹുജനമുന്നേറ്റമായി മാറ്റിയെടുക്കണം. പുളിയറക്കോണം, കനകക്കുന്ന്, മലയിൻകീഴ്, പേയാട്, മൂന്നാർ, തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിലായി 15 ചെറു വനങ്ങൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. തൃശ്ശൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വനംവകുപ്പ് നൽകിയിട്ടുള്ള സ്ഥലങ്ങളിലും ഉടൻതന്നെ മരങ്ങൾ നടും.

മിയാവാക്കി-പത്തുവർഷംകൊണ്ട് 100 വർഷത്തെ കാട്

ഇടതിങ്ങിയ തനതു പ്രാദേശിക വനം ഒരുക്കാൻ ജപ്പാനിൽനിന്നുള്ള സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി രൂപപ്പെടുത്തിയതാണ് മിയാവാക്കി സമ്പ്രദായം. സാധാരണരീതിയിൽ വളരുന്ന മരങ്ങൾ, മിയാവാക്കി രീതിയിലൂടെ അതിവേഗം വളർന്ന് വലുതാകും. മൂന്നുവർഷംകൊണ്ട് മരങ്ങൾക്ക് 30 അടി ഉയരമെങ്കിലും വയ്ക്കും. 100 വർഷം പഴക്കമുള്ള കാടിന്റെ രൂപംകിട്ടാൻ പത്തുവർഷം മതി.

മണ്ണും ഉമിയും ചാണകപ്പൊടിയും ചകിരിച്ചോറും തുല്യ അനുപാതത്തിലുള്ള മിശ്രിതത്തിലാണ് ചെടി നനക്കേണ്ടത്. ചതുരശ്ര മീറ്ററിൽ നാലു തൈകൾ, ഒരു സെന്റിൽ ഏകദേശം 162 ചെടി, സൂര്യപ്രകാശത്തിനായി പരസ്പരം മത്സരിച്ച് ചെടികൾ ഉയരം വെക്കുമെന്നാണ് മിയാവാക്കി സിദ്ധാന്തം. രാജ്യത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലായി ഒട്ടേറെ മിയാവാക്കി കാടുകളുണ്ട്.