ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ പുതുതലമുറയെ വിളിച്ചറിയിക്കുകയാണ് മ്യൂസിയങ്ങൾ. പൈതൃകങ്ങളുടെയും ചരിത്രങ്ങളുടെയും സംരക്ഷണത്തിന് മ്യൂസിയങ്ങൾക്കുള്ള പങ്ക് ഓർമ്മപ്പെടുത്താൻ ലോകമെമ്പാടും മേയ് 18-ന് മ്യൂസിയം ദിനമായി ആഘോഷിക്കുന്നു.

നാടിന്റെയും സംസ്‌കാരത്തിന്റെ പൈതൃകവും ചരിത്രവും വരുംതലമുറയെ വിളിച്ചറിയിക്കുന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾകൂടിയാണ് മ്യൂസിയങ്ങൾ. നിരക്ഷരർക്കുപോലും മറ്റൊരാളുടെ സഹായമില്ലാതെ സംസ്‌കാരത്തെയും പൈതൃകത്തെയും അറിയാൻ കഴിയുന്നതിനാൽ മ്യൂസിയങ്ങൾക്ക് പ്രധാന്യം ഏറിവരികയാണ്.

ലോകത്തെമ്പാടുമുള്ള മ്യൂസിയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അന്താരാഷ്ട്ര മ്യൂസിയം സംഘടനയായ ഐകോമിന്റെ ആഭിമുഖ്യത്തിൽ 1977 മുതലാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു തുടങ്ങിയത്. ഓരോ വർഷത്തെ ആഘോഷ പരിപാടിക്കും ഒരു മുദ്രാവാക്യം തിരഞ്ഞെടുക്കുന്നു. ‘മ്യൂസിയങ്ങൾ സംസ്‌കാരത്തിന്റെ ഉറവിടം; പാരമ്പര്യ ശേഷിപ്പുകളുടെ ഭാവി’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 1976-ൽ ഐകോമാണ് മ്യൂസിയങ്ങൾക്ക് ഒരു ശാസ്ത്രീയമായി നിർവചനം നൽകിയത്.

മ്യൂസിയം ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ നേപ്പിയർ മ്യൂസിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക പ്രദർശനവും കുട്ടികൾക്കായി ഏകദിന ശില്പശാലയും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന പ്രദർശനത്തിൽ അപൂർവ ലോഹവിളക്കുകൾ, സാംസ്‌കാരിക സമ്പത്ത് വിളിച്ചോതുന്ന ശേഷിപ്പുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 10.30-ന് സാംസ്‌കാരിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത ഉദ്ഘാടനം ചെയ്യും.

ചരിത്രം, കല, ശാസ്ത്രം; അനന്തപുരിയിൽ എല്ലാമുണ്ട്

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കണ്ടിരിക്കേണ്ട ചെറുതും വലുതുമായ മ്യൂസിയങ്ങളാൽ സമ്പുഷ്ടമാണ് അനന്തപുരി.

നേപ്പിയർ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ശ്രീചിത്ര ആർട്ട് ഗാലറി, ശ്രീചിത്ര എൻക്ലേവ്, കേരള മ്യൂസിയം, വള്ളക്കടവ് ജൈവ-വൈവിധ്യ മ്യൂസിയം, പാറോട്ടുകോണം സോയിൽ മ്യൂസിയം, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം, തൈക്കാട് ഡോൾ മ്യൂസിയം, കുതിരമാളിക മ്യൂസിയം, ചിത്രാലയം മ്യൂസിയം, ചർക്ക മ്യൂസിയം, കോട്ടയ്ക്കകം ഉത്രാടം തിരുനാൾ മ്യൂസിയം, കൈയൊപ്പ് രേഖാലയ മ്യൂസിയം തുടങ്ങിയ നിരവധി മ്യൂസിയങ്ങൾ നഗരത്തിലുണ്ട്. വിവിധ വകുപ്പുകൾക്കും സംഘടനകൾക്കുമാണ് ഇവയുടെ നടത്തിപ്പ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ സന്ദർശിക്കുന്നത്.

നേപ്പിയർ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന മ്യൂസിയങ്ങളിൽ ഒന്നാണ് അനന്തപുരിയുടെ അഭിമാനമായ നേപ്പിയർ മ്യൂസിയം. 1880-ൽ ആയില്യം തിരുനാളിന്റെ കാലത്താണ് നേപ്പിയർ മ്യൂസിയം സ്ഥാപിച്ചത്. ബ്രിട്ടീഷ് വാസ്തുശില്പി റോബാർട്ട് ചിഷോമാണ് കെട്ടിടം രൂപകല്പന ചെയ്തത്. മദ്രാസ് ഗവർണർ ലോർഡ് നേപ്പിയറിന്റെ ബഹുമാനാർഥമാണ് ഈ പേര് നൽകിയത്. പഞ്ചലോഹങ്ങളിൽ നിർമിച്ച 377 പുരാവസ്തുക്കൾ, 42 ദാരുശില്പങ്ങൾ, 35 ശിലാശില്പങ്ങൾ, അയ്യായിരത്തോളം നാണയങ്ങൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്.

ശ്രീചിത്ര ആർട്ട് ഗാലറി

നേപ്പിയർ മ്യൂസിയത്തിനുസമീപം സ്ഥിതിചെയ്യുന്ന ശ്രീചിത്ര ആർട്ട് ഗാലറി 1935-ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിതമായത്. വിഖ്യാതചിത്രകാരൻ രാജാരവിവർമയുടെയും റോറിച്ചുമാരുടെയും ലോകപ്രശസ്തമായ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. രജപുത്ര, രാജസ്ഥാൻ, മുഗൾ ശൈലിയിലുള്ള ചിത്രങ്ങളും ബാലിൻസ്, തഞ്ചാവൂർ ചിത്രങ്ങളും ചൈനീസ്, ജാപ്പനീസ്, ടിബറ്റൻ കലാരൂപങ്ങളും പ്രദർശനത്തിനുണ്ട്.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം

മ്യൂസിയത്തിന്റെ 100-ാം വർഷികത്തിന്റെ സ്മാരകമായി 1964-ലാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സ്ഥാപിതമായത്. ജന്തുശാസ്ത്രപരമായ പ്രദർശനവസ്തുക്കളാൽ സമ്പന്നമാണിവിടെ. ലോത്തിലെ അപൂർവ ജീവികളുടെ രൂപങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ ജീവികളുടെ പ്രത്യേകതകളും ആവാസവ്യവസ്ഥയും സജ്ജീകരിച്ചിട്ടുണ്ട്.

ശ്രീചിത്ര എൻക്ലേവ്

തിരുവിതാംകൂറിന്റെയും വേണാടിന്റെയും ചരിത്രം പറയുന്ന ശ്രീചിത്ര എൻക്ലേവ് 1993-ലാണ് സ്ഥാപിതമായത്. വേണാടിലും തിരുവിതാംകൂറിലും നടന്ന പ്രധാനസംഭവങ്ങളും ഇവിടത്തെ ചുമരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വാതി തിരുനാൾ മുതൽ ചിത്തിരതിരുനാൾവരെയുള്ളവർ ഉപയോഗിച്ചിരുന്ന സുവർണരഥവും ഇവിടെയുണ്ട്.

പറോട്ടുകോണം സോയിൽ മ്യൂസിയം

സംസ്ഥാന മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പിന്റെ കീഴിലാണ് പറോട്ടുകോണത്തെ സോയിൽ മ്യൂസിയം. കേരളത്തിന്റെ പ്രധാന മണ്ണിനങ്ങൾ, മാതൃകകൾ, മണ്ണുകളുടെ ശേഖരം, ഭൂപടങ്ങൾ, സോയിൽ ഇൻഫർമേഷൻ സെന്റർ, മിനി തിയേറ്റർ എന്നിവ ഉൾപ്പെടെ മണ്ണിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് സോയിൽ മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. നവീകരണ പ്രവർത്തനങ്ങൾക്കുശേഷം 2018-ലാണ് മ്യൂസിയം തുറന്നത്.

വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയം

ഭൂമിയിലെ സസ്യ-ജന്തുവർഗങ്ങളെക്കുറിച്ച് അറിയാൻ ഉതകുന്ന രീതിയിലാണ് വള്ളക്കടവിലെ ജൈവ-വൈവിധ്യ മ്യൂസിയം ഒരുക്കിയിട്ടുള്ളത്. വിവിധ ആവാസവ്യവസ്ഥകൾ, വംശനാശം സംഭവിച്ചതും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങളെയും ജന്തുക്കളെയും കുറിച്ചുള്ള വിവരങ്ങളുണ്ട്.

കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ നൂതന അറിവുകൾ ലഭിക്കുന്ന ‘സയൻസ് ഓൺ സ്ഫിയർ’ ആണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. ജൈവവൈവിധ്യത്തിന്റെ സംരക്ഷണ പ്രാധാന്യത്തെ കുറിച്ച് വീക്ഷിക്കാൻ അനുയോജ്യമായ ത്രിമാന തീയേറ്ററും ക്രമീകരിച്ചിട്ടുണ്ട്.

സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം

ശാസ്ത്ര സാങ്കേതിക വിദ്യാർഥികൾക്കിടയിൽ ഏറ്റവും വലിയ ആകർഷണമാണ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം. കുട്ടികൾക്കിടയിൽ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് അറിവുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിരവധി സാങ്കേതിക ഉപകരണങ്ങളും ഇന്ററാക്ടീവ് മോഡലുകളും പ്രദർശനത്തിനുണ്ട്. ബഹിരാകാശത്തെക്കുറിച്ച് അറിവു പകർന്ന് നൽകുന്ന പ്ലാനിറ്റോറിയമാണ് പ്രധാന ആകർഷണം.