വോട്ടെടുപ്പിന്റെ ആവേശം അതിന്റെ പാരമ്യത്തിലെത്തിയത് തീരദേശത്തായിരുന്നു. ബീമാപള്ളി, വലിയതുറ, പൂന്തുറ, ചെറിയതുറ, വേളി പ്രദേശങ്ങളിലെല്ലാം ഉത്സവാഘോഷത്തിന്റെ പകിട്ടായിരുന്നു. രാവിലെ മുതൽ തന്നെ പോളിങ് കേന്ദ്രങ്ങൾക്ക് സമീപം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്കും വാഹനങ്ങളും കാരണം റോഡുകളിൽ ഗതാഗതക്കുരുക്കായി.

വോട്ടു ചെയ്യാനും വൻ തിരക്കായിരുന്നു. എല്ലാ ബൂത്തുകളിലും സ്ത്രീകളുടേയും പുരുഷൻമാരുടേയും നീണ്ട നിരകളായിരുന്നു. ഓരോ മണിക്കൂർ കഴിയുംതോറും ഇത് കൂടിക്കൂടി വന്നു. ഉച്ചയ്ക്കും ഈ തിരക്കിന് ഒരു കുറവും ഉണ്ടായില്ല. പ്രായഭേദമന്യേ നൂറുകണക്കിന് പേരാണ് നീണ്ട നിരകളിൽ അണിചേർന്നത്.

പൂന്തുറ സെന്റ് ഫിലോമിനാസ്, സെന്റ് തോമസ് സ്‌കൂളുകൾ, ബീമാപള്ളി ഗവ. എൽ.പി.എസ്. എന്നിവിടങ്ങളിലെ ബൂത്തുകളിൽ ഈ തിരക്ക് കാണാമായിരുന്നു. വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കുമ്പോഴും ഇതുപോലെ തന്നെ അകത്ത് വോട്ട് ചെയ്യാൻ സ്ത്രീകളടക്കം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആറിന് ശേഷം വോട്ട് ചെയ്യാനെത്തിവരെ അകത്തു കടത്തിവിട്ടില്ല. ഇത് ബീമാപള്ളി സ്‌കൂളിന് മുന്നിൽ അൽപ്പനേരം തർക്കമുണ്ടാക്കി. സ്ത്രീകളടക്കമുള്ളവരുടെ വോട്ടുകൾ കള്ളവോട്ടു ചെയ്തു എന്നും പരാതിയുണ്ട്. വോട്ടിങ് അവസാനിച്ചിട്ടും ബൂത്തുകൾക്ക് മുന്നിൽ പ്രവർത്തകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.